പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്,മറ്റ് ടീമുകളുടെ സാധ്യത ഇങ്ങനെ

(www.kl14onlinenews.com)
(09-May-2024)

പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്,മറ്റ് ടീമുകളുടെ സാധ്യത ഇങ്ങനെ
ഹൈദരാബാദ്: ഐപിഎൽ 2024-ൽ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്. അഞ്ചു തവണ കിരീടം നേടിയ മുംബൈ മറക്കാനാഗ്രഹിക്കുന്ന സീസണായിരുന്നു ഇത്തവണത്തേത്. ബുധനാഴ്ച നടന്ന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരേ സൺറൈസേഴ്സ് ഹൈദരാബാദ് ആധികാരിക ജയം നേടിയതോടെയാണ് മുംബൈ ഔദ്യോഗികമായി പുറത്തായത്. മുംബൈ ക്യാപ്റ്റനായുള്ള ഹാർദിക് പാണ്ഡ്യയുടെ ആദ്യ സീസൺ ഇതോടെ നിരാശ നിറഞ്ഞതായി.

ഇതുവരെ 12 മത്സരങ്ങളിൽ നിന്ന് നാലു ജയം മാത്രമുള്ള മുംബൈ നിലവിൽ ഒമ്പതാം സ്ഥാനത്താണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ ജയിച്ചാലും അവർക്കിനി ആദ്യ നാലിലെത്താൻ സാധിക്കില്ല.

ഐപിഎല്‍ പ്ലേ ഓഫ് പോരാട്ടം അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിനൊഴികെയുള്ള ടീമുകള്‍ക്ക് ഇപ്പോഴും പ്ലേ ഓഫ് സാധ്യതയുണ്ടെന്നതാണ് ഇത്തവണത്തെ പ്രത്യേകത. 16 പോയന്‍റ് വീതം നേടി യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തുള്ള കൊല്‍ക്കത്തയും രാജസ്ഥാനും മാത്രമാണ് നിലവില്‍ പ്ലേ ഓഫിലേക്ക് ഒരു കാല്‍വെച്ച ടീമുകള്‍. ടീമുകളും പ്ലേ ഓഫ് സാധ്യതയും എങ്ങനെയെന്ന് നോക്കാം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: 11 മത്സരങ്ങളില്‍ 16 പോയന്‍റും 1.453 നെറ്റ് റണ്‍റേറ്റുമുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് 99 ശതമാനം പ്ലേ ഓഫ് ഉറപ്പിച്ചുവെന്ന് പറയാവുന്ന ആദ്യ ടീം. മൂന്ന് മത്സരങ്ങളാണ് ഇനി കൊല്‍ക്കത്തക്ക് ബാക്കിയുള്ളത്. ഇതില്‍ പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ച മുംബൈ ഇന്ത്യൻസും പ്ലേ ഓഫിലെത്താന്‍ നേരിയ സാധ്യതയുള്ള ഗുജറാത്ത് ടൈറ്റന്‍സുമാണ് കൊല്‍ക്കത്തയുടെ രണ്ട് എതിരാളികള്‍. ഇതില്‍ ഒരു മത്സരം ജയിച്ചാലും കൊല്‍ക്കത്ത പ്ലേ ഓഫിലെത്തും. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സാണ് കൊല്‍ക്കത്തയുടെ എതിരാളി. ഇതിലെ വിജയികളായിരിക്കും പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുക എന്നാണ് കരുതുന്നത്.

