ടിപി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം; മൂന്ന് ജയിൽ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

(www.kl14onlinenews.com)
(27-JUN-2024)

ടിപി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം; മൂന്ന് ജയിൽ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ ഉൾപ്പെടുത്തി പൊലീസ് റിപ്പോർട്ട് തേടിയ ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കം വിവാദമായിരുന്നു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് വൺ ബി.ജി. അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്.

വിഷയം പ്രതിപക്ഷം നിയമസഭയിലും ഉന്നയിച്ചു. ടി.പി കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം നിയമസഭയിൽ ശക്തമായ പ്രതിഷേധ പ്രകടനം നടത്തി. ഉപക്ഷേപം അവതരിപ്പിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എം.ബി രാജേഷ് മറുപടി നൽകി.

പ്രതിപക്ഷം സഭയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കുടിലനീക്കം നടത്തുന്നുവെന്ന് എം.ബി രാജേഷ് വിമർശിച്ചു. ഉപക്ഷേപത്തെ അടിയന്തര പ്രമേയമാക്കി മാറ്റാൻ പ്രതിപക്ഷ നേതാവ് ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിഷയം പരിശോധിക്കുമെന്നും അദ്ദേഹം സഭയെ അറിയിച്ചു.

അതേസമയം, മന്ത്രി എം.ബി രാജേഷ് ഉപക്ഷേപത്തെ ബൈപ്പാസ് ചെയ്തുവെന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കറുടെ ഡയസിന് മുമ്പിൽ പ്ലക്കാർഡുകളുമായി പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു.

Post a Comment

أحدث أقدم