കേരളം കണ്ട ഏറ്റവും വലിയ 'പൊളിറ്റിക്കൽ പോയിസൺ'; ഷാഫി പറമ്പിലിനെതിരെ എ.എ റഹീം

(www.kl14onlinenews.com)
(03-May-2024)

കേരളം കണ്ട ഏറ്റവും വലിയ 'പൊളിറ്റിക്കൽ പോയിസൺ'; ഷാഫി പറമ്പിലിനെതിരെ എ.എ റഹീം
കോഴിക്കോട്: വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിലും എംഎല്‍എയുമായ ഷാഫി പറമ്പിലിനെതിരെ കടുത്ത വിമർശനവുമായി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം എം.പി. വടകരയിലെ തിരഞ്ഞെടുപ്പ് പ്രചാരണ വിവാദങ്ങളെ മുൻനിർത്തി ഷാഫിയെ വിമർശിച്ച റഹീം ഷാഫി പറമ്പിൽ കേരളം കണ്ട ഏറ്റവും വലിയ പൊളിറ്റിക്കൽ പോയിസൺ (രാഷ്ട്രീയ വിഷം) ആണെന്ന് പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ കുമ്പിടിയാണ് ഷാഫിയെന്നും അദ്ദേഹത്തിന്റേത് മത ന്യൂനപക്ഷ വർഗീയതയാണെന്നും റഹീം വിമർശിച്ചു. വടകരയിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച 'യൂത്ത് അലെര്‍ട്ട്' പരിപാടിയിലായിരുന്നു റഹീമിന്റെ പരാമർശങ്ങൾ.

വടകര മണ്ഡലത്തിൽ രാഷ്ട്രീയ മത്സരമല്ല ഷാഫി നടത്തിയത്. പകരം വ്യാജ നിര്‍മ്മിതിയാണ് ഇവിടെ ഉണ്ടായത്. പാലക്കാട് കാവി പുതയ്ക്കുന്ന ഷാഫി പറമ്പില്‍ വടകരയില്‍ എത്തുമ്പോള്‍ മറ്റൊരു കൊടിയാണ് പുതയ്ക്കുന്നത്. മുസ്ലിം ലീഗിന്റെ മേലില്‍ ചാരിനില്‍ക്കുന്ന ചട്ടമ്പിയായി കോണ്‍ഗ്രസ് മെലിഞ്ഞുപോയെന്നും റഹീം പരിഹസിച്ചു.

വ്യാജ നിര്‍മ്മിതികളിലൂടെ തിരഞ്ഞെടുപ്പിന്റെ യുദ്ധമുനമ്പ് സൃഷ്ടിക്കാനായിരുന്നു യുഡിഎഫ് വടകരയില്‍ ശ്രമിച്ചത്. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷത്തെ വടകരയിൽ സ്ഥാനാര്‍ത്ഥിയായും കൊണ്ടിറക്കി. വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി പൗരത്വ ഭേദഗതി നിയമത്തിനെതിരെയോ ഏക സിവില്‍കോഡിനെതിരെയോ അയോധ്യയിലെ പ്രാണ പ്രതിഷ്ഠയിലോ നട്ടെലുള്ള നിലപാട് പറഞ്ഞതായി ഓര്‍മ്മയുണ്ടോയെന്നും റഹീം ചോദിച്ചു.

Post a Comment

Previous Post Next Post