ബസിനും ലോറിക്കുമിടയില്‍പെട്ട് കാര്‍ ഞെരിഞ്ഞമര്‍ന്നു; മൂന്നുപേര്‍ക്ക് ഗുരുതരപരുക്ക്

(www.kl14onlinenews.com)
(02-May-2024)

ബസിനും ലോറിക്കുമിടയില്‍പെട്ട് കാര്‍ ഞെരിഞ്ഞമര്‍ന്നു; മൂന്നുപേര്‍ക്ക് ഗുരുതരപരുക്ക്
തൃശൂര്‍ കൊടകരയില്‍ കാര്‍ ബസിനും ലോറിക്കുമിടയില്‍പെട്ട് അപകടം. കാര്‍ യാത്രക്കാരായ മണ്ണുത്തി സ്വദേശികളായ മൂന്നുപേര്‍ക്ക് ഗുരുതരപരുക്ക്. മുന്നിലെ ലോറി ബ്രേക്കിട്ടപ്പോള്‍ കാര്‍ ലോറിക്ക് പിന്നിലിടിക്കുകയും കാറിനു പിന്നിലുണ്ടായിരുന്ന ബസ് കാറിലേക്ക് ഇടിച്ചുകയറകയുമായിരുന്നു. ബസിനും ലോറിക്കുമിടയില്‍പെട്ട് കാര്‍ ഞെരിഞ്ഞമര്‍ന്നു. അപകടത്തില്‍ പരുക്കേറ്റ ക്രിസ്റ്റി, നിഷ എന്നിവരെ ജൂബിലി മിഷന്‍ ആശുപത്രിയിലേക്കും, ഒരാളെ മദര്‍ ആശുപത്രിയിലെക്കും മാറ്റി. കാര്‍ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്.

മുന്നില്‍ പോയിരുന്ന ലോറി പെട്ടെന്ന് ബ്രേയ്ക്കിട്ടു. കാര്‍ ലോറിയ്ക്കു പിന്നിലിടിച്ചു. തൊട്ടുപിന്നില്‍ വന്നിരുന്ന ദീര്‍ഘദൂര വോള്‍വോ ബസ് കാറിനു പിന്നിലിടിച്ചു. ഈ രണ്ടു വാഹനങ്ങള്‍ക്കിടയില്‍പ്പെട്ട് കാര്‍ പൂര്‍ണമായും തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കാര്‍ യാത്രക്കാര്‍ കുടുങ്ങി. കാറിന്റെ പലഭാഗങ്ങളും വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. തൃശൂര്‍ മുക്കാട്ടുക്കര സ്വദേശി ജോസഫ് തോമസ്, സഹോദരന്‍ ക്രിസ്റ്റി തോമസ്, ഭാര്യ നിഷ ക്രിസ്റ്റി എന്നിവര്‍ക്കാണ് പരുക്കേറ്റ്. ജോസഫിന് അറുപത്തിരണ്ടും ക്രിസ്റ്റിക്ക് അന്‍പത്തിനാലും വയസാണ്. നിഷയ്ക്ക് നാല്‍പത്തിയൊന്‍പതും. പരുക്കേറ്റവരെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തെ തുടര്‍ന്ന് കൊടകര ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു. ബസ്, ലോറി യാത്രക്കാര്‍ക്കു പരുക്കേറ്റില്ല. തകര്‍ന്ന കാര്‍ കാണാന്‍ ദേശീയപാതയിലെ വാഹനങ്ങള്‍ വേഗം കുറച്ചത് കുരുക്കിന് കാരണമായി. അവസാനം, ഷീറ്റിട്ട് കാര്‍ മറയ്ക്കേണ്ടിവന്നു പൊലീസിന്.

Post a Comment

Previous Post Next Post