ഇന്ത്യൻ ടീമിനെ ഒഴിവാക്കി, ടി20 ലോകകപ്പ് സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുൻ ഇംഗ്ലീഷ് താരം മൈക്കൽ വോൺ

(www.kl14onlinenews.com)
(02-May-2024)

ഇന്ത്യൻ ടീമിനെ ഒഴിവാക്കി, ടി20 ലോകകപ്പ് സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുൻ ഇംഗ്ലീഷ് താരം മൈക്കൽ വോൺ
ടി20 ലോകകപ്പിന് മുന്നോടിയായി സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുൻ ഇംഗ്ലീഷ് താരം മൈക്കൽ വോൺ. ഇന്ത്യൻ ആരാധകരെ നിരാശപ്പെടുത്തുന്ന പ്രവചനമാണ് മുൻ ഇംഗ്ലണ്ട് ബാറ്റർ നടത്തിയത്. ലോകകപ്പിൽ ഇന്ത്യ അവസാന നാലിൽ എത്തില്ലെന്നാണ് പ്രശസ്തനായ കമന്റേറ്റർ കൂടിയായ വോൺ പറയുന്നത്. 2011ലെ ഏകദിന ലോകകപ്പിന് ശേഷം ലോക കിരീടത്തിൽ മുത്തമിടാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല.

2013ലാണ് അവസാനമായി ഇന്ത്യയൊരു ഐസിസി ടൂർണമെന്റിൽ കിരീടം നേടിയത് എന്നതും ഇവിടെ പ്രധാനമാണ്. പക്ഷേ രോഹിത് ശർമ്മയുടെ കീഴിലുള്ള ടീം കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഫൈനൽ വരെയെത്തിയതും, തുടർച്ചയായി കഴിഞ്ഞ രണ്ട് വർഷവും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ തോറ്റതും വച്ച് നോക്കുമ്പോൾ ടീം ഇന്ത്യയെ ഒരിക്കലും എഴുതിത്തള്ളാനാകില്ലെന്നത് വസ്തുതയാണ്.

ഇന്നലെയാണ് ബിസിസിഐ ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസൺ ആദ്യമായി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിക്കുന്നതിനും മലയാളികൾ സാക്ഷികളായി. എന്നാൽ ഫോമിലല്ലാത്ത ഹാർദിക് പാണ്ഡ്യയെ ഓള്‍റൗണ്ടറായി ടീമിൽ ഉൾപ്പെടുത്തിയത് പലരുടേയും നെറ്റി ചുളിപ്പിച്ചിരുന്നു. ഏകദിന ലോകകപ്പിനിടെ കാൽക്കുഴയ്ക്ക് പരിക്കേറ്റ് മാസങ്ങളോളം കളിക്കളത്തിൽ നിന്ന് മാറിനിന്ന മുംബൈ ഇന്ത്യൻസ് നായകന് ഇതുവരെയും താളം കണ്ടെത്താനായിട്ടില്ല

കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഇന്ത്യ സെമിയിൽ എത്തുമെന്ന് വോൺ പ്രവചിച്ചത് കൊണ്ടാണ് ഇന്ത്യയ്ക്ക് കപ്പടിക്കാൻ കഴിയാതെ പോയതെന്നും വോൺ ഉൾപ്പെടുത്താത്ത ഓസീസ് കപ്പടിച്ചെന്നും ചിലർ ചൂണ്ടിക്കാട്ടി. വോൺ ഇന്ത്യയെ പ്രവചനത്തിൽ ഉൾപ്പെടുത്താത്തത് നല്ല ലക്ഷണമാണെന്നും ഇന്ത്യ ഇത്തവണ ഉറപ്പായും കപ്പടിക്കുമെന്നും ആരാധകർ കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post