ബൈക്കില്‍ സഞ്ചരിച്ച യുവതിയ്ക്കു നേരെ ആക്രമണം; വലിച്ച് താഴെയിട്ടു, പൊലീസ് ജീപ്പിലിട്ട് പൊതിരെത്തല്ലി ബന്ധുക്കൾ

(www.kl14onlinenews.com)
(07-May-2024)

ബൈക്കില്‍ സഞ്ചരിച്ച യുവതിയ്ക്കു നേരെ ആക്രമണം; വലിച്ച് താഴെയിട്ടു, പൊലീസ് ജീപ്പിലിട്ട് പൊതിരെത്തല്ലി ബന്ധുക്കൾ
പത്തനംതിട്ട: സഹോദരിയെ റെയിൽവേ സ്റ്റേഷനിലാക്കി മടങ്ങിവരുന്ന സമയത്താണ് മദ്യപാനിയായ ആൾ തന്നെ ആക്രമിച്ചതെന്ന് തിരുവല്ലയിൽ ആക്രമണത്തിനിരയായ യുവതിയുടെ വെളിപ്പെടുത്തൽ. പൊലീസിനെ അടക്കം അസഭ്യം പറഞ്ഞതിന് ശേഷമാണ് ഇയാൾ തിരുവല്ല ന​ഗരത്തിലേക്ക് എത്തുന്നത്.

പൊലീസ് ഇയാളുടെ ബൈക്ക് പിടിച്ചുവച്ച ശേഷം സ്റ്റേഷനിൽ നിന്ന് പറഞ്ഞുവിടുകയായിരുന്നു. തുടർന്നാണ് ഇയാൾ സ്കൂട്ടറിലെത്തിയ യുവതിയെ ആക്രമിക്കുന്നത്.

അപ്രതീക്ഷിതമായിരുന്നു ഇയാളുടെ ആക്രമണമെന്ന് 25കാരിയായ യുവതി പറഞ്ഞു. "തടഞ്ഞു നിർത്തി സ്കൂട്ടറിന്റെ താക്കോൽ എടുത്ത് കൊണ്ടുപോയി. ഇത് തടഞ്ഞപ്പോൾ കൈപിടിച്ചു തിരിച്ചു. താക്കോൽ പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടെ കൈക്ക് മുറിവ് പറ്റി. രക്തം വന്നതിനെ തുടർന്ന് തലകറങ്ങുന്നതായി അനുഭവപ്പെട്ടു," യുവതി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, യുവതിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിലെ പ്രതി ജോജോയെ പൊലീസ് വൈദ്യപരിശോധനക്കായി ഹാജരാക്കിയിരുന്നു. ആശുപത്രിയിലെത്തിയ യുവതിയുടെ ബന്ധുക്കൾ ജോജോയെ പൊലീസിന്റെ വാഹനത്തിനുള്ളിൽ വച്ച് കൈയേറ്റം ചെയ്തിരുന്നു.

പൊലീസ് ഏറെ പണിപ്പെട്ടാണ് ഇയാളെ സ്റ്റേഷനിലെത്തിച്ചത്. ജോജോക്കെതിരെ ​ഗുരുതര വകുപ്പുകൾ ചുമത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. മദ്യപിച്ചാണ് പ്രതിയായ ജോജോ പൊലീസ് സ്റ്റേഷനിൽ എത്തിയത്.

Post a Comment

Previous Post Next Post