(www.kl14onlinenews.com)
(29-JUN-2024)
ന്യൂഡൽഹി: ശക്തമായ കാറ്റിലും മഴയിലും ഡൽഹി രാജ്യാന്തര വിമാനത്താവളത്തിന്റെ മേൽക്കൂരയുടെ ഭാഗം തകർന്നു വീണ സംഭവത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. വിമാനത്താവളത്തിൽ കേന്ദ്ര വ്യോ
മയാന മന്ത്രി രാം മോഹൻ നായിഡുവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന നടത്തുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ടെർമിനൽ 1 ന്റെ അപകടം നടന്ന ഭാഗം ഏകദേശം 15 വർഷം മുമ്പ് നിർമ്മിച്ചതാണ്. ഈ വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ടെർമിനലിന്റെ പുതിയ ഭാഗമല്ലെന്നും നായിഡു പരിശോധനയ്ക്കുശേഷം പറഞ്ഞു. തകർന്നുവീണ മേൽക്കൂരയുടെ ഭാഗം 2008-09ൽ നിർമിച്ചതാണെന്നും അറ്റകുറ്റപ്പണികൾ സ്വകാര്യ കരാറുകാർക്ക് ജിഎംആർ ഏൽപ്പിച്ചിരുന്നതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
''രാജ്യത്തെ എല്ലാ ചെറുതും വലുതുമായ വിമാനത്താവളങ്ങളിൽ സമഗ്രമായ പരിശോധന നടത്താൻ സർക്കുലർ പുറപ്പെടുവിക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) നിർദേശം നൽകിയിട്ടുണ്ട്. അടുത്ത 2-5 ദിവസത്തിനുള്ളിൽ ഈ പരിശോധന പൂർത്തിയാക്കണം. റിപ്പോർട്ടുകൾ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നൽകണം,'' നായിഡുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിന് ശേഷം മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Post a Comment