(www.kl14onlinenews.com)
(16-May-2024)
ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കുന്നു. കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കളിച്ച് കരിയർ അവസാനിപ്പിക്കാനാണ് താരത്തിന്റെ തീരുമാനം.
ജൂൺ ആറിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽവച്ചാണ് മത്സരം. 39 വയസ്സുകാരനായ ഛേത്രി ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിയുടെ താരമാണ്. ഇന്ത്യക്കായി 145 മത്സരങ്ങൾ കളിച്ച ഛേത്രി 20 വർഷത്തെ കരിയറിൽ 93 ഗോളുകൾ നേടിയിട്ടുണ്ട്.
2005 ജൂണ്‍ 12-ന് പാകിസ്താനെതിരേ സൗഹൃദ മത്സരത്തിലായിരുന്നു ഛേത്രിയുടെ അരങ്ങേറ്റം. ആ കളിയില്‍തന്നെ ഗോളും നേടി. ക്വറ്റയിലെ അയൂബ് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ 65-ാം മിനിറ്റിലാണ് ഛേത്രി കന്നിഗോള്‍ നേടിയത്. മത്സരം സമനിലയില്‍ കലാശിച്ചു.
ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും തൊട്ടുപിന്നിലാണ് ഛേത്രി. ആറ് തവണ എ.ഐ.എഫ്.എഫ് പ്ലെയർ ഓഫ് ദ ഇയർ അവാർഡ് നേടിയ താരത്തെ 2011-ൽ അർജുന അവാർഡും 2019-ൽ പത്മശ്രീയും നൽകി രാജ്യം ആദരിച്ചു.
2002 -ൽ മോഹൻ ബഗാൻ ക്ലബിലൂടെയാണ് ഫുട്‌ബോളിൽ സുനിൽ ഛേത്രിയുടെ ഫുട്ബോൾ ഭാവി വികസിച്ചത്. 2013 -ൽ ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) പ്ലെയർ ഓഫ് ദി ഇയർ അവാർഡിനും അർഹനായി. 2007 -ലും 2011 -ലും അവാർഡ് ഛേത്രിക്കു തന്നെയായിരുന്നു.
2007, 2009, 2012 വർഷങ്ങളിൽ നെഹ്‌റു കപ്പ് ഫുട്‌ബോളിലും 2011 -ലെ സാഫ് ചാമ്പ്യൻഷിപ്പിലും ഇദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2008 -ലെ എഎഫ്‌സി ചാലഞ്ച് കപ്പിൽ ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരാൻകൂടിയായിരുന്നു സുനിൽ ഛേത്രി
Post a Comment