(www.kl14onlinenews.com)
(06-May-2024)
ബെംഗളൂരു: ജെഡി(എസ്) എംപി പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമത്തിന് ഇരയായ ഒന്നിലധികം സ്ത്രീകളുടെ വീഡിയോ ക്ലിപ്പുകൾ പ്രചരിക്കുന്നതോടെ, കഴിഞ്ഞ 10 ദിവസത്തിനിടെ കർണാടകയിലെ ഹാസൻ ജില്ലയിൽ ഇരകളായ നിരവധി സ്ത്രീകൾക്ക് നാണക്കേടും ഭയവും നിമിത്തം വീട് വിട്ടിറങ്ങേണ്ടി വന്നതായി റിപ്പോർട്ട്.
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ നിയോജക മണ്ഡലമാണ് ഹാസൻ. ദേവഗൗഡയുടെ ചെറുമകൻ പ്രജ്വൽ ഹാസനിൽ നിന്നുള്ള സിറ്റിങ് എംപിയാണ്. അദ്ദേഹം ഇക്കുറി വീണ്ടും ജനവിധി തേടിയിരുന്നു. ഏപ്രിൽ 26ന് ഹാസനിൽ വോട്ടെടുപ്പ് കഴിഞ്ഞ് പ്രജ്വൽ രാജ്യം വിട്ടപ്പോൾ, പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) സമീപിക്കുന്നത് തടയാൻ ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിൽ അദ്ദേഹത്തിൻ്റെ പിതാവും ഹൊലേനരസിപൂരിലെ എംഎൽഎയുമായ എച്ച്.ഡി. രേവണ്ണയെ ശനിയാഴ്ച കർണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യൻ എക്സ്പ്രസ് ഹാസൻ ജില്ലയിലെ മൂന്ന് പട്ടണങ്ങളും അഞ്ച് ഗ്രാമങ്ങളും സന്ദർശിക്കുകയും നിരവധി താമസക്കാരുമായി സംസാരിക്കുകയും ചെയ്തു. അതേസമയം അവരാരും പേര് വെളിപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ല. "ഈ ജില്ല മുഴുവൻ എച്ച്.ഡി. രേവണ്ണയുടെ നിയന്ത്രണത്തിലാണ്. നിങ്ങൾ അവരെക്കുറിച്ച് മോശമായി സംസാരിക്കുന്ന വിവരം അവരിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്. കാരണം കുടുംബത്തിനും പാർട്ടിക്കും വലിയ അനുയായികളുണ്ട്,” ഹാസൻ നഗരത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഹഗാരെ ഗ്രാമത്തിലെ ഒരു കടയുടമ പറഞ്ഞു.
"കുടുംബത്തോടെ വീടുവിട്ടുപോയ ഒരു സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 28നാണ് പ്രജ്വലിനെതിരെ ആദ്യം എഫ്ഐആർ ഫയൽ ചെയ്തത്. രേവണ്ണയുടെ വീട്ടിൽ വീട്ടുജോലിക്കാരി ആയാണ് ഈ സ്ത്രീ ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം അവളുടെ ചില വീഡിയോകൾ പ്രചരിക്കാൻ തുടങ്ങി. തുടർന്ന് അവളുടെ വീട് പൂട്ടിയിട്ടിരിക്കുന്നതായി കാണപ്പെട്ടു. അവൾ എപ്പോഴാണ് പോയതെന്ന് ഞങ്ങൾക്ക് അറിയില്ല,” അയൽവാസി പറഞ്ഞു
പ്രജ്വലിനെതിരെ ബലാത്സംഗക്കേസ് കൊടുത്ത ചെയ്ത മുൻ ജില്ലാ പഞ്ചായത്ത് അംഗം താമസിച്ചിരുന്ന സമീപ ഗ്രാമത്തിൽ, മുമ്പ് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച പല സ്ത്രീകളും ഇപ്പോൾ ഒളിവിലാണെന്ന് ഒരു പ്രാദേശിക ജെഡി(എസ്) നേതാവ് പറഞ്ഞു. “പാർട്ടിയിലെ പല സ്ത്രീകളും പ്രജ്വലിനൊപ്പമുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ നിന്ന് ഡിലീറ്റ് ചെയ്യുന്നതായി കണ്ടു. ചില സന്ദർഭങ്ങളിൽ എംപിയുമായുള്ള ബന്ധത്തെക്കുറിച്ച് ഭർത്താക്കന്മാർ ഭാര്യമാരെ ചോദ്യം ചെയ്യുന്നതും കാണാനായി. ജില്ലയിലെ നിരവധി സ്ത്രീകളുടെ ജീവിതമാണ് ഇതുമൂലം തകർക്കുന്നത്," അദ്ദേഹം പറഞ്ഞു.
പ്രജ്വൽ മൂന്ന് വർഷമായി തന്നെ ബലാത്സംഗം ചെയ്യുകയും നഗ്ന വീഡിയോ റെക്കോർഡ് ചെയ്യുകയും ചെയ്തതായി ആരോപിച്ച വനിതാ ജില്ലാ പഞ്ചായത്ത് അംഗം അതിനുശേഷം വീടുവിട്ടിറങ്ങി. “ഏപ്രിൽ 24ന് അവൾ ഇവിടെ ഉണ്ടായിരുന്നു. അടുത്ത ദിവസം വീഡിയോകൾ പുറത്തുവന്നു. അതിന് ശേഷം ഞങ്ങൾ കുടുംബത്തെ കണ്ടിട്ടില്ല,” ഒരു പ്രാദേശിക നേതാവ് പറഞ്ഞു
Post a Comment