(www.kl14onlinenews.com)
(01-May-2024)
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ സ്വകാര്യ വാഹനത്തിനു കെഎസ്ആർടിസി ഡ്രൈവർ സൈഡ് നൽകിയില്ലെന്ന് ആരോപിച്ചുണ്ടായ വാക്കുതർക്കത്തില്‍ ഡ്രൈവര്‍ക്കെതിരെ തിരുവനന്തപുരം കോര്‍പ്പറേഷൻ കൗണ്‍സില്‍ യോഗത്തിൽ പ്രമേയം പാസാക്കി. കെഎസ്ആർടിസി ഡ്രൈവർ യദുവിനെ പിരിച്ചുവിടണമെന്നും സംഭവത്തിൽ നിയമ നടപടി സ്വീകരിക്കണമെന്നും പറഞ്ഞുകൊണ്ടുള്ള പ്രമേയമാണ് കൗൺസിൽ പാസാക്കിയത്. കൗണ്‍സില്‍ യോഗത്തില്‍ സിപിഎം-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
ജില്ലയിലെ ജനങ്ങളുടെ ആത്മാഭിമാനത്തെയാണ് മുറിവേൽപ്പിച്ചതെന്നും സമൂഹത്തോട് മേയർ മാപ്പ് പറയണമെന്നും കൗൺസിൽ യോഗത്തിൽ ബിജെപി ആവശ്യപ്പെട്ടു. മേയര്‍ പദവി ദുരുപയോഗം ചെയ്താണ് ബസ് തടഞ്ഞതെന്ന് ബിജെപി അംഗം അനില്‍ കുമാര്‍ ആരോപിച്ചു. ബിജെപി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. മേയര്‍ നഗരസഭയക്ക് അപമാനമാണെന്നും രാജിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അംഗങ്ങളും വിമര്‍ശനം ഉന്നയിച്ചു. യദു ആവശ്യപ്പെട്ടാല്‍ സംരക്ഷണം നല്‍കുമെന്നും ബിജെപി അംഗങ്ങള്‍ വ്യക്തമാക്കി.
അതേസമയം പ്രമേയ ചർച്ചക്കിടെ താൻ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെതിരെയാണെന്നും വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം ആണ് നേരിടുന്നതെന്നും ഒരു മാധ്യമങ്ങളും ഇക്കാര്യങ്ങളൊന്നും ചൂണ്ടിക്കാട്ടിയില്ലെന്നും മാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും മേയര്‍ വിതുമ്പികൊണ്ട് പറഞ്ഞു. സൈഡ് കൊടുക്കാത്തതിനല്ല, ലൈംഗികമായി അധിഷേധിപിച്ചതിനാണ് പ്രതികരിച്ചതെന്നും നിയമനടപടി തുടരുമെന്നും മേയര്‍ പറഞ്ഞു. സത്യാവസ്ഥ പുറത്തു വരും. പ്രതികരിക്കുന്നതിന് മുമ്പേ മന്ത്രിയെയും പൊലീസിനെയും അറിയിച്ചുവെന്നും മേയര്‍ ആര്യാ രാജേന്ദ്രൻ പറഞ്ഞു.
Post a Comment