(www.kl14onlinenews.com)
(13-May-2024)
പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ട് മരണം;
മലപ്പുറം: പൊന്നാനിയിൽ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. അഴീക്കൽ സ്വദേശി അബ്ദുൾ സലാം(43), ഗഫൂർ(45) എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെയാണ് പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ട ‘ഇസ്ലാഹ്’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
ചാവക്കാട് മുനമ്പിൽ നിന്നും 32 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് സാഗർ യുവരാജ് എന്ന കപ്പൽ ബോട്ടിൽ ഇടിച്ചത്.ബോട്ടിൽ ആറ് മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ കപ്പലിലെ ജീവനക്കാർ നാല് പേരെ രക്ഷപ്പെടുത്തിയിരുന്നു.
സലാമിനെയും ഗഫൂറിനെയും കാണാതാവുകയായിരുന്നു. തുടർന്ന് നേവിയും കോസ്റ്റുഗാർഡും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. ഇടക്കഴിയൂർ ഭാഗത്തുനിന്നും പടിഞ്ഞാറ് കടലിൽ നിന്നാണ് മൃതദേഹം കിട്ടിയത്. മൃതദേഹം പൊന്നാനിയിലേക്ക് കൊണ്ടുപോകും.
മലയാളികളുൾപ്പടെ ആറോളം തൊഴിലാളികളുണ്ടായിരുന്ന ബോട്ടിൽ നിന്ന് അപകട സമയത്ത് നാല് പേരെ കപ്പൽ ജീവനക്കാർ രക്ഷപ്പെടുത്തി. പൊന്നാനിയിൽ നിന്നുള്ള മറ്റു ബോട്ടുകളും മറ്റും തിരച്ചിൽ നടത്തിയിരുന്നു.
കവരത്തിയിൽ നിന്ന് ബേപ്പൂരിലേക്ക് ചരക്കുമായി പോയ കപ്പലിടിച്ചാണ് അപകടമുണ്ടായത് എന്നാണ് വിവരം. അപകടമുണ്ടാക്കുന്ന വിധം തീരത്തോടു ചേർന്നാണ് കപ്പൽ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
Post a Comment