(www.kl14onlinenews.com)
(O1-May-2024),
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അമേഠി, റായ്ബറേലി സീറ്റുകളിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ സസ്പെൻസ് തുടർന്ന് കോൺഗ്രസ്. രാഹുലും സഹോദരി പ്രിയങ്കയും ഈ മണ്ഡലങ്ങളിൽ മത്സരിക്കാൻ വിമുഖത കാണിക്കുന്നതായാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. നാമനിര്‍ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി അടുക്കുമ്പോഴും, ഇരുവരെയും അമേഠിയിലും റായ്ബറേലി മണ്ഡലങ്ങളിൽ മത്സരപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
രാഹുലും പ്രിയങ്കയും മത്സരിക്കണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ താല്പര്യം. ഈ സീറ്റുകളിലേക്ക് മറ്റു സ്ഥാനാർത്ഥികളുടെ പേരുകൾ ഇതേവരെ ഉയർന്നിട്ടില്ല. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 3-ാണ്. മെയ് 20-ാണ് വോട്ടിങ് .
ഗാന്ധി കുടുംബത്തിൽ നിന്നാരെങ്കിലും ഹിന്ദി ഹൃദയഭൂമിയിൽ മത്സരിച്ചില്ലെങ്കിൽ, അത് മോശം രാഷ്ട്രീയ സന്ദേശമാകും നൽകുകയെന്നാണ് നേതൃത്വത്തിലെ വലിയൊരു വിഭാഗം വിശ്വസിക്കുന്നത്. ഈ സാഹചര്യത്തിൽ സോണിയ ഗാന്ധിയുടെ സിറ്റിങ് സീറ്റായ റായ്ബറേലിയിൽ രാഹുലിനെ മത്സരിപ്പിക്കണമെന്നാണ് പല നേതാക്കളും ആവശ്യപ്പെടുന്നത്.
പ്രിയങ്ക മത്സരിച്ചാൽ, കോൺഗ്രസിൽ നിന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുന്ന നെഹ്‌റു-ഗാന്ധി കുടുംബത്തിലെ എട്ടാമത്തെ അംഗമാകും. രാഹുലും, പ്രിയങ്കയും വിജയിച്ചാൽ ആദ്യമായി ഗാന്ധി കുടുംബത്തിലെ മൂന്ന് അംഗങ്ങൾ ഒരുമിച്ച് പാർലമെൻ്റിലെത്തും.
കുടുംബ രാഷ്ട്രീയത്തിൻ്റെ പേരിൽ പലപ്പോഴും കോൺഗ്രസിനെതിരെ വിമർശനം ഉന്നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും, സഖ്യത്തിലെ എല്ലാ പാർട്ടികളെയും നിയന്ത്രിക്കുന്നത് കുടുംബ രാഷ്ട്രീയമാണെന്ന് പലപ്പോഴും ആരോപണം ഉന്നയിക്കാറുണ്ട്. രാഹുലും പ്രിയങ്കയും മത്സരിക്കുന്നതിനെ അനുകൂലിക്കുന്ന കോൺഗ്രസ് നേതാക്കൾ, അവർ മത്സരിച്ചാലും ഇല്ലെങ്കിലും ബിജെപിയുടെ ആക്രമണരീതി മാറില്ലെന്നാണ് പറയുന്നത്.
അമേഠിയിലും വയനാട്ടിലും ഒരുപോലെ വിജയിക്കുമോ എന്നതാണ്, രാഹുൽ അഭിമുഖീകരിക്കുന്ന മറ്റൊരു ചോദ്യം. ഇങ്ങനെ സംഭവിച്ചാൽ ഒരു സീറ്റ് തിരഞ്ഞെടുക്കാനും മറ്റൊന്ന് ഉപേക്ഷിക്കാനും രാഹുൽ നിർബന്ധിതനാകും. 2004ൽ രാഹുൽ ആദ്യമായി പാർലമെൻ്റിലേക്ക് വിജയിച്ച മണ്ഡലമാണ് അമേഠി. മൂന്ന് തവണയാണ് രാഹുൽ അമേഠിയെ പ്രതിനിധീകരിച്ചത്
Post a Comment