മുംബൈയിലെ ഹാജി അലി ദർഗ സന്ദർശിച്ച് അക്ഷയ് കുമാര്‍; നവീകരണത്തിന് 1.21 കോടി രൂപ നൽകി

(www.kl14onlinenews.com)
(08-August -2024)

മുംബൈയിലെ ഹാജി അലി ദർഗ സന്ദർശിച്ച് അക്ഷയ് കുമാര്‍; നവീകരണത്തിന് 1.21 കോടി രൂപ നൽകി
മുംബൈ :
ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ് കുമാർ മുംബൈയിലെ ഹാജി അലി ദർഗ സന്ദർശിച്ചു. ദർഗയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി അദ്ദേഹം 1.21 കോടി രൂപ നൽകി. തന്റെ പുതിയ ചിത്രമായ ഖേൽ ഖേൽ മേൻ ഈ മാസം റിലീസിനൊരുങ്ങവെയാണ് താരത്തിന്റെ സന്ദർശനം.

ദർഗയുടെ ഒരുഭാഗം നവീകരിക്കുന്നതിനുള്ള ഉത്തരവാദിത്തം അക്ഷയ് കുമാർ ഏറ്റെടുത്തതായും അദ്ദേഹം ദർഗയിലേക്ക് ചാദർ വാഗ്ദാനം ചെയ്തതായും ഹാജി അലി ട്രസ്റ്റിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുഹമ്മദ് അഹമ്മദ് താഹർ അറിയിച്ചു. തലയിൽ വെള്ള തൂവാലധരിച്ച് നഗ്നപാദനായി ദർഗയിൽ പ്രാർഥിക്കുന്ന അക്ഷയ് കുമാറിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചു.

അടുത്തിടെ മുംബൈയിലെ സ്വന്തം വീട്ടിൽ വഴിയാത്രികർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന അക്ഷയ് കുമാറിന്റെ വിഡിയോയും പുറത്തുവന്നിരുന്നു. ജനശ്രദ്ധ പിടിച്ചുപറ്റാതിരിക്കാൻ മാസ്‌ക് ധരിച്ചാണ് താരം ഭക്ഷണം വിതരണം ചെയ്തത്. അതേസമയം അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ഖേൽ ഖേൽ മേൻ ഈ മാസം 15 നാണ് റിലീസ് ആവുന്നത്. തപ്‌സി പന്നു, വാണി കപൂർ, അമ്മി വിർക്ക്, ഫർദീൻ ഖാൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുദാസർ അസീസ് ആണ്‌.

2016-ൽ റിലീസ് ചെയ്യപ്പെട്ട ഇറ്റാലിയൻ ചിത്രം 'പെർഫെക്റ്റ് സ്ട്രേഞ്ചേഴ്സി'ന്റെ റീമേക്ക് ആണ് 'ഖേൽ ഖേൽ മേം'. താരത്തിന്റെ തുടർപരാജയങ്ങളിൽ ആശ്വാസമാകും ഈ ചിത്രം എന്നാണ് പ്രതീക്ഷിക്കുന്നത്. ബോളിവുഡിൽ ഏറ്റവുമധികം 200 കോടി ക്ലബ്ബ് ചിത്രങ്ങളുള്ള നായകനായിരുന്നു അക്ഷയ് കുമാർ. എന്നാൽ സമീപകാലത്തിറങ്ങിയ ഒട്ടുമിക്ക അക്ഷയ് കുമാർ ചിത്രങ്ങളും വൻപരാജയമായിരുന്നു. ബച്ചൻ പാണ്ഡെ, സാമ്രാട്ട് പൃഥ്രിരാജ്, രാം സേതു, സെൽഫി, ബഡേ മിയാൻ ഛോട്ടേ മിയാൻ തുടങ്ങിയ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു. അമിത് റായ് സംവിധാനം ചെയ്ത ഓ മൈ ഗോഡ് എന്ന ചിത്രം മാത്രം മികച്ച അഭിപ്രായം നേടുകയും ബോക്സ് ഓഫീസിൽ വിജയമാവുകയും ചെയ്തു.

ഏറ്റവുമൊടുവിൽ തിയേറ്ററുകളിലെത്തിയ അക്ഷയ് ചിത്രം ചിത്രം 'സർഫിറാ' ആയിരുന്നു. സൂര്യയെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്ത 'സൂരറൈ പ്രോട്രി'ന്റെ ഹിന്ദി റീമേക്കായിരുന്നു ഈ ചിത്രം. എയർ ഡെക്കാൺ എന്ന ആഭ്യന്തര വിമാന സർവീസിന്റെ സ്ഥാപകൻ ജി.ആർ. ഗോപിനാഥിന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയായിരുന്നു ഇത്. ജി.ആർ. ഗോപിനാഥ് എഴുതിയ സിംപ്ലി ഫ്ളൈ - എ ഡെക്കാൺ ഒഡീസി എന്ന പുസ്തകത്തെ ആധാരമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്. സുധ കൊങ്കര തന്നെയാണ് ഹിന്ദി റീമേക്ക് സംവിധാനം ചെയ്തത്. ജൂലൈ 12-ന് റിലീസ് ചെയ്ത ചിത്രം എന്നാൽ ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു. റിലീസ് ദിനത്തിൽ ഇന്ത്യയിൽനിന്ന് വെറും 2 കോടി 40 ലക്ഷമാണ് ചിത്രം നേടിയത്. അക്ഷയ് കുമാറിന്റെ 15 വർഷത്തെ കരിയറിലെ ഏറ്റവും മോശം ഓപ്പണിങ് ആയിരുന്നു. പ്രീബുക്കിങിലും സിനിമ പിന്നോട്ട് പോയി. കോവിഡ് കാലത്ത് ഒടിടിയിൽ റിലീസ് ചെയ്ത ചിത്രമാണ് 'സൂരറൈ പോട്ര്.' ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ചിത്രം ഗംഭീര ഹിറ്റായി മാറി. അതുകൊണ്ടായിരിക്കാം സർഫിറാ പരാജയപ്പെട്ടത്.

സിനിമകൾ പരാജയപ്പെടുന്നതിന്റെ പേരിൽ താൻ കേൾക്കേണ്ടി വരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി അക്ഷയ് രംഗത്ത് വരികയും ചെയ്തു. ചില സിനിമകൾ നന്നായില്ലെന്ന് കരുതി തന്നെ എഴുതിത്തള്ളാൻ ശ്രമിക്കുന്നത് അസംബന്ധമാണെന്നാണ് താരം പറഞ്ഞത്. മറ്റുള്ളവരുടെ അഭിപ്രായങ്ങളിൽ തനിക്ക് വലിയ വിഷമം ഇല്ലെന്നും. മൂന്ന് പതിറ്റാണ്ട് നീണ്ട കരിയറിൽ ചെയ്തതുപോലെയുള്ള കഠിനാധ്വാനം തുടരുമെന്നും താരം പറഞ്ഞു. 'ഖേൽ ഖേൽ മേയുടെ' ട്രെയിലർ ലോഞ്ചിൽ മാധ്യമങ്ങളോട് പറഞ്ഞു

Post a Comment

Previous Post Next Post