(www.kl14onlinenews.com)
(06-May-2024)
മുംബൈ: ഐപിഎല്ലില്‍ ജീവന്‍ നിലനിര്‍ത്തി മുംബൈ ഇന്ത്യന്‍സ്. നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചോടെയാണ് മുംബൈ വിദൂര സാധ്യതകള്‍ സ്വപ്‌നം കണ്ട് തുടങ്ങിയത്. വാംഖഡെയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദാബാദിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനാണ് സാധിച്ചത്. 30 പന്തില്‍ 48 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ടോപ് സ്‌കോറര്‍. 17 പന്തില്‍ 35 റണ്‍സുമായി പുറത്താവാതെ നിന്ന പാറ്റ് കമ്മിന്‍സിന്റെ ഇന്നിംഗ്‌സ് നിര്‍ണായകമായി. മറുപടി ബാറ്റിംഗില്‍ മുംബൈ 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവാണ് (51 പന്തില്‍ 102) ടീമിനെ നിര്‍ണായക വിജയത്തിലേക്ക് നയിച്ചത്. ജയിച്ചെങ്കിലും 12 മത്സരങ്ങളില്‍ എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് മുംബൈ.
ഒരിക്കല്‍കൂടി തോല്‍ക്കുമെന്ന രീതിയിലായിരുന്നു മുംബൈയുടെ തുടക്കം. 4.1 ഓവറില്‍ ആതിഥേയര്‍ മൂന്നിന് 31 എന്ന നിലയിലായി. ഇഷാന്‍ കിഷന്റെ (7 പന്തില്‍ 9) വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. മാര്‍കോ ജാന്‍സന്റെ പന്തില്‍ മായങ്ക് അഗര്‍വാളിന് ക്യാച്ച്. നാലാം ഓവറില്‍ രോഹിത് ശര്‍മ (4) മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹെന്റിച്ച് ക്യാച്ച് നല്‍കുകയായിരുന്നു രോഹിത്. മൂന്നാമനായി ക്രീസിലെത്തിയ നമന്‍ ധിര്‍ 9 പന്തില്‍ റണ്‍സൊന്നുമെടുക്കാതെ മടങ്ങി
പിന്നീട് ഒത്തുചേര്‍ന്ന തിലക് വര്‍മ (32 പന്തില്‍ 37) - സൂര്യ കൂട്ടുകെട്ടാണ് മുംബൈക്ക് വിജയം എളുപ്പമാക്കിയത്. തിലക് ഒരറ്റത്ത് പിന്തുണ നല്‍കി കൊണ്ടിരുന്നു. സൂര്യ സെഞ്ചുറിക്കുന്നതിന് വേണ്ടി സിംഗിള്‍ എടുത്ത് നല്‍കാനും തിലക് മറന്നില്ല. പിന്നാലെ ടി നടരാജനെ സിക്‌സ് നേടിയ സൂര്യ സെഞ്ചുറിയും വിജയവും പൂര്‍ത്തിയാക്കി. 51 പന്തുകള്‍ നേരിട്ട താരം ആറ് സിക്‌സും 12 ഫോറും നേടി. തിലകിന്റെ ഇന്നിംഗ്‌സില്‍ ആറ് ഫോറുകളുണ്ടായിരുന്നു.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും പിയൂഷ് ചൗളയുമാണ് മുംബൈ ബൗളിങ് നിരയില്‍ തിളങ്ങിയത്. ജസ്പ്രീത് ബുമ്ര മൂന്നോവറില്‍ 15 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി. ആദ്യമത്സരം കളിച്ച അന്‍ഷുല്‍ കാംബോജ് നാലോവറില്‍ 42 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. നിതീഷ് കുമാര്‍ റെഡ്ഡിയാണ് (15 പന്തില്‍ 20) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. അഭിഷേക് ശര്‍മ (11), മായങ്ക് അഗര്‍വാള്‍ (5), ക്ലാസന്‍ (2) എന്നിവരെല്ലാം പരാജയപ്പെട്ടു.
സൂര്യകുമാർ യാദവിൻ്റെ രണ്ടാമത്തെ ഐപിഎൽ സെഞ്ചുറിയും ടി20 ക്രിക്കറ്റിലെ ആറാമത്തെ ത്രീ ഫിഗർ സ്‌കോറുമായിരുന്നു ഇത്. ടൂർണമെൻ്റിൻ്റെ ചരിത്രത്തിൽ എംഐക്ക് വേണ്ടി രോഹിത് ശർമിന് ശേഷം നൂറിലധികം സ്‌കോർ ചെയ്യുന്ന രണ്ടാമത്തെ ബാറ്റ്‌സ്‌റ്ററായി ഇന്ത്യൻ താരം മാറി.
ജയത്തോടെ 12 മത്സരങ്ങളിൽ നിന്ന് 8 പോയിൻ്റ് നേടിയ എംഐ ഗുജറാത്തിനെ പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് തള്ളി. മറുവശത്ത്, സൺറൈസേഴ്‌സിന് മൂന്നാം സ്ഥാനത്തേക്ക് പോകാനുള്ള അവസരം നഷ്ടപ്പെട്ടു, അവർ 11 കളികളിൽ നിന്ന് 12 പോയിൻ്റുമായി 10 ടീമുകളുടെ പട്ടികയിൽ നാലാം സ്ഥാനത്ത് തുടരുന്നു.
Post a Comment