ചെന്നൈയോട് തോൽവി; പ്ലേ ഓഫ്‌ ഉറപ്പിക്കാതെ രാജസ്ഥാൻ

(www.kl14onlinenews.com)
(12-May-2024)

ചെന്നൈയോട് തോൽവി; പ്ലേ ഓഫ്‌ ഉറപ്പിക്കാതെ രാജസ്ഥാൻ
ചെന്നൈ: ഐപിഎല്‍ 2024 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ മലർത്തിയടിച്ച് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി ചെന്നൈ സൂപ്പർ കിംഗ്സ്. 5 വിക്കറ്റിനാണ് സിഎസ്കെയുടെ ജയം. റോയല്‍സിന്‍റെ 141 റണ്‍സ് ചെന്നൈ 18.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു. തോറ്റങ്കിലും പോയിന്‍റ് പട്ടികയില്‍ രണ്ടാമതുള്ളതിനാല്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല.

മറുപടി ബാറ്റിംഗില്‍ ചെന്നൈ സൂപ്പർ കിംഗ്സ് മോശമല്ലാത്ത തുടക്കം നേടി. നാലാം ഓവറില്‍ രചിന്‍ രവീന്ദ്രയെ (18 പന്തില്‍ 27) സ്പിന്നർ രവിചന്ദ്ര അശ്വിന്‍ മടക്കുമ്പോള്‍ ടീം സ്കോർ 32 ഉണ്ടായിരുന്നു. ഇതിന് ശേഷം രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്‌ക്‌വാദും ഡാരില്‍ മിച്ചലും സിഎസ്കെയെ അനായാസം മുന്നോട്ട് നയിച്ചു. എട്ടാം ഓവറില്‍ യൂസ്‍വേന്ദ്ര ചാഹലാണ് മിച്ചലിനെ (13 പന്തില്‍ 22) എല്‍ബിയില്‍ മടക്കി ബ്രേക്ക് ത്രൂ നേടിയത്. ഇതിന് ശേഷം മൊയീന്‍ അലിയെ (13 പന്തില്‍ 10) നാന്ദ്ര ബർഗറും, ശിവം ദുബെയെ (11 പന്തില്‍ 18) അശ്വിനും മടക്കിയതോടെ ചെന്നൈക്ക് ജയിക്കാന്‍ 36 ബോളില്‍ 35 റണ്‍സ്.
റുതുരാജ് ഗെയ്‌ക്‌വാദും രവീന്ദ്ര ജഡേജയും ക്രീസില്‍ നില്‍ക്കേ ആവേഷ് ഖാന്‍ എറിഞ്ഞ 16-ാം ഓവറില്‍ രവീന്ദ്ര ജഡേജ ഫീല്‍ഡിംഗ് തടസപ്പെടുത്തി എന്ന കാരണത്താല്‍ പുറത്തായി. 7 പന്തില്‍ 5 റണ്‍സേ ജഡേജ നേടിയുള്ളൂ. രണ്ടാം റണ്ണിനായി ജഡ്ഡു ഓടുമ്പോള്‍ വിക്കറ്റ് കീപ്പറായ സഞ്ജു സാംസണിന്‍റെ ത്രോ തടസപ്പെടുത്തി എന്നാണ് മൂന്നാം അംപയർ കണ്ടെത്തിയത്. എന്നാല്‍ ഇപാക്ട് പ്ലെയറായി ഇറങ്ങിയ സമീർ റിസ്‍വിക്കൊപ്പം നായകന്‍ റുതു സിഎസ്കെയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തുന്ന വിജയം സമാനിച്ചു. റുതുരാജ് 41 പന്തില്‍ 42* ഉം, സമീർ 8 പന്തില്‍ 15* ഉം റണ്‍സുമായും പുറത്താവാതെ നിന്നു.

നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് റോയല്‍സ് സ്ലോ പിച്ചില്‍ വിയർത്തു. ഓപ്പണർമാരായ യശസ്വി ജയ്സ്വാളും ജോസ് ബട്‍ലറും പവർപ്ലേയില്‍ 42 റണ്‍സാണ് ചേർത്തത്. പിന്നാലെ ജയ്സ്വാളിനെയും (21 പന്തില്‍ 24), ബട്‍ലറെയും (25 പന്തില്‍ 21) മടക്കി പേസർ സിമർജീത് സിംഗ് രാജസ്ഥാനെ പ്രതിസന്ധിയിലാക്കി. ഓപ്പണർമാർ മടങ്ങുമ്പോള്‍ 8.1 ഓവറില്‍ 49 റണ്‍സാണ് രാജസ്ഥാന്‍ റോയല്‍സിനുണ്ടായിരുന്നത്. മൂന്നാം വിക്കറ്റില്‍ റിയാന്‍ പരാഗിനൊപ്പം ടീമിനെ 100 കടത്തും മുമ്പേ ക്യാപ്റ്റന്‍ സഞ്ജു സാംസണും മടങ്ങി. 15-ാം ഓവറിലെ രണ്ടാം പന്തില്‍ സിമർജീത്തിന് മൂന്നാം വിക്കറ്റ് സമ്മാനിച്ച് സഞ്ജു സാംസണ്‍ മടങ്ങുമ്പോള്‍ പേരില്‍ 9 ബോളുകളില്‍ 15 റണ്‍സ് മാത്രം.
നാലാം വിക്കറ്റില്‍ റിയാന്‍ പരാഗും ധ്രുവ് ജൂരെലും 40 റണ്‍സ് കൂട്ടുകെട്ടുമായി രക്ഷാപ്രവർത്തനം നടത്തിയത് മാത്രമാണ് ഇന്നിംഗ്സില്‍ രാജസ്ഥാന്‍റെ ഏക കൂട്ടുകെട്ട്. തുഷാർ ദേശ്പാണ്ഡെ എറിഞ്ഞ ഇന്നിംഗ്സിലെ 20-ാം ഓവറിലെ ആദ്യ ബോളില്‍ ജൂരെല്‍ (18 പന്തില്‍ 28) മടങ്ങിയതും രാജസ്ഥാന് തിരിച്ചടിയായി. തൊട്ടടുത്ത പന്തില്‍ ശുഭം ദുബെ ഗോള്‍ഡന്‍ ഡക്കായി. 20 ഓവറും പൂർത്തിയാകുമ്പോള്‍ റിയാന്‍ പരാഗ് 35 പന്തില്‍ 47* ഉം, രവിചന്ദ്രന്‍ അശ്വിന്‍ ഒരു പന്തില്‍ 1* ഉം റണ്‍സുമായി പുറത്താവാതെ നില്‍പുണ്ടായിരുന്നു. ചെന്നൈക്കായി പേസർമാരായ സിമർജീത് സിംഗ് നാലോവറില്‍ 26 റണ്‍സിന് മൂന്നും, തുഷാർ ദേശ്പാണ്ഡെ 30 റണ്‍സിന് രണ്ടും വിക്കറ്റ് വീതം വീഴ്ത്തി

Post a Comment

Previous Post Next Post