എക്സിറ്റ് പോൾ ഫലങ്ങൾ തട്ടിപ്പ്, മോദി സർക്കാർ അധികാരത്തിൽ വരില്ല: ജയിലിലേക്ക് മടങ്ങി അരവിന്ദ് കെജ്‌രിവാൾ

(www.kl14onlinenews.com)
(02-JUN-2024)

എക്സിറ്റ് പോൾ ഫലങ്ങൾ തട്ടിപ്പ്, മോദി സർക്കാർ അധികാരത്തിൽ വരില്ല: ജയിലിലേക്ക് മടങ്ങി അരവിന്ദ് കെജ്‌രിവാൾ
ഡൽഹി :
എക്സിറ്റ് പോൾ ഫലങ്ങൾ തട്ടിപ്പെന്ന് ഡൽഹി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കേജ്രിവാൾ. ജൂൺ നാലിന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മോദി സർക്കാർ അധികാരത്തിൽ വരില്ലെന്നും പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ വിഷമത്തിലാക്കാനാണെന്നും കേജ്രിവാൾ ചൂണ്ടിക്കാട്ടി.

"ഇനി എപ്പോഴാണ് തിരിച്ചുവരുന്നത് എന്നറിയില്ല. ജയിലിൽ എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. എന്റെ ജീവിതം പാർട്ടിക്കും ജനാധിപത്യത്തിനും ഡൽഹി സർക്കാരിനും വേണ്ടിയുള്ളതാണ്. തന്റെ ശരീരത്തിലെ ഓരോ തുള്ളി രക്തവും ഈ രാജ്യത്തിന് വേണ്ടിയുള്ളതാണ്. തന്റെ പ്രചാരണം രാജ്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ളതാണ്," കേജ്രിവാൾ കൂട്ടിച്ചേർത്തു. വൈകിട്ടോടെ കേജ്രിവാൾ വാഹനജാഥയായെത്തി തിഹാർ ജയിലിൽ ഹാജരായി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ഉൾപ്പെടെ അദ്ദേഹത്തെ അനുഗമിച്ചു.

ഡൽഹി മദ്യ നയ കേസിൽ അറസ്റ്റിലായി ജാമ്യം നേടി പുറത്തിറങ്ങിയ അരവിന്ദ് കെജ്‌രിവാൾ തീഹാർ ജയിലിലേക്ക് മടങ്ങുന്നതിന് മുമ്പ് സ്വന്തം വസതിയിൽ നടത്തിയ യോഗത്തിലാണ് എക്സിറ്റ് പോൾ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്. 'ജാമ്യം ലഭിച്ച 21 ദിവസം അവിസ്മരണീയമായിരുന്നു. ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതിക്ക് നന്ദി.' കെജ്‌രിവാൾ പറഞ്ഞു. ഒരു നിമിഷം പോലും വെറുതെ ഇരുന്നില്ലെന്നും രാജ്യത്തെ രക്ഷിക്കാൻ എല്ലാ പ്രതിപക്ഷ പാർട്ടികൾക്ക് വേണ്ടിയും പ്രചാരണം നടത്തിയെന്നും കെജ്‌രിവാൾ പ്രതികരിച്ചു.

താൻ അഴിമതി നടത്തിയതിന്റെ പേരിലല്ല ജയിലിലായത് എന്നും ഏകാധിപത്യത്തിനെതിരെ സംസാരിച്ചതിനാണ് തന്റെ കേന്ദ്ര സർക്കാർ ഇഡിയെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തതതെന്നും കെജ്‌രിവാൾ പറഞ്ഞു. എക്സിറ്റ് പോൾ വെറും മൈൻഡ് ഗെയിം ആണെന്നും വോട്ടെണ്ണലിലെ അട്ടിമറി സാധ്യതയാണ് ഇത് സൂചന നൽകുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. വോട്ടെണ്ണലിന്റെ അവസാന നിമിഷം വരെ ബൂത്തിൽ തുടരണമെന്നും രണ്ട്, മൂന്ന് റൗണ്ടിൽ പിറകിലായാൽ പ്രവർത്തകർ ഇറങ്ങി പോവരുതെന്നും അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു. വിവി പാറ്റും ഇവിഎമ്മും ഒത്ത് നോക്കിയ ശേഷം മാത്രമേ മടങ്ങാവൂ എന്നും അദ്ദേഹം കൂട്ടിചേർത്തു.

