(www.kl14onlinenews.com)
(01-July-2024)
മഴയും ചുഴലിക്കാറ്റ് മുന്നറിയിപ്പും; ബാര്‍ബഡോസില്‍ കുടുങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീം, ബിസിസിഐ ചാർട്ടേർഡ് വിമാനം അയക്കും
ബാര്‍ബഡോസ് :
ചുഴലിക്കാറ്റ് മുന്നറിയിപ്പും കനത്ത മഴയും കാരണം ബാർബഡോസ് വിമാനത്താവളം അടച്ചതോടെ ടി20 ലോകകപ്പിൽ കിരീടം ചൂടിയ ഇന്ത്യന്‍ ടീമിന്റെ നാട്ടിലേക്കുള്ള മടക്കയാത്ര വൈകുന്നു. ബാർബഡോസിൽ നിന്ന് തിങ്കളാഴ്ച രാവിലെ 11 മണിയോടെ ന്യൂയോര്‍ക്കിലേക്ക് വിമാനം കയറി അവിടെ നിന്ന് ദുബൈ വഴി ഇന്ത്യയിലേക്ക് തിരിക്കാനായിരുന്നു തീരുമാനം.
എന്നാൽ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം വിമാനത്താവളം അടച്ചതോടെ യാത്ര റദ്ദാക്കേണ്ടി വന്നു. നിലവിൽ ടീം ഇന്ത്യ ബാർബഡോസിലെ ഹിൽട്ടണ്‍ ഹോട്ടലിൽ തങ്ങുകയാണ്. ചൊവ്വാഴ്ച്ചയോ ബുധനാഴ്ചയോ മാത്രമേ ടീമിന് പുറപ്പെടാനാവൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവിൽ കരീബിയന്‍ ദ്വീപുകള്‍ക്ക് സമീപമുള്ള അതിശക്തമായ ബെറില്‍ ചുഴലിക്കാറ്റ് തിങ്കളാഴ്ച പുലര്‍ച്ചെയോടെ ബാര്‍ബഡോസ് തീരം തൊടുമെന്നും വരും ദിവസങ്ങളിൽ ശക്തി പ്രാപിക്കുമെന്നുമാണ് മുന്നറിയിപ്പുകൾ. ഇന്നും അതിശക്തമായ മഴയാണ് ബാര്‍ബഡോസില്‍ പ്രവചിച്ചിരിക്കുന്നത്.
താരങ്ങളെ മടക്കിക്കൊണ്ടുവരാൻ ബിസിസിഐ ചാർട്ടേർഡ് വിമാനം അയക്കും. ബാർബഡോസിൽ കാറ്റഗറി 4 ബെറിൽ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. അതേസമയം ട്വന്‍റി 20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് വമ്പൻ പാരിതോഷികം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. ടീമിന് 125 കോടി രൂപയാണ് ബിസിസിഐയുടെ സമ്മാനം. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
താരങ്ങളും കുടുംബാംഗങ്ങളും പരിശീലക സംഘവും ഉൾപ്പെടെ 70ഓളം പേരാണ് ഇന്ത്യൻ സംഘത്തിലുള്ളത്. വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലും നടന്ന ഒമ്പതാമത് ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ ശനിയാഴ്ച രാത്രി രോഹിത്തിന് കീഴിലുള്ള ഇന്ത്യൻ സംഘം സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഏഴ് റൺസിന്റെ തകർപ്പൻ ജയം നേടിയിരുന്നു.
വിരാട് കോഹ്‌ലിയുടെയും അക്സർ പട്ടേലിന്റെയും ബാറ്റിങ്ങ് കരുത്തിലും ബുമ്രയടങ്ങുന്ന പേസ് നിരയുടെയും മികവിലുമാണ് ഇന്ത്യ തങ്ങളുടെ കുട്ടി ക്രിക്കറ്റിലെ രണ്ടാം ലോക കിരീടവും, ലോക ക്രിക്കറ്റിലെ നാലാം കിരീടവും നേടിയത്. കളിയുടെ അവസാന നിമിഷങ്ങളിൽ കളി കൈവിട്ടെങ്കിലും ഉജ്ജ്വല ബൗളിങ് തിരിച്ചു വരവ് ഇന്ത്യയ്ക്ക് തുണയായി.
ഐസിസി പുരുഷ ടി 20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് 125 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ജയ് ഷാ കുറിച്ചു. ടൂർണമെന്‍റിലുടനീളം ടീം അസാധാരണമായ കഴിവും നിശ്ചയദാർഢ്യവും കായികക്ഷമതയും പ്രകടിപ്പിച്ചു. എല്ലാ കളിക്കാർക്കും പരിശീലകർക്കും അഭിനന്ദനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ബെറിൽ ചുഴലിക്കാറ്റ്
2024 അറ്റ്ലാൻ്റിക് സീസണിലെ ആദ്യത്തെ ചുഴലിക്കാറ്റാണ് ബെറിൽ. ഞായറാഴ്ച രാവിലെ ബാർബഡോസിലേക്ക് തിരിയുമ്പോൾ ചുഴലിക്കാറ്റ് "വളരെ അപകടകരമായ" കാറ്റഗറി 3 കൊടുങ്കാറ്റായി മാറി. ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം പറയുന്നതനുസരിച്ച്, വരും ദിവസങ്ങളിൽ ചുഴലിക്കാറ്റ് അതിൻ്റെ പാതയിൽ വളരെയധികം നാശം വരുത്തും.
ഞായറാഴ്‌ച അവസാനമോ തിങ്കളാഴ്ച ആദ്യമോ വിൻഡ്‌വേർഡ് ദ്വീപുകളിൽ എത്തുമ്പോൾ ബെറിൽ കാറ്റഗറി 4 "അങ്ങേയറ്റം അപകടകരമായ" ചുഴലിക്കാറ്റായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ ചുഴലിക്കാറ്റ് കേന്ദ്രത്തെ ഉദ്ധരിച്ച് സിഎൻഎൻ പറഞ്ഞു.
إرسال تعليق