ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിൽ പോലീസുകാരനെ സര്‍വീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു.

(www.kl14onlinenews.com)
(02-JUN-2024)

ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിൽ പോലീസുകാരനെ
സര്‍വീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു
മദ്യലഹരിയിൽ ആലപ്പുഴയിലെ ഹോട്ടൽ തല്ലിത്തകര്‍ത്ത്, ജീവനക്കാരെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥൻ കെഎഫ് ജോസഫിനെ സര്‍വീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവം നടന്നതിന് പിന്നാലെ ജോസഫിനെതിരെ ആലപ്പുഴ സൗത്ത് പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. ചങ്ങനാശ്ശേരി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ സിപിഒ ആയാണ് കെ എഫ് ജോസഫ് പ്രവർത്തിക്കുന്നത്.
പൊലീസുകാരൻ്റെ അതിക്രമത്തിൽ 6 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഹോട്ടലുടമ ആരോപിച്ചു. ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച മകന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്ന് ആരോപിച്ചാണ് ഇയാൾ ഹോട്ടൽ ആക്രമിച്ചത്. താൻ മദ്യപിച്ചതോടെയാണ് മനോനില തെറ്റി പെരുമാറിയതെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് സംഭവം അരങ്ങേറുന്നത്. ബൈക്കിന് മുന്നിൽ വടിവാൾ വെച്ച് ഹോട്ടലിനകത്തേക്ക് ഇടിച്ചു കയറ്റിയ പ്രതി ചില്ലുകളടക്കം ഉപകരണങ്ങൾ അടിച്ചുതകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തത്. കളര്‍കോടെ അഹലാൻ കുഴിമന്തി ഹോട്ടലിലാണ് അതിക്രമങ്ങൾ അരങ്ങേറിയത്.

ആദ്യം ഹോട്ടലിൻ്റെ ചില്ലുകൾ അടിച്ചു തകർത്തു. ഇരുചക്രവാഹനം ഹോട്ടലിലേയ്ക്ക് ഓടിച്ചു കയറ്റി. ഹോട്ടൽ ജീവനക്കാരെ ആക്രമിച്ചു. അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ജോസഫ് മദ്യലഹരിയിൽ ആയിരുന്നു. വൈദ്യ പരിശോധനയില്‍ ജോസഫ് അമിതമായി മദ്യപിച്ചിട്ടുണ്ട് എന്ന് തെളിഞ്ഞു.

പൊലീസ് സേനക്ക് തന്നെ നാണക്കേടായ വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കാനുള്ള തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ജോസഫിനെ സസ്പെന്റ് ചെയ്തത്. വധശ്രമം അടക്കം വകുപ്പുകൾ ചുമത്തിയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്.

Post a Comment

أحدث أقدم