(www.kl14onlinenews.com)
(01-JUN-2024)
കൊൽക്കത്ത: ലോക്‌സഭാ വോട്ടെടുപ്പിനിടെ ബംഗാളിൽ വ്യാപക അക്രമം; വിവിപാറ്റുകളും വോട്ടിങ് യന്ത്രങ്ങളും കുളത്തിലെറിഞ്ഞു അവസാന ഘട്ട വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളിൽ വ്യാപക സംഘർഷം. ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്ന വിവിധ മണ്ഡലങ്ങളിൽ പരക്കെ അക്രമം നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ജാദവ്പൂർ നിയോജക മണ്ഡലത്തിൽ പാർട്ടി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ബോംബേറ് നടന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സൗത്ത് 24 പർഗാനാസ് ജില്ലയിൽ ഒരു വിഭാഗമാളുകൾ റിസർവ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇവിഎം) വെള്ളത്തിലേക്ക് എറിഞ്ഞതായും റിപ്പോർട്ടുണ്ട്.
ജാദവ്പൂർ നിയോജക മണ്ഡലത്തിലെ ഭംഗറിൽ തൃണമൂൽ കോൺഗ്രസിന്റേയും ഇന്ത്യൻ സെക്യുലർ ഫ്രണ്ടിന്റേയും അനുഭാവികൾ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇരു പാർട്ടികളുടെയും അനുയായികൾ പരസ്പരം ബോംബെറിഞ്ഞു. പോലീസ് സ്ഥലത്തെത്തിയതോടെ ഇരുവിഭാഗവും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് വീണ്ടും സംഘർഷത്തിലേക്ക് നീങ്ങി. ഇതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശി. പ്രദേശത്ത് നിന്ന നിരവധി ബോംബുകൾ പൊലീസ് കണ്ടെടുത്തു.
സൗത്ത് 24 പർഗാനാസ് ജില്ലയിലെ കുൽത്താലിയിലെ 40, 41 ബൂത്തിൽ ഇവിഎമ്മും വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയലും (വിവിപിഎടി) വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു. എന്നാൽ, അവ റിസർവ് വോട്ടിംഗ് മെഷീനുകളാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരിച്ചു. “വോട്ടെടുപ്പ് പ്രക്രിയ തടസ്സപ്പെട്ടിട്ടില്ല, കരുതൽ വെച്ചിരുന്ന ഇവിഎമ്മാണ് വെള്ളത്തിലെറിഞ്ഞത്. വിഷയത്തിൽ പ്രിസൈഡിംഗ് ഓഫീസറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്, ”മുതിർന്ന ഇസി ഉദ്യോഗസ്ഥൻ പറഞ്ഞു.
കൊൽക്കത്ത ഉത്തർ മണ്ഡലത്തിലെ കോസിപോറിൽ ബിജെപി സ്ഥാനാർത്ഥി തപസ് റോയ് ചില പോളിംഗ് ബൂത്തുകൾ സന്ദർശിച്ചതിനെ തുടർന്ന് ടിഎംസി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ഗോ ബാക്ക് വിളികളോടെയാണ് റോയിക്കെതിര തൃണമൂൽ പ്രവർത്തകർ പ്രതിഷേധിച്ചത്.
സന്ദേശ്ഖാലിയിലെ ബെർമജൂർ പ്രദേശത്ത്, വെള്ളിയാഴ്ച രാത്രി ടിഎംസി പ്രവർത്തകരും പോലീസുകാരും ചേർന്ന് തങ്ങളുടെ പോളിംഗ് ഏജന്റുമാരെ ഭീഷണിപ്പെടുത്തിയതായി ബിജെപി ആരോപിച്ചു. അവസാന ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളെ ഭയപ്പെടുത്താനുള്ള ടിഎംസി സർക്കാരിന്റെ നീക്കത്തിൽ സന്ദേശ്ഖാലിയിലെ സ്ത്രീകൾ വീണ്ടും പ്രതിഷേധിച്ചതായി വീഡിയോ ക്ലിപ്പുകൾ പങ്കിട്ടുകൊണ്ട് പാർട്ടി പറഞ്ഞു.
അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ ഒമ്പത് സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ദം ഡം, ബരാസത്, ബസിർഹത്ത്, ജയനഗർ, മഥുരാപൂർ, ഡയമണ്ട് ഹാർബർ, ജാദവ്പൂർ, കൊൽക്കത്ത ദക്ഷിണ്, കൊൽക്കത്ത ഉത്തർ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.
إرسال تعليق