നീറ്റ് വിഷയം ചർച്ചക്കെടുക്കാതെ സർക്കാർ; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, സഭയിൽ പ്രതിഷേധം

(www.kl14onlinenews.com)
(28-JUN-2024)

നീറ്റ് വിഷയം ചർച്ചക്കെടുക്കാതെ സർക്കാർ; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, സഭയിൽ പ്രതിഷേധം
ന്യൂഡൽഹി:
നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ ലോക്സഭയിൽ പ്രതിപക്ഷ ബഹളം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചർച്ചാസമയത്ത് നീറ്റ് വിഷയത്തിൽ അടിയന്തര പ്രമേയത്തിനുള്ള അനുമതി സ്പീക്കർ ഓം ബിർല നിഷേധിച്ചതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു. തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. തിങ്കളാഴ്ച രാവിലെ സഭ വീണ്ടും ചേരും.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് സഭയിൽ വിഷയം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവായശേഷം രാഹുൽ ആദ്യമായി സഭയിൽ ഉന്നയിച്ച വിഷയമാണിത്. രാജ്യത്തെ യുവാക്കളെ ബാധിക്കുന്ന വിഷയമാണിതെന്നു രാഹുൽ പറഞ്ഞു. ഇതു ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. മാധ്യമങ്ങളും ജനങ്ങളും ആ ചർച്ചയിൽ പങ്കാളികളാകണം. വിദ്യാർഥികളെ ബാധിക്കുന്ന വിഷയത്തിൽ ഇന്ത്യൻ സർക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടാണെന്ന സന്ദേശമാകണം പാർലമെന്റിൽ നിന്നുണ്ടാകേണ്ടതെന്നും രാഹുൽ പറഞ്ഞു.

എൻ.കെ. പ്രേമചന്ദ്രൻ എംപിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ലോക്‌സഭാ വെബ്സൈറ്റിൽനിന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകാനുള്ള ഓപ്ഷൻ ഒഴിവാക്കിയതിന് പിന്നാലെ സ്പീക്കറുടെ ഓഫീസിൽ നേരിട്ടെത്തി അദ്ദേഹം നോട്ടീസ് നൽകുകയായിരുന്നു.

വിദ്യാർഥികളെ ബാധിച്ച വിഷയമാണെന്നും ചർച്ച വേണമെന്നും രാഹുൽ ​ഗാന്ധി സഭയിൽ ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ ആശങ്ക ഉന്നയിക്കുന്നതിൽ സർക്കാരും പ്രതിപക്ഷവും ഒരുമിച്ചാണെന്ന സന്ദേശം പാർലമെൻ്റ് യുവാക്കൾക്ക് നൽകണമെന്നും രാഹുൽ പറഞ്ഞിരുന്നു.

യുവാക്കളുടെ പ്രശ്‌നമാണെന്നും വിഷയം മാന്യമായി ചർച്ച ചെയ്യണമെന്നും പ്രധാനമന്ത്രിയോട് രാഹുൽ അഭ്യർത്ഥിച്ചു. സർക്കാരും പ്രതിപക്ഷവും ഒരുമിച്ച് വിദ്യാർത്ഥികളെക്കുറിച്ച് സംസാരിക്കുന്നു എന്ന സന്ദേശം പാർലമെൻ്റിൽ നിന്ന് പുറത്തുപോകണമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ രാഹുൽ പറഞ്ഞു. വിഷയത്തില്‍ ചര്‍ച്ച അനുവദിച്ചില്ലെങ്കില്‍ സഭയ്ക്ക് പുറത്ത് പ്രതിഷേധിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ഇൻഡ്യ മുന്നണി യോഗത്തിൽ തീരുമാനമായിരുന്നു

Post a Comment

أحدث أقدم