ഡ്രൈവിം​ഗ് ലൈസൻസ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; തുടർച്ചയായ 5ാം ദിവസം, പ്രതിഷേധം 2024

(www.kl14onlinenews.com)
(09-May-2024)

ഡ്രൈവിം​ഗ് ലൈസൻസ് ടെസ്റ്റ്  ഇന്നും തടസ്സപ്പെട്ടു; തുടർച്ചയായ 5ാം ദിവസം, പ്രതിഷേധം
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ്‌ പരിഷ്കരണം ഉത്തരവ് പിൻവലിക്കണമെന്നാവശ്യവുമായി മോട്ടോർ വാഹന ഡ്രൈവിംഗ് സ്കൂൾ അസോസിയേഷന്റെ സമരം അഞ്ചാം ദിവസവും തുടരുന്നു. ഇന്ന് തലശ്ശേരിയിലും മുക്കത്തും പ്രതിഷേധം നടന്നു. തിരുവനന്തപുരം മുട്ടത്തറ ഗ്രൗണ്ടിൽ 21 പേർക്ക് സ്ലോട്ട് നൽകിയിരുന്നെങ്കിലും പ്രതിഷേധം ഭയന്ന് ആരും ടെസ്റ്റിന് എത്തിയില്ല. സർക്കുലർ പിൻവലിക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് സമിതി പറയുന്നത്.

കണ്ണൂർ തലശേരി സബ് ആർടിഒ ഓഫീസിലേക്ക് ഡ്രൈവിംഗ് ഇൻസ്ട്രക്റ്റേഴ്സിന്റെ സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തലശേരി സബ് ആർടിഒയുടെ പരിധിയിൽ വരുന്ന എല്ലാ ഡ്രൈവിംഗ് ഇൻസ്ട്രക്റ്റേഴ്സും പ്രതിഷേധത്തിൽ പങ്കെടുത്തു. അശാസ്ത്രീയമായ ഡ്രൈവിംഗ് പരിഷ്കാരങ്ങൾ ഉപേക്ഷിക്കുകയെന്ന ആവശ്യം മുൻനിർത്തിയായിരുന്നു പ്രതിഷേധം. എകെഎംഡിഎസ്ഐ ജില്ലാ സെക്രട്ടറി ഷാജി മാർച്ചിന്റെ ഉദ്ഘാടനെ നിർവഹിച്ചു. അനുകൂലമായ നടപടിയെടുക്കുന്നതു വരെ അനിശ്ചിത കാല സമരം തുടരുമെന്ന് സംയുക്തസമരസമിതി അറിയിച്ചു.


കോഴിക്കോട് ‍ജില്ലയിലെ മിക്ക കേന്ദ്രങ്ങളിലും പ്രതിഷേധത്തെ തുടർന്ന് ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല. മുക്കത്തും ചേവായൂരിലും ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആന്റ് വർക്കേഴ്സ് അസോസിയെഷന്റെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും ലേണേഴ്സിനുള്ളവർ മാത്രമാണ് ടെസ്റ്റിനായെത്തിയത്. ഫറോക്ക്, നന്മണ്ട തുടങ്ങിയ സ്ഥലങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല.

15 വർഷത്തിന് ശേഷമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് പാടില്ലെന്ന നിർദ്ദേശവും ഇരട്ട് ക്ലച്ചും ബ്രേക്കും ഒഴിവാക്കണമെന്ന് നിർദ്ദേശവും ഉള്‍പ്പെടെ ഫെബ്രുവരി മാസത്തിലുള്ള സർക്കുലർ പിൻവലിക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് സമിതി പറയുന്നത്. സംയുക്ത സമരത്തിൽ നിന്നും പിൻമാറിയ സിഐടിയു മറ്റ് സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. ഓരോ ദിവസം സ്ലോട്ട് നഷ്ടമാകുന്നവർക്ക് മാസങ്ങള്‍ക്ക് ശേഷമായിരിക്കും പുതിയ ടെസ്റ്റിന് അവസരം ലഭിക്കുന്നത്. ലേണേഴ്സ് കഴിഞ്ഞാൽ ആറ് മാസത്തിനുള്ളിൽ ടെസ്റ്റ് ജയിച്ചിരിക്കണം. സമരം നീണ്ടുപോയാൽ സമയപരിധിക്കുള്ളിൽ ഇവർക്ക് ടെസ്റ്റിൽ പങ്കെടുക്കാകുമോയെന്നും സംശയമാണ്.

Post a Comment

Previous Post Next Post