നിങ്ങൾ സന്തോഷത്തോടെയിരുന്നാൽ ഞാനും ജയിലിൽ സന്തുഷ്ടനായിരിക്കും; തിഹാറിലേക്ക് പോകും മുമ്പ് കേജ്രിവാൾ

ഡൽഹി: ഇടക്കാല ജാമ്യത്തിന്റെ കാലാവധി അവസാനിച്ചതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഇന്ന് തിഹാർ ജയിലിലേക്ക് മടങ്ങി . ജയിലിലേക്ക് മടങ്ങുന്നതിന് മുൻപായുള്ള തന്റെ സോഷ്യൽ മീഡിയ സന്ദേശത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പങ്കെടുക്കാൻ ജാമ്യം അനുവദിച്ച സുപ്രീം കോടതിക്ക് അദ്ദേഹം നന്ദി പറഞ്ഞു. കൂടാതെ തന്നെയോർത്ത് ആരും വിഷമിക്കരുതെന്നും ജനങ്ങൾ സന്തോഷത്തോടെ ഇരുന്നാൽ ജയിലിനുള്ളിൽ താനും സന്തുഷ്ടനായിരിക്കുമെന്നും കേജ്രിവാൾ ജനങ്ങളോടായി പറഞ്ഞു. 

“നിങ്ങളെല്ലാവരും നിങ്ങളെത്തന്നെ പരിപാലിക്കുക. ജയിലിൽ കിടക്കുന്ന ഞാൻ നിങ്ങളെയോർത്ത് വിഷമിക്കും. എന്നാൽ നിങ്ങൾ സന്തോഷത്തോടെ ഇരിക്കുന്നു എന്നറിഞ്ഞാൽ, നിങ്ങളുടെ കെജ്‌രിവാളും ജയിലിൽ സന്തോഷവാനായിരിക്കും, ”അദ്ദേഹം പറഞ്ഞു. തിഹാറിലേക്ക് പോകുന്നതിന് മുന്നോടിയായി കെജ്‌രിവാൾ ഞായറാഴ്ച പാർട്ടി ആസ്ഥാനത്ത് എംഎൽഎമാരും കൗൺസിലർമാരും ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുത്തു.

കേജ്രിവാൾ തിഹാർ ജയിലിൽ നിന്ന് ഡൽഹിയുടെ ഭരണം നിർവ്വഹിക്കുമെന്ന് എഎപി അറിയിച്ചു. ജയിലിൽ നിന്ന് സർക്കാരിനെ നയിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് കോടതിയിൽ ഹർജി നൽകുമെന്ന് മുഖ്യമന്ത്രി കേജരിവാൾ പറഞ്ഞിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കേജ്‌രിവാളിന്റെ ജാമ്യാപേക്ഷയിൽ ഡൽഹി കോടതി ജൂൺ അഞ്ചിന് പരിഗണിക്കും. റൂസ് അവന്യൂ കോടതിയിൽ നടന്ന വാദത്തിനിടെ, ഇടക്കാല ജാമ്യാപേക്ഷ സമർപ്പിക്കുന്നതിൽ നിന്ന് സുപ്രീം കോടതി കേജ്രിവാളിനെ വിലക്കിയിട്ടുണ്ടെന്നും സാധാരണ ജാമ്യാപേക്ഷ മാത്രമെ പരിഗണിക്കാവൂവെന്നും കേജ്രിവാളിന്റെ ഹർജിയെ എതിർത്തുകൊണ്ട് ഇ.ഡി വാദിച്ചിരുന്നു.

Post a Comment

Previous Post Next Post