ആവേശ ജയത്തിനുശേഷം ബാര്‍ബഡോസില്‍ പിച്ചിന്‍റെ രുചിയറിഞ്ഞ് ക്യാപ്റ്റൻ രോഹിത്

(www.kl14onlinenews.com)
(30-JUN-2024)

ആവേശ ജയത്തിനുശേഷം ബാര്‍ബഡോസില്‍ പിച്ചിന്‍റെ രുചിയറിഞ്ഞ് ക്യാപ്റ്റൻ രോഹിത്
ബാര്‍ബഡോസ്: ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് വീഴ്ത്തി ആവേശജയം സ്വന്തമാക്കിയശേഷം വികാരം അടക്കാനാനാവാതെ ഇന്ത്യന്‍ താരങ്ങള്‍ പലരും പൊട്ടിക്കരഞ്ഞു. ഹാര്‍ദ്ദിക് പാണ്ഡ്യയും മുഹമ്മദ് സിറാജുമെല്ലാം കണ്ണീരടക്കാന്‍ പാടുപെട്ടപ്പോള്‍ വിജയനിമിഷം ഗ്രൗണ്ടില്‍ കമിഴ്ന്നു വീണ് 11 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനമായതിന്‍റെ ആവേശത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഗ്രൗണ്ടില്‍ കൈകൊണ്ട് ആഞ്ഞടിച്ചു.

രോഹിത്തും കണ്ണീടക്കാന്‍ പാടുപെടുകയായിരുന്നു. സഹതാരങ്ങളുടെ സ്നേഹാലിംഗനത്തിനൊടുവില്‍ ഡ്രസ്സിംഗ് റൂമിലേക്ക് തിരിച്ചു നടന്ന രോഹിത് പെട്ടെന്നൊരു നിമിഷം തിര‍ിഞ്ഞ് ആവേശത്താല്‍ തുള്ളിച്ചാടുന്ന സഹതാരങ്ങളെ വിളിച്ച് എതിരാളികള്‍ക്ക് ഹസ്തദാനം നല്‍കാന്‍ ആവശ്യപ്പെട്ടു. അതിനുശേഷം ഡ്രസ്സിംഗ് റൂമിലേക്ക് കയറിപ്പോയ രോഹിത് തിരിച്ചുവന്ന് ഗ്യാലറിയെ നോക്കി കൈ കൂപ്പി നന്ദി പറഞ്ഞു. ഈ സമയം ഡ്രസ്സിംഗ് റൂമിന്‍റെ പടികള്‍ കയറി വരികയായിരുന്ന കോലിയെ ചേര്‍ത്തുപിടിച്ച് ആലിംഗനം ചെയ്തു.

പിന്നീട് ഗ്രൗണ്ടില്‍ നിന്ന് ടിവി ലൈവില്‍ സംസാരിക്കുകയായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യക്ക് അരികിലെത്തി ചേര്‍ത്ത് പിടിച്ച് കവിളില്‍ സ്നേഹ ചുംബനം നല്‍കി. അതിനുശേഷം ഹാര്‍ദ്ദിക്കിന്‍റെ കൈയില്‍ വെച്ചിരുന്ന ഇന്ത്യൻ പതാക കൈയിലെടുത്ത് വീശി. പിന്നീട് അത് ഗ്രൗണ്ടില്‍ ഉറപ്പിച്ച് നിര്‍ത്താനുള്ള ശ്രമമായി. ഇതിനുശേഷമായിരുന്നു രോഹിത് പിച്ചിലെത്തി പുല്ലെടുത്ത് രുചിച്ചു നോക്കിയത്. വിംബിള്‍ഡണില്‍ കിരീടം നേടുമ്പോഴെല്ലാം നൊവാക് ജോക്കോവിച്ച് സമാനമായി പുല്‍കോര്‍ട്ടിലെ പുല്‍നാമ്പെടുത്ത് രുചിച്ച് നോക്കുന്നത് പോലെ.

വിജയനിമിഷത്തില്‍ എന്തു ചെയ്യണമെന്ന് തനിക്കറിയില്ലായിരുന്നുവെന്നും പെട്ടെന്നുള്ള തോന്നലിലാണ് പിച്ചിലെ പുല്ലെടുത്ത് രുചിച്ച് നോക്കിയതെന്നും ശരിക്കും അസ്വാദ്യകരമായിരുന്നുവെന്നും മത്സരശേഷം രോഹിത് പറഞ്ഞു. മത്സരത്തിനൊടുവില്‍ വിജയമധുരം നല്‍കിയ പിച്ചിനെ വണങ്ങിയശേഷമാണ് രോഹിത് മടങ്ങിയത്. ഒമ്പത് റണ്‍സെടുത്ത് പുറത്തായ രോഹിത് മത്സരത്തില്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടെങ്കിലും ക്യാപ്റ്റന്‍സിയില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് ഇന്ത്യക്ക് രണ്ടാം ടി20 ലോകകപ്പ് കിരീടം സമ്മാനിച്ചത്. വിജയത്തിനൊടുവില്‍ ടി20 ക്രിക്കറ്റില്‍ നിന്ന് രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post