രാജസ്ഥാന്‍ റോയല്‍സ്: കൊല്‍ക്കത്തയുടേതുപോലെ 11 കളികളില്‍ 16 പോയന്‍റുള്ള രാജസ്ഥാന്‍ നെറ്റ് റണ്‍റേറ്റില്‍(0.476) ആണ് കൊല്‍ക്കത്തക്ക് പിന്നിലാവുന്നത്. മൂന്ന് മത്സരങ്ങള്‍ ബാക്കിയുള്ള രാജസ്ഥാന്‍ 96 ശതമാനം പ്ലേ ഓഫ് ഉറപ്പിച്ചുവെന്ന് പറയാം. പ്ലേ ഓഫ് പ്രതീക്ഷയുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ്, നേരിയ സാധ്യത മാത്രമുള്ള പഞ്ചാബ് കിംഗ്സ്, ഒന്നാമതുള്ള കൊല്‍ക്കത്ത എന്നീ ടീമുകളാണ് രാജസ്ഥാന്‍റെ എതിരാളികള്‍. ഇതില്‍ ഒരു മത്സരം ജയിച്ചാലും രാജസ്ഥാന്‍ പ്ലേ ഓഫിലെത്തും. രണ്ട് മത്സരങ്ങള്‍ ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലും ഒരു മത്സരം ചെന്നൈയുടെ ഹോം ഗ്രൗണ്ടിലുമാണ്.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: ആദ്യ രണ്ട് സ്ഥാനക്കാര്‍ കഴിഞ്ഞാല്‍ പ്ലേ ഓഫിലെത്താന്‍ പിന്നീടുള്ളവര്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. ഇതില്‍ 11 മത്സരങ്ങളില്‍ 12 പോയന്‍റുമായി മൂന്നാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സിന് പ്ലേ ഓഫിലെത്താന്‍ 59 ശതമാനം സാധ്യതയാണ് അവശേഷിക്കുന്നത്. പ്ലേ ഓഫിലെത്താന്‍ നേരിയ സാധ്യത മാത്രമുള്ള ആര്‍സിബിയും ഗുജറാത്ത് ടൈറ്റന്‍സും രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സുമാണ് ചെന്നൈയുടെ ഇനിയുള്ള എതിരാളികള്‍. മൂന്നില്‍ രണ്ട് കളികളെങ്കിലും ജയിച്ചാല്‍ ചെന്നൈ പ്ലേ ഓഫിലെത്തിയേക്കും. നെറ്റ് റണ്‍റേറ്റിലും(0.700) ചെന്നൈക്ക് പിന്നിലുള്ളവരെക്കാള്‍ നേരിയ മുന്‍തൂക്കമുണ്ട്.

സണ്‍റൈസേഴ്സ് ഹൈദരാബാദ്: ചെന്നൈ സൂപ്പര്‍ കിംഗ്സ് കഴിഞ്ഞാല്‍ പ്ലേ ഓഫിലെത്താന്‍ കൂടുതല്‍ സാധ്യതയുള്ള ടീം ഹൈദരാബാദാണ്. 12 കളികളില്‍ 14 പോയന്‍റുള്ള ഹൈദരാബാദിന് പ്ലേ ഓഫിലെത്താന്‍ 60 ശതമാനം സാധ്യതയാണുള്ളത്. ഇന്ന് നടന്ന മത്സരത്തില്‍ ലഖ്നൗവിനെ തകര്‍ത്ത ഹൈരദാബാദിന് അവസാന രണ്ട് മത്സരങ്ങളില്‍ ഗുജറാത്ത് ടൈറ്റന്‍സും പ‍ഞ്ചാബ് കിംഗ്സുമാണ് എതിരാളികള്‍ എന്നതും അനുകൂല ഘടകമാണ്

ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്: ഇന്ന് നടന്ന മത്സരത്തില്‍ ഹൈദരാബാദിനോട് തോറ്റ ലഖ്നൗവിന് 12 കളികളില്‍ 12 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ ആറാമതാണ്. ലഖ്നൗവിന് പ്ലേ ഓഫിലെത്താന്‍ 39 ശതമാനം സാധ്യതയെ അവശേഷിക്കുന്നുള്ളു. അവസാന രണ്ട് കളികളില്‍ രണ്ടെും ജയിച്ചാല്‍ ലഖ്നൗവിന് പ്ലേ ഓഫില്‍ പ്രതീക്ഷ വെക്കാം ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സുമാണ് ലഖ്നൗവിന്‍റെ അവസാന രണ്ട് മത്സരങ്ങളിലെ എതിരാളികള്‍. രണ്ടും എവേ മത്സരങ്ങളാണെന്നത് മാത്രമാണ് തിരിച്ചടി.

ഡല്‍ഹി ക്യാപിറ്റല്‍സ്: രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചതോടെ 12 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറിയ ഡല്‍ഹി ക്യാപിറ്റല്‍സിന് പക്ഷേ പ്ലേ ഓഫിലെത്താന്‍ 30 ശതമാനം സാധ്യതയെ അവശേഷിക്കുന്നുള്ളു. അവസാന രണ്ട് മത്സരങ്ങളും ജയിച്ചാല്‍ മാത്രമെ ഡല്‍ഹിക്ക് പ്ലേ ഓഫിലെത്താനുള്ള സാധ്യതയുള്ളു. ഇതില്‍ ആര്‍സിബിയും ലഖ്നൗവുമാണ് ഡല്‍ഹിയുടെ എതിരാളികള്‍. ആര്‍സിബിക്കെതിരെ എവേ മത്സരവും ലഖ്നൗവിനെതിരെ ഹോം മത്സരവുമാണ് ഡല്‍ഹിക്കുള്ളത്

