നവാഗതർക്ക് സ്വാഗതമരുളി സംസ്ഥാനത്തെ വിദ്യാലയങ്ങൾ; സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

(www.kl14onlinenews.com)
(03-JUN-2024)

നവാഗതർക്ക് സ്വാഗതമരുളി സംസ്ഥാനത്തെ വിദ്യാലയങ്ങൾ; സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: മധ്യവേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ പുതിയ അധ്യയന വർഷത്തിലേക്ക് കടന്നു. ഈ വർഷം പുതിയതായി ഒന്നാം ക്ലാസിലേക്കെത്തുന്നത് 2.44 ലക്ഷം കുട്ടികളാണ്. സംസ്ഥാനത്തെ വിദ്യാലയങ്ങളിലാകെ നവാഗതരെ സ്വീകരിക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. സംസ്ഥാനതല പ്രവേശനോത്സവം കൊച്ചി എളമക്കര ഗവൺമെന്റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നവാഗതരെ സ്വീകരിക്കാൻ പ്രത്യേക സ്വാഗത ഗാനമടക്കമുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.

അധ്യയന വർഷത്തിന്റെ ആരംഭത്തിന് മുൻപ് തന്നെ പുതിയ പാഠപുസ്തകത്തിലെ അടുക്കള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ ചിത്രം കുട്ടികൾ തന്നെ വരച്ചതാണെന്ന് പ്രവേശനോത്സവ ദിനത്തിലെ പ്രതികരണത്തിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രതികരിച്ചു. ഈ അധ്യയനവര്‍ഷം ഭിന്നശേഷി സൗഹൃദമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേ സമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഒന്നാം ക്ലാസിലേക്കെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം 2.98 ലക്ഷം കുട്ടികളാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയിരുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 53,421 പേരുടെ കുറവാണ് ഇത്തവണയുണ്ടായിരിക്കുന്നത്. ഒരു ലക്ഷത്തലധികം കുട്ടികളാണ് മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞത്.

ഇത്തവണ സംസ്ഥാനത്ത് ആകെ 39.94 ലക്ഷം വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയത്. സര്‍ക്കാര്‍ മേഖലയില്‍ പതിനൊന്ന് ലക്ഷത്തി പത്തൊമ്പതിനായിരത്തി മുന്നൂറ്റി എണ്‍പത് (11,19,380)എയ്ഡഡ് മേഖലയില്‍ ഇരുപത് ലക്ഷത്തി മുപ്പതിനായിരത്തി തൊണ്ണൂറ്റിയൊന്നും (20,30,091) അണ്‍ എയിഡഡ് മേഖലയില്‍ രണ്ട് ലക്ഷത്തി തൊണ്ണൂറ്റിയൊമ്പതിനായിരത്തി എണ്‍പത്തി രണ്ട് (2,99,082) പേരുമാണ് പ്രവേശനം നേടിയത്.

Post a Comment

Previous Post Next Post