മേയർ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎക്കുമെതിരെ ജാമ്യമില്ലാ കേസ്; പൊലീസ് നടപടി കോടതി ഉത്തരവിന് പിന്നാലെ

(www.kl14onlinenews.com)
(06-May-2024)

മേയർ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎക്കുമെതിരെ ജാമ്യമില്ലാ കേസ്; പൊലീസ് നടപടി കോടതി ഉത്തരവിന് പിന്നാലെ
തിരുവനന്തപുരം : കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍ര്‍ യദുവുമായുളള തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ഡ്രൈവർ യദുവിന്റെ ഹർജിയിൽ കോടതി നിർദേശപ്രകാരമാണ് കൻ്റോൺമെൻ്റ് പൊലിസിന്റെ നടപടി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പുതിയ കേസ് രജിസ്റ്റ‍ര്‍ ചെയ്തത്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, അന്യായമായി തടഞ്ഞുവച്ചു എന്നിവയാണ് യദുവിന്റെ പരാതിയിലുണ്ടായിരുന്നത്. പൊലീസ് കേസെടുക്കാതിരുന്നതോടെ യദു തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ അഭിഭാഷകന്റെ ഹർജിയിൽ മേയ‍ര്‍ക്കും എംഎൽഎക്കുമെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.

ആര്യാ രാജേന്ദ്രൻ, സച്ചിൻദേവ് എംഎൽഎ, മേയറുടെ സഹോദരൻ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവർക്കെതിരെയാണ് കേസ്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, അസഭ്യം പറയൽ എന്നിവയാണ് പരാതിക്കാരൻ കോടതിയിൽ ചൂണ്ടികാട്ടിയത്. മേയർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യദു പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയെടുക്കാത്തിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. പാളയത്ത് മേയറും- ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ ഇതോടെ നാല് കേസുകൾ രജിസ്റ്റ‍ര്‍ ചെയ്തു

മേയറുടെ പരാതിയിൽ ഡ്രൈവർക്കെതിരെയാണ് ആദ്യ കേസെടുത്തത്. ബസിലെ മെമ്മറി കാർഡ് കാണാതായതിനും കേസുണ്ട്. ഇതുകൂടാതെയാണ് കോടതി നിർദ്ദേശ പ്രകാരമുള്ള രണ്ട് കേസുകള്‍. പാളയത്ത് സീബ്രാലൈനിൽ വാഹനമിട്ട് ബസ് തടസപ്പെടുത്തുകയും ഗതാഗതക്കുരുക്കുണ്ടാക്കുകയും ചെയ്തതുകൂടാതെ സച്ചിൻ ദേവ് ബസിൽ കയറി യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെട്ടുവെന്നുമുളള ആരോപണം ഉയർന്നിരുന്നു. ഇതെല്ലാം പുതിയ കേസിൻെറ ഭാഗമായി അന്വേഷിക്കേണ്ടിവരുമെന്നാണ് വിലയിരുത്തൽ
കഴിഞ്ഞ ദിവസം ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ പരാതിയില്‍ മേയർക്കും എംഎൽഎക്കുമെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം വഞ്ചിയൂര്‍ സിജെഎം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് പൊലീസ് നടപടി. നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുഗതാഗതത്തിന് തടസം ഉണ്ടാക്കല്‍, പൊതുജനശല്യം, അന്യായമായ തസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കാനാണ് നിര്‍ദേശം

മേയറുമായി തർക്കമുണ്ടായതിന്റെ തൊട്ടടുത്തദിവസം യദു ഇരുവര്‍ക്കുമെതിരേ പരാതിയുമായി കന്റോണ്‍മെന്റ് സ്‌റ്റേഷനിലും സിറ്റി പൊലീസ് കമ്മീഷണറെയും കണ്ടിരുന്നു. എന്നാല്‍ യദുവിന്റെ പരാതി സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് ശനിയാഴ്ച രാവിലെ യദു വഞ്ചിയൂര്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു.

മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഡ്രൈവർ നൽകിയ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ആര്യാ രാജേന്ദ്രൻ, സച്ചിൻദേവ്, കണ്ടാലറിയാവുന്ന രണ്ടു പേർ എന്നിവർക്കുമെതിരെയാണ് പരാതി. കേരള പൊലീസ്, കെഎസ്ആർടിസി എം ഡി അടക്കമുള്ളവർ ഒരാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു.

Post a Comment

Previous Post Next Post