ആര്‍സിബി: ആദ്യ ആറ് ടീമുകള്‍ കഴിഞ്ഞാല്‍ അത്ഭും സംഭവിച്ചാല്‍ മാത്രമെ പിന്നീടുള്ളവര്‍ക്ക് പ്ലേ ഓഫ് സാധ്യതയുള്ളു. ഇതില്‍ 11 കളികളില്‍ എട്ട് പോയന്‍റ് മാത്രമുള്ള ആര്‍സിബിക്ക് മൂന്ന് ശതമാനം സാധ്യത മാത്രമാണുള്ളത്. അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിക്കുകയും എതിരാളികളുടെ മത്സരഫലം അനുകൂലമാകുകയും ചെയ്താല്‍ മാത്രമാണ് ആര്‍സിബിക്ക് സാധ്യതയുള്ളത്. പ‍ഞ്ചാബ് കിംഗ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് എന്നിവരാണ് ആര്‍സിബിയുടെ എതിരാളികള്‍. ഇതില്‍ ചെന്നൈക്കും ഡല്‍ഹിക്കുമെതിരെ ഹോം മാച്ചുകളാണെന്ന ആനുകൂല്യമുണ്ട്.

പ‍ഞ്ചാബ് കിംഗ്സ്: ആര്‍സിബിയുടേത് പോലെ മൂന്ന് ശതമാനം പ്ലേ ഓഫ് സാധ്യത മാത്രമാണ് 11 കളികളില്‍ എട്ടു പോയന്‍റുള്ള പഞ്ചാബ് കിംഗ്സിനുമുള്ളത്. അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിക്കുകയും എതിരാളികളുടെ മത്സരഫലം അനുകൂലമാകുകയും ചെയ്താല്‍ മാത്രമാണ് പ‍ഞ്ചാബ് കിംഗ്സിന് സാധ്യതയുള്ളു. ആര്‍സിബിക്ക് പുറമെ കരുത്തരായ രാജസ്ഥാനും ഹൈദരാബാദുമാണ് അവസാന മത്സരങ്ങളിലെ എതിരാളികള്‍ എന്നത് പക്ഷെ പഞ്ചാബിന് തിരിച്ചടിയാണ്.

ഗുജറാത്ത് ടൈറ്റന്‍സ്: 11 കളികളില്‍ എട്ട് പോയന്‍റുള്ള ഗുജറാത്ത് ടൈറ്റന്‍സിന്‍റെ കാര്യം കുറച്ചു കൂടി കടുപ്പമാണ്. വെറും രണ്ട് ശതമാനം പ്ലേ ഓഫ് സാധ്യത മാത്രമാണ് ഗുജറാത്തിനുള്ളത്. അവസാന മൂന്ന് കളികളില്‍ ജയിച്ചാല്‍ മാത്രം പോര എതിരാളികളുടെ മത്സരഫലവും അനുകൂലമാകണം. കരുത്തരായ ചെന്നൈയും കൊല്‍ക്കത്തയും ഹൈദരാബാദുമാണ് ഗുജറാത്തിന്‍റെ എതിരാളികള്‍.

മുംബൈ ഇന്ത്യന്‍സ്: പോയന്‍റ് പട്ടികയില്‍ നിലവില്‍ ഒമ്പതാം സ്ഥാനത്താണെങ്കിലും ഹൈദരാബാദ് ലഖ്നൗവിനെ വീഴ്ത്തിയതോടെ ഔദ്യോഗദികമായി പ്ലേ ഓഫ് കാണാതെ പുറത്താവുന്ന ആദ്യ ടീമായി ടീം മുംബൈ ഇന്ത്യന്‍സ്. 12 കളികളില്‍ എട്ട് പോയന്‍റുള്ള മുംബൈക്ക് അവസാന രണ്ട് കളികളും ജയിച്ചാലും ഇനി പ്ലേ ഓഫിലെത്താനാവില്ല. കരുത്തരായ കൊല്‍ക്കത്തയും ഹൈദരാബാദുമാണ് ഇനിയുള്ള എതിരാളികള്‍ എന്നതും മുംബൈയുടെ വഴി അടച്ചു.

Post a Comment

Previous Post Next Post