(www.kl14onlinenews.com)
(01-JUN-2024)
ലോക്സഭ തെരഞ്ഞെടുപ്പ്:
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടമായ ഏഴാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി. എട്ട് സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. വൈകീട്ട് അഞ്ച് മണിവരെയുള്ള കണക്കുകൾ പ്രകാരം 58.34 ശതമാനം പോളിങ് രേഖപ്പെടുത്തി.
വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളിൽ ബി.ജെ.പി, തൃണമൂൽ പ്രവർത്തകർ തമ്മിൽ പലയിടത്തും സംഘർഷമുണ്ടായി. 24 പര്‍ഗാനാസ് ജില്ലയിലെ ജയ്‌നഗര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബൂത്തിൽ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് ഒരു സംഘം അക്രമമുണ്ടാക്കി. ഇത് പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസ്- ബി.ജെ.പി ഏറ്റുമുട്ടലായി. പിന്നാലെ അക്രമികള്‍ ബൂത്തുകളിലുണ്ടായിരുന്ന വിവിപാറ്റുകളും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും സമീപത്തുണ്ടായിരുന്ന കുളത്തില്‍ എറിയുകയായിരുന്നു.
നരേന്ദ്ര മോദി മൂന്നാമൂഴം തേടുന്ന വാരാണസിയാണ് ഇന്ന് ജനവിധി തേടിയവയിൽ പ്രധാന മണ്ഡലം. ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയാണ് മുഖ്യ എതിരാളി. ലാലുപ്രസാദ് യാദവിന്റെ മകൾ മിസാ ഭാരതിയും മുൻ കേന്ദ്ര മന്ത്രി രാംകൃപാൽ യാദവും ഏറ്റുമുട്ടുന്ന പാടലീപുത്ര, ആപ് പിന്തുണയോടെ മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരി ജനവിധി തേടുന്ന ചണ്ഡിഗഢ്, മുൻ കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിന്റെ സിറ്റിങ് സീറ്റായ പട്ന സാഹിബ്, കോൺഗ്രസിന്റെ വിക്രമാദിത്യ സിങ്ങും ബി.ജെ.പിയുടെ കങ്കണ റണാവതും മത്സരിക്കുന്ന ഹിമാചൽ പ്രദേശിലെ മണ്ഡി എന്നിവയാണ് അവസാന ഘട്ടത്തിൽ ശ്രദ്ധേയമായ മറ്റു മണ്ഡലങ്ങൾ.
ഏറ്റവും കുറവ് പോളിങ് ബിഹാറിലാണ്, 48.86 ശതമാനം. 69.89 ശതമാനവുമായി പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ്.
ഛണ്ഡീഗഢ് - 62.80, ഹിമാചൽ പ്രദേശ് - 66.56, ജാർഖണ്ഡ് - 67.95, ഒഡീഷ - 62.46, പഞ്ചാബ് - 55 .20, ഉത്തർപ്രദേശ് - 54. 00 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ വോട്ടുനില.
വോട്ടെടുപ്പിനിടെ ബംഗാളിലെ സന്ദേശ്ഖാലിയിലും സൗത്ത് 24 പർഗാനസിലും സംഘർഷമുണ്ടായി. യു.പിയിൽ വോട്ടെടുപ്പ് ദിനം ബി.ജെ.പി പ്രചാരണം നടത്തിയെന്ന് സമാജ് വാദി പാർട്ടി ആരോപിച്ചു.
إرسال تعليق