പോളിങ് ബൂത്തിൽ മുസ്ലീം സ്ത്രീകളോട് ബുർഖ അഴിച്ചുമാറ്റണമെന്ന് ബിജെപി സ്ഥാനാർത്ഥി; മാധവി ലതക്കെതിരെ കേസെടുത്ത് പൊലീസ്

(www.kl14onlinenews.com)
(13-May-2024)

പോളിങ് ബൂത്തിൽ മുസ്ലീം സ്ത്രീകളോട് ബുർഖ അഴിച്ചുമാറ്റണമെന്ന് ബിജെപി സ്ഥാനാർത്ഥി; മാധവി ലതക്കെതിരെ കേസെടുത്ത് പൊലീസ്
ഹൈദരാബാദ്: നിഖാബ് ധരിച്ച് വോട്ട് ചെയ്യാനെത്തിയ വോട്ടർമാരോട് മുഖാവരണം ഊരാൻ ആവശ്യപ്പെട്ട് വിവാദത്തിലായ ബിജെപി സ്ഥാനാർത്ഥി മാധവി ലതയ്ക്കെതിരെ കേസെടുത്ത്പൊലീസ്. ഹൈദരാബാദ് മണ്ഡലം ബിജെപി സ്ഥാനാർത്ഥിയായ മാധവി പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യാൻ ക്യൂവിൽ നിൽക്കുന്ന സ്ത്രീകളോട് മുഖാവരണം ഊരാൻ ആവശ്യപ്പെടുന്നതും രേഖകൾ വാങ്ങി പരിശോധിക്കുന്നതും അടക്കമുള്ള ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ ഏതെങ്കിലും രീതിയിൽ വോട്ടർമാരുടെ കാര്യത്തിൽ സംശയമുണ്ടെങ്കിൽ അത് പോളിംഗ് ഓഫീസിലെ തിരഞ്ഞെടുപ്പ് ഓഫീസറെ ആണ് അറിയിക്കേണ്ടത് എന്നും സ്വന്തം നിലയിൽ വോട്ടർമാരെ പരിശോധിക്കാൻ സ്ഥാനാർത്ഥിക്ക് അവകാശമില്ല എന്നും ചൂണ്ടി കാട്ടി ഇതര രാഷ്ട്രീയ കക്ഷികൾ പരാതി നൽകി. പരാതി ശരിവെച്ച് തിരഞ്ഞെടുപ്പ് ഓഫീസർ കേസെടുക്കുകയും ചെയ്തു.

എന്നാല്‍, സ്ഥാനാര്‍ഥിയെന്ന നിലയില്‍ തനിക്ക് വോട്ടര്‍ ഐഡി കാര്‍ഡുകള്‍ പരിശോധിക്കാന്‍ അവകാശമുണ്ടെന്നാണ് മാധവി ലതയുടെ വാദം. 'ഞാനൊരു സ്ത്രീയാണ്. വളരെ വിനയത്തോടെയാണ് ഞാന്‍ ശിരോവസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടത്. ആര്‍ക്കെങ്കിലും ഇതൊരു വിവാദമാക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍, അവര്‍ക്ക് പരാജയഭീതിയുണ്ടെന്നാണ് അര്‍ഥം', മാധവി ലത കൂട്ടിച്ചേര്‍ത്തു. ഹൈദരാബാദില്‍ എ.എംഐഎം അധ്യക്ഷനും സിറ്റിങ് എംപിയുമായ അസദുദ്ദീന്‍ ഉവൈസിക്കെതിരെയാണ് മാധവി ലത ജനവിധി തേടുന്നത്.

സംഭവത്തിൻ്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ലതയ്‌ക്കെതിരെ മലക്പേട്ട് പോലീസ് സ്‌റ്റേഷനിൽ കേസെടുത്തു.
രാമനവമി ഘോഷയാത്രയ്‌ക്കിടെ പള്ളിയിലേക്ക് അമ്പ് എയ്‌ക്കുന്ന പ്രവൃത്തിയെ അനുകരിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നതിനെത്തുടർന്ന് തിരിച്ചടി നേരിട്ട ലതയുടെ ഈ പ്രവർത്തി മറ്റൊരു വിവാദത്തിലേക്ക് വഴിവെച്ചിരിക്കുകയാണ്.

മതവികാരം വ്രണപ്പെടുത്തുന്ന ബോധപൂർവമായ പ്രവൃത്തികളെ അഭിസംബോധന ചെയ്യുന്ന 295 എ ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ പോലീസ് പരാതി നൽകിയിരിക്കുന്നത്.

ഹൈദരാബാദ് ലോകസഭാ മണ്ഡലത്തിൽ അസദുദ്ദീൻ ഒവൈസിക്കെതിരെയാണ് മാധവി ലത മത്സരിക്കുന്നത്.

Post a Comment

Previous Post Next Post