പൊള്ളുന്ന ചൂടിന് ആശ്വാസമായി മഴ; കേരളത്തിൽ കൃത്യസമയത്ത് മൺസൂണും എത്തും

(www.kl14onlinenews.com)
(07-May-2024)

പൊള്ളുന്ന ചൂടിന് ആശ്വാസമായി മഴ; കേരളത്തിൽ കൃത്യസമയത്ത് മൺസൂണും എത്തും
കൊച്ചി: കൊടും ചൂടില്‍ ഉരുകുകയായിരുന്നു ഈ വേനലില്‍ കേരളം. ചൂടിന് അല്പം ആശ്വാസമായി വേനല്‍ മഴയെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. നാളെ വൈകിട്ടു മുതൽ വടക്കൻ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 9-ാം തീയതി മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

എന്നാല്‍ മധ്യ–തെക്കൻ കേരളത്തിൽ നിലവില്‍ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അടുത്ത ആഴ്ച മധ്യ–തെക്കൻ ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചേക്കും. 10 -ാം തീയതില്‍ ഇടുക്കി ജില്ലയില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണ മണ്‍സൂണ്‍ കൃത്യസമയത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ മേയ് 15നു ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തയുണ്ടാകൂ എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

എന്നാല്‍ ചൂടിന് കര്യമായ കുറവൊന്നും ഈ മാസം അവസാനം വരെ ഉണ്ടാകാന്‍ സാധ്യതയില്ല. കനത്ത ചൂട് വരും ദിവസങ്ങളിലും തുടരും. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ് നിലവിലുണ്ട്.

മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കോമോറിൻ പ്രദേശം അതിനോട് ചേർന്ന ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ആന്ധ്രാ പ്രദേശ് തീരത്തും അതിനോട് ചേർന്ന ഒഡിഷ തീരത്തും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ തമിഴ്നാട് തീരത്ത് ചൊവ്വാഴ്ച രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

Post a Comment

Previous Post Next Post