(www.kl14onlinenews.com)
(01-JUN-2024)
മുംബൈ: പുനെയിലെ ആഡംബര കാർ അപകടക്കേസിലെ പ്രതിയായപതിനേഴുകാരന്റെ അമ്മ ശിവാനി അഗർവാൾ അറസ്റ്റിൽ. വൈദ്യപരിശോധനയ്ക്കുള്ള രക്തസാമ്പിളിൽ തിരിമറി നടത്തിയതിനാണ് ഇവർ അറസ്റ്റിലായത്. മദ്യലഹരിയിൽ പതിനേഴുകാരൻ ഓടിച്ച ആഡംബര കാർ ഇടിച്ച് രണ്ട് യുവ എൻജിനീയർമാർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ രക്തപരിശോധനയിൽ കുട്ടി മദ്യപിച്ചിരുന്നില്ലെന്ന് സ്ഥാപിക്കാൻ ശിവാനി സ്വന്തം രക്തം സാമ്പിളായി നൽകുകയായിരുന്നു.
രക്തസാമ്പിളിൽ തിരിമറി കണ്ടെത്തിയതിന് പിന്നാലെ ഇതിന് കൂട്ടുനിന്ന രണ്ടു ഡോക്ടർമാരും അറസ്റ്റിലായിരുന്നു. മുംബൈയിൽനിന്ന് പുണെയിലെത്തിയ ശിവാനിയെ അർധരാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്. അപകടത്തിന് പിന്നാലെ ആദ്യം നടത്തിയ പരിശോധനയിൽ കുട്ടിയുടെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയില്ലെന്നായിരുന്നു ഫോറൻസിക് സയൻസ് ലാബോറട്ടറി റിപ്പോർട്ടിലുണ്ടായിരുന്നത്. ഇത് സംശയങ്ങൾക്ക് വഴിവെച്ചു. തുടർന്ന് മറ്റൊരു ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ സാമ്പിളുകൾ രണ്ട് വ്യക്തികളിൽനിന്നുള്ളതാണ് എന്ന് തെളിയുകയായിരുന്നു. ഇതാണ് ശിവാനിയുടെ അറസ്റ്റിലേക്ക് നയിച്ചത്.
മേയ് പത്തൊൻപതിനായിരുന്നു അപകടം. സോഫ്റ്റ് വെയർ എൻജിനീയർമാരായ അനീഷ് അവാധ്യ, അശ്വിനി കോഷ്ഠ എന്നിവരാണ് കൊല്ലപ്പെട്ടത്. അപകടസമയത്ത് കാർ ഓടിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കുടുംബഡ്രൈവറെ തട്ടിക്കൊണ്ടുപോയി സമ്മർദം ചെലുത്തിയതിന് കുട്ടിയുടെ അച്ഛൻ വിശാൽ അഗർവാൾ, മുത്തശ്ശൻ സുരേന്ദ്ര അഗർവാൾ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, പതിനേഴുകാരനെ വീണ്ടും ചോദ്യംചെയ്യാൻ പുണെ പോലീസിന് അനുമതി ലഭിച്ചിട്ടുണ്ട്. കുട്ടിയുടെ കുടുംബാംഗങ്ങളുടെയും അഭിഭാഷകരുടെയും സാന്നിധ്യത്തിലാണ് ചോദ്യംചെയ്യുക
Post a Comment