ആശുപത്രികളിലും വിമാനത്താവളത്തിലും ബോംബ് ഭീഷണി: സുരക്ഷ വര്‍ധിപ്പിച്ച് പൊലീസ്

(www.kl14onlinenews.com)
(12-May-2024)

ആശുപത്രികളിലും വിമാനത്താവളത്തിലും ബോംബ് ഭീഷണി: സുരക്ഷ വര്‍ധിപ്പിച്ച് പൊലീസ്
ഡൽഹി :
രാജ്യതലസ്ഥാനത്ത് ഡൽഹി വിമാനത്താവളം, എട്ട് ആശുപത്രികൾ എന്നിവയ്ക്ക് നേരെ ബോംബ് ഭീഷണി. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനും ബുരാരി, സഞ്ജയ് ഗാന്ധി എന്നിവയുൾപ്പെടെയുള്ള എട്ട് ആശുപത്രികളിലേക്കാണ് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ഇ-മെയിലുകൾ മുഖേന ഭീഷണി സന്ദേശം ലഭിച്ചത്.

വൈകിട്ട് 6.20ഓടെ ഫോൺകോൾ ലഭിച്ചതിനെ തുടർന്ന് വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ പൊലീസിനെയും ബോംബ് സ്ക്വാഡിനേയും വിന്യസിച്ചിട്ടുണ്ട്. സംശയാസ്പദമായി ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.

വടക്കൻ ഡൽഹിയിലെ ബുരാരിയിലെ ഒരു ആശുപത്രിക്ക് നേരെ ബോംബ് ഭീഷണിയുമായി ഒരു ഇ-മെയിൽ ലഭിച്ചതയായി ഡൽഹി നോർത്ത് ഡിസിപി മനോജ് മീണ പറഞ്ഞു. ബോംബ് നിർവീര്യമാക്കുന്ന സംഘങ്ങൾ സ്ഥലത്തുണ്ട്. സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ബുരാരി ആശുപത്രി എംഡി ഡോ. ആശിഷ് ഗോയലിന് ഭീഷണി ലഭിച്ചത്. “എൻ്റെ ഫോണിൽ ആശുപത്രി ഇ-മെയിലിലേക്ക് ഭീഷണി സന്ദേശം ലഭിച്ചു. ആശുപത്രിയിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഇത് കണ്ടയുടനെ ഞാൻ പൊലീസിൽ വിവരമറിയിച്ചു. ഇത് വ്യാജമാണെന്ന് തോന്നുന്നു. പൊലീസ് ഇക്കാര്യം അന്വേഷിക്കുന്നുണ്ട്, ” ഡോ. ആശിഷ് ഗോയൽ പറഞ്ഞു.

ഈ മാസം ആദ്യം ഡൽഹിയിൽ 150ലധികം സ്‌കൂളുകൾക്ക് നേരെ സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തി സമാനമായ ഇ-മെയിലുകൾ ലഭിച്ചിരുന്നു. സംഭവം സ്കൂളുകൾ കൂട്ടത്തോടെ ഒഴിപ്പിക്കാനും രക്ഷിതാക്കളിൽ പരിഭ്രാന്തി പരത്താനും ഇടയാക്കിയിരുന്നു. പിന്നാലെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥരും ബോംബ് ഡിസ്‌പോസൽ സ്‌ക്വാഡും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. വിശദമായ പരിശോധനയ്ക്ക് ശേഷം ഇത് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

Post a Comment

Previous Post Next Post