യുഎഇ വിസിറ്റിംഗ് വിസയിലെത്തുന്നവർ അതേ എയർലൈനിൽ തന്നെ റിട്ടേൺ ടിക്കറ്റും ബുക്ക് ചെയ്തിരിക്കണം

(www.kl14onlinenews.com)
(01-JUN-2024)

യുഎഇ വിസിറ്റിംഗ് വിസയിലെത്തുന്നവർ അതേ എയർലൈനിൽ തന്നെ റിട്ടേൺ ടിക്കറ്റും ബുക്ക് ചെയ്തിരിക്കണം
ദുബായ് :
വിസിറ്റിംഗ് വിസയിൽ എത്തുന്ന ഇന്ത്യൻ പൗരന്മാർ അതേ എയർലൈനിൽ തന്നെ റിട്ടേൺ ടിക്കറ്റും മുൻകൂറായി ബുക്ക് ചെയ്തിരിക്കണമെന്ന് യുഎഇ. ദുബായിലെയും അബുദാബിയിലെയും വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ പരിശോധനകൾ കർശനമാക്കിയതിന് പിന്നാലെയാണ് പുതിയ നിർദ്ദേശം. ടൂറിസ്റ്റ് വിസയിൽ എത്തുന്ന ആളുകൾക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ പണമില്ലാതെ വരികയും സർക്കാർ ചെലവിൽ തിരിച്ചയക്കുകയും ചെയ്യേണ്ടി വരുന്ന സാഹചര്യത്തിലാണ് പരിശോധനകൾ കർശനമാക്കിയത്.

യുഎഇയിലേക്കും തിരിച്ചും രണ്ട് എയർലൈനുകളിൽ ടിക്കറ്റ് ബുക്ക്‌ ചെയ്ത പലർക്കും യുഎഇയിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എല്ലാവർക്കും സുഗമമായ യാത്ര ഒരുക്കുകയാണ് പുതിയ നിർദ്ദേശത്തിന്റെ ഉദ്ദേശമെന്ന് അധികൃതർ അറിയിച്ചു. ഒമാൻ എയർലൈൻസ് വൺവേ ടിക്കറ്റുകൾ ബുക്ക്‌ ചെയ്യാൻ അനുവദിക്കുന്നില്ലെന്നും മറ്റ് എയർലൈനുകൾ ബുക്കിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും മുസാഫിർ സർവീസസിന്റെ ഓപ്പറേഷൻ മാനേജർ മുഹമ്മദ്‌ ഒമർ അലി പറഞ്ഞു.

ദുബായിലേക്ക് വിസിറ്റിംഗ് വിസയിൽ എത്തുന്നവർ 3,000 ദിർഹം പണമായോ, ക്രെഡിറ്റ് കാർഡായോ കയ്യിൽ കരുതണം കൂടാതെ സാധുതയുള്ള റിട്ടേൺ ടിക്കറ്റും താമസ സൗകര്യത്തിനുള്ള രേഖകളും കൈവശം വയ്ക്കണം. കുറഞ്ഞത് ആറ് മാസത്തെ സാധുതയുള്ള പാസ്പോർട്ടും യാത്രക്കാരുടെ കയ്യിൽ ഉണ്ടായിരിക്കണം. ഈ രേഖകൾ ഹാജരാക്കാൻ കഴിയാതെ വന്നാൽ ഇന്ത്യൻ വിമാനത്താവളത്തിലോ ദുബായ് വിമാനത്താവളത്തിലോ അധികൃതർ യാത്രക്കാരെ തടയുമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു.

നിബന്ധനകള്‍ പാലിക്കാത്തതിന്‌റെ പേരില്‍ ഇന്ത്യന്‍ യാത്രക്കാരെയടക്കം വിമാനത്താവളത്തില്‍ തടഞ്ഞുവച്ച് മടക്കി അയച്ച സംഭവങ്ങള്‍ അടുത്തിടെ ഉണ്ടായി.

Post a Comment

Previous Post Next Post