(www.kl14onlinenews.com)
(30-JUN-2024)
ഇന്ത്യയുടെ ടി20 ലോകകപ്പ് ജയത്തിന് ശേഷം വേഗം ടിവി ഓഫാക്കി കിടന്നുറങ്ങിയവർ ചിലപ്പോൾ ഇന്ത്യൻ ടീമിന്റെ മുഴുവൻ ആവേശ പ്രകടനവും കണ്ടു കാണില്ല. രോഹിത്തും കോഹ്ലിയും ഹാർദിക്കും ഉൾപ്പെടെയുള്ള താരങ്ങൾ ആദ്യം വൈകാരികമായി കണ്ണീരണിഞ്ഞും പിന്നീട് ഗ്രൌണ്ടിൽ മുട്ടുകുത്തിയും കിടന്നുമൊക്കെയാണ് ആഹ്ളാദം പ്രകടിപ്പിച്ചത്.
വിരമിക്കൽ പ്രഖ്യാപനത്തിന് ശേഷം പിച്ചിന് നടുവിലെ പുല്ല് പൊട്ടിച്ചെടുത്ത് നാവിൽ വയ്ക്കുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമ്മയേയും കാണാനായി. ഐസിസിയുടെ ഒഫീഷ്യൽ പേജുകളിൽ അടക്കം ഈ വീഡിയോ ഇടം പിടിച്ചിട്ടുണ്ട്.
അതേസമയം, ടി20 ലോകകപ്പ് കിരീടം ആദ്യമായി കയ്യിലെടുക്കുന്ന ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡിന്റെ ആവേശ പ്രകടനമാണ് ഇന്ത്യൻ ആരാധകരെ ഞെട്ടിച്ചത്. വളരെ സൌമ്യനായി മാത്രം കാണപ്പെടുന്ന രാഹുൽ ദ്രാവിഡിന്റെ വേറൊരു രൂപമാണ് ലോകം പിന്നീട് കണ്ടത്.
കോഹ്ലി കപ്പ് കയ്യിൽ കൊടുത്തതും ആവേശത്തോടെ ആർപ്പുവിളിക്കുന്ന ദ്രാവിഡിനെയാണ് കണ്ടത്. കപ്പുമായി വായുവിൽ ചാടി ഉയരുന്ന ദ്രാവിഡിനെ കണ്ടപ്പോൾ ഒരു കൌമാരക്കാരന്റെ ആവേശവമാണ് കാണാനായത്. കമന്റേറ്റർമാരും ദ്രാവിഡിന്റെ ഈ ആവേശ പ്രകടനത്തെ അസാധാരണമെന്ന് വിശേഷിപ്പിച്ചു.
ഒരു കളിക്കാരനെന്ന നിലയിൽ ലോകകപ്പ് നേടാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നില്ല. കളിക്കുമ്പോഴെല്ലാം ഞാൻ പരമാവധി ശ്രമിച്ചു. ഈ ആൺകുട്ടികൾ ഇത് സാധ്യമാക്കിയത് എൻ്റെ ഭാഗ്യമാണ്. രോഹിതിനും ഈ ടീമിനുമൊപ്പം പ്രവർത്തിക്കാൻ ഞാൻ ഇഷ്ടപ്പെട്ടു" രാഹുൽ ദ്രാവിഡ് പറഞ്ഞു.
Post a Comment