എക്സിറ്റ് പോൾ അല്ല, ഇതാണ് മോദി പോൾ': 295 സീറ്റുമായി അധികാരം പിടിക്കുമെന്ന് കോൺഗ്രസ്

(www.kl14onlinenews.com)
(02-JUN-2024)

'എക്സിറ്റ് പോൾ അല്ല, ഇതാണ് മോദി പോൾ': 295 സീറ്റുമായി അധികാരം പിടിക്കുമെന്ന് കോൺഗ്രസ്

ഡൽഹി: നിലവിൽ പുറത്തുവന്നിരിക്കുന്നത് എക്സിറ്റ് പോളുകളല്ല മോദി മീഡിയയുടെ പോളുകളാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൊവ്വാഴ്ച്ച തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഇന്ത്യാ മുന്നണി 295 സീറ്റുമായി അധികാരം പിടിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്നലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേഷും വിമർശിച്ചു. ബിജെപിക്ക് അനുകൂലമായി പുറത്തുവന്നിരിക്കുന്ന എക്സിറ്റ് പോളുകളെ പാടെ തള്ളുകയാണ് ഇന്ത്യാ മുന്നണി നേതാക്കൾ.

പ്രതിപക്ഷ നേതാക്കൾ എക്‌സിറ്റ് പോൾ പ്രവചനങ്ങളെ 'വ്യാജം' എന്നും 'വഞ്ചന' എന്നുമാണ് വിശേഷിപ്പിച്ചത്. തിരഞ്ഞെടുപ്പിലെ കൃത്രിമത്വത്തെ ന്യായീകരിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് പ്രവചനങ്ങളെന്ന് ജയറാം രമേഷ് പറഞ്ഞു. മാധ്യമ കമ്പനികൾക്ക് മേൽ വളരെയധികം സമ്മർദ്ദമുണ്ടെന്നും എക്സിറ്റ് പോൾ സർവ്വേ ഫലങ്ങൾ അതിനാൽ തന്നെ ഒരു കോർപ്പറേറ്റ് ഗെയിമായി മാറിയെന്നും ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റാവത്തും പ്രതികരിച്ചു.

എക്‌സിറ്റ് പോളുകൾ വ്യാജമാണെന്ന് വിശേഷിപ്പിച്ച കോൺഗ്രസ്, തെരഞ്ഞെടുപ്പിലെ കൃത്രിമത്വത്തെ ന്യായീകരിക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്നും ഇന്ത്യാ മുന്നണി പ്രവർത്തകരുടെ മനോവീര്യം കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കളിക്കുന്ന കളികുടെ ഭാഗമാണിതെന്നും പറഞ്ഞു.

ഇവ മൈൻഡ് ഗെയിമുകളാണ്, ഞാൻ തിരിച്ചുവരുന്നു, വീണ്ടും പ്രധാനമന്ത്രിയാകാൻ പോകുന്നു എന്നൊക്കെ രാജ്യത്തിന്റെ ഭരണ ഘടനയായ ബ്യൂറോക്രസിക്ക് അദ്ദേഹം ഒരു സൂചന നൽകുന്നു. എന്നാൽ വോട്ടെണ്ണലിന്റെ ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ട സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഈ സമ്മർദ്ദ തന്ത്രങ്ങളിൽ ഭയപ്പെടരുത്, ഭയപ്പെടില്ല എന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് ജയറാം രമേഷ് പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ ഉജ്ജ്വല വിജയം പ്രവചിക്കുന്നതാണ് ഇന്നലെ പുറത്തുവന്നിരിക്കുന്ന ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും. എല്ലാ പ്രധാന സർവേകളും ബിജെപിയും സഖ്യകക്ഷികളും 350 സീറ്റിലധികം നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് വോട്ട് വിഹിതവും സീറ്റും വർദ്ധിക്കുന്നതോടൊപ്പം തന്നെ തെക്കേ ഇന്ത്യയിലേക്ക് കടന്നുകയറാൻ അവർക്ക് കഴിയുമെന്നും സർവ്വേകൾ വ്യക്തമാക്കുന്നു.

അതേസമയം
എക്‌സിറ്റ് പോളില്‍ വിശ്വാസമില്ലെന്ന് ഡീന്‍ കുര്യാക്കോസ് എംപിയും പ്രതികരിച്ചു. ഇന്‍ഡ്യ സഖ്യം തന്നെ അധികാരത്തില്‍ വരും. 2004ല്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ മറികടന്നാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്. ഇടുക്കിയില്‍ യുഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ഇന്ത്യാ മുന്നണിക്ക് മുന്നേറ്റമുണ്ടാക്കാൻ സാധിക്കും. പ്രവചവനങ്ങൾക്ക് എല്ലാം അപ്പുറം രാജ്യത്തെ ജനത ഉചിതമായ തീരുമാനം എടുക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും ഷാഫി പ്രതികരിച്ചു.

ഇന്നലെ പുറത്തുവന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളുകള്‍ ഇന്‍ഡ്യ മുന്നണിക്ക് നിരാശയാണ് നല്‍കുന്നത്. മോദിക്ക് മൂന്നാമൂഴം പ്രവചിക്കുന്നതാണ് പുറത്തുവന്ന എക്സിറ്റ് പോളുകള്‍. 400 സീറ്റ് അവകാശപ്പെടുന്ന എന്‍ഡിഎക്ക് 358 സീറ്റില്‍ വരെ വിജയം എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യ മുന്നണിക്ക് 148 സീറ്റുകളും മറ്റു കക്ഷികള്‍ക്ക് 37 സീറ്റുകള്‍ വരെയും പോള്‍ ഓഫ് പോള്‍സ് പ്രവചിക്കുന്നുണ്ട്.

Post a Comment

Previous Post Next Post