മേയർ- ഡ്രൈവർ തർക്കം; ഡ്രൈവർ യദുവിനെതിരെ നടപടി വേണമെന്ന് സിനിമാതാരം റോഷ്ന ആർ റോയ്

(www.kl14onlinenews.com)
(03-May-2024)

മേയർ- ഡ്രൈവർ തർക്കം; ഡ്രൈവർ യദുവിനെതിരെ നടപടി വേണമെന്ന് സിനിമാതാരം റോഷ്ന ആർ റോയ്

തിരുവനന്തപുരം: മേയർ-ഡ്രൈവർ തർക്കത്തിൽ ഡ്രൈവർക്കെതിരേ പുതിയ വെളിപ്പെടുത്തലുമായി നടി റോഷ്ന ആർ റോയ്. മേയർ ആര്യ രാജേന്ദ്രൻ നേരിട്ടതിന് സമാനമായ അനുഭവം മാസങ്ങൾക്ക് മുമ്പേ ഇതേ ഡ്രൈവറിൽനിന്ന് തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് റോഷ്ന പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. പ്രവൃത്തി പുരോഗമിക്കുന്ന ദേശീയപാതയിൽ വച്ച് അപകടകരമാം വിധം തന്റെ വാഹനത്തെ മറികടന്ന ഇയാൾ പിന്നീട് ബസ് റോഡിൽ നിർത്തി ഇറങ്ങിവന്ന് കേട്ടാൽ അറയ്ക്കുന്ന അശ്ലീലഭാഷയിൽ ഭീഷണിപ്പെടുത്തുകയും തെറിപറയുകയും ചെയ്തെന്നും റോഷ്ന പറയുന്നു.

ഒരുസ്ഥാപനത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് കാറിൽ ഡ്രൈവ് ചെയ്ത് സഹോദരൻ ജോസഫിനൊപ്പം എറണാകുളത്തേക്ക് വരികയായിരുന്നു. കുന്നംകുളത്തിനടുത്തെത്തിയപ്പോഴാണ് ഒരു കെ.എസ്.ആർ.ടി.സി. ബസ് പിന്നാലെ വന്ന് തുടരെ ഹോൺ അടിക്കാൻ ആരംഭിച്ചത്. റോഡിൽ നിയന്ത്രണങ്ങളുണ്ടായതിനാൽ കാർ ഒതുക്കി ബസിനെ കടത്തിവിടാനുള്ള സാഹചര്യം ഉണ്ടായില്ല. തുടരെ ഹോൺ അടിക്കുകയും അപകടകരമാം വിധം മറികടക്കാനും കെ.എസ്.ആർ.ടി.സി. ഡ്രൈവർ ശ്രമിച്ചു. ബസ് കാറിൽ തട്ടുമോ എന്ന ഭയവുമുണ്ടായിരുന്നു. കാർ ഒതുക്കാനുള്ള കുറച്ച് സ്ഥലം കിട്ടിയപ്പോൾ ഞാൻ മെല്ലെ റോഡരികിലേക്ക് ചേർത്തുനിർത്തി. കാറിനെ തൊട്ടു, തൊട്ടില്ല എന്ന രീതിയിൽ ബസ് കടന്നുപോയി. ബസിലുണ്ടായിരുന്ന യാത്രക്കാർ പോലും കാറിന് തട്ടിയോ എന്ന് തലവെളിയിലേക്കിട്ട് നോക്കി.

യാത്ര തുടർന്ന് കുറച്ച് ദൂരം പിന്നിട്ടപ്പോൾ ബസ് വീണ്ടും മുന്നിൽ തന്നെ എത്തി. ഒന്നുരണ്ടുവട്ടം അയാൾ ചെയ്തതുപോലെ പിറകിൽനിന്ന് ഹോൺ മുഴക്കി. പെട്ടെന്ന് നടുറോഡിൽ ബസ് നിർത്തിവച്ച് ഡ്രൈവർ യദു അരികിലേക്ക് ഇറങ്ങി വന്നു. കാറിനടുത്ത് വന്ന് അശ്ലീലവും ലൈംഗികച്ചുവയും കലർന്ന ഭാഷയിൽ അയാൾ ഭീഷണിപ്പെടുത്തുകയും തെറിവിളിക്കുകയും ചെയ്തു.

അത്രയ്ക്കും ഭീകരമായ ഒരുപ്രതികരണം ഞാനയാളിൽ നിന്ന് പ്രതീക്ഷിച്ചില്ലെന്നും അതിനാൽ മറുത്തൊന്നും പറയാൻ സാധിച്ചില്ലെന്നും റോഷ്‌ന പറയുന്നു. കുറച്ച് നേരം തെറിവിളിച്ച് ഒരുഗ്യാങ് സ്റ്റാർ നായകനെ പോലെ അയാൾ വീണ്ടും ഡ്രൈവിങ് സീറ്റിലേക്ക് പോയി. അപ്പോൾ തന്നെ ആ ബസിന്റെ ഫോട്ടോ എടുത്തുവെന്നും ഈ സംഭവം മാനസികമായി വലിയ ആഘാതമുണ്ടാക്കി എന്നും റോഷ്‌ന പറയുന്നു. അൽപ ദൂരം മുന്നോട്ട് ചെന്നപ്പോൾ കണ്ട മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരോട് സംഭവം വിശദീകരിച്ചു. ഞാൻ ഉദ്യോഗസ്ഥരോട് സംസാരിക്കുന്നത് കണ്ട ഡ്രൈവർ വീണ്ടും ബസ് നിർത്തി അവിടേക്ക് ഇറങ്ങി വന്ന് വെല്ലുവിളി നടത്തി. പരാതി ഉണ്ടെങ്കിൽ പൊലീസ് സ്റ്റേഷനിൽ ചെന്ന് എഴുതികൊടുക്കണം എന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ അത്യാവശ്യമായി എറണാകുളത്ത് എത്തേണ്ടതിനാൽ പരാതിപ്പെടുന്നില്ലെന്നും ഡ്രൈവർ യദുവിന് ഒരുതാക്കീത് നൽകിയാൽ മതി എന്നും പറഞ്ഞാണ് അന്ന് ഞാനവിടെ നിന്ന് തിരിച്ചതെന്നായിരുന്നു റോഷ്‌ന എൻ റോയുടെ പ്രതികരണം.

Post a Comment

Previous Post Next Post