(www.kl14onlinenews.com)
(06-May-2024)
ലോകകപ്പ് ടീമിലെത്തി; പിന്നാലെ രണ്ടാമത്തെ ഗോൾഡൻ ഡക്കുമായി ശിവം ദുബെ; ലോകകപ്പ് താരങ്ങളുടെ ഫോമിൽ ഇന്ത്യക്ക് ആശങ്ക
ധരംശാല: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിന് പിന്നാലെ 15 അംഗ ടീമിലെത്തിയ താരങ്ങളുടെ മോശം പ്രകടനം തുടരുന്നു. ഐപിഎല്‍ ആദ്യ പകുതിയില്‍ അടിച്ചു തകര്‍ത്ത ശിവം ദുബെയാണ് ഏറ്റവും ഒടുവില്‍ നിരാശപ്പെടുത്തിയ താരം.
ഇന്ന് പഞ്ചാബ് കിംഗ്സിനെതിരെ ഗോള്‍ഡന്‍ ഡക്കായ ശിവം ദുബെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഗോള്‍ഡന്‍ ഡക്കാവുന്നത്. രണ്ട് തവണയും പുറത്തായത് പഞ്ചാബ് കിംഗ്സിനെതിരെ ആയിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ഹര്‍പ്രീത് ബ്രാറിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി നേരിട്ട ആദ്യ പന്തില്‍ പുറത്തായ ശിവം ദുബെ, ഇന്ന് രാഹുല്‍ ചാഹറിന്‍റെ പന്തില്‍ വിക്കറ്റിന് പിന്നില്‍ ജിതേഷ് ശര്‍മക്ക് ക്യാച്ച് നല്‍കി മടങ്ങി.
ഐപിഎല്ലിലെ ആദ്യ ഒമ്പത് കളികളില്‍ 43.75 ശരാശരിയിലും 170.73 സ്ട്രൈക്ക് റേറ്റിലും 350 റണ്‍സടിച്ച ശിവം ദുബെ ലോകകപ്പ് ടീമിലെത്തിയതിന് പിന്നാലെ നിരാശപ്പെടുത്തിയത് ഇന്ത്യയെ ആശങ്കയിലാക്കുന്ന കാര്യമാണ്. നേരത്തെ ലോകകപ്പ് ടീമിലെത്തിയതിന് പിന്നാലെ മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നേരിട്ട ആദ്യ പന്തില്‍ പുറത്തായി ഗോള്‍ഡന്‍ ഡക്കായപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും ഹൈദരാബാദിനെതിരെ ഡക്കായി പുറത്തായിരുന്നു.
ലോകകപ്പ് ടീം പ്രഖ്യാപനത്തിന് പിന്നാലെ നടന്ന രണ്ട് മത്സരങ്ങളിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ നിരാശപ്പെടുത്തിയപ്പോള്‍ സ്പിന്നറായി ലോകകപ്പ് ടീമിലെത്തിയ യുസ്‌വേന്ദ്ര ചാഹല്‍ നാലോവറില്‍ 62 റണ്‍സ് വഴങ്ങി. ലോകകപ്പ് ടീമിലുള്ള സൂര്യകുമാര്‍ യാദവ് കൊല്‍ക്കത്തക്കെതിരെ അര്‍ധസെഞ്ചുറി നേടിയെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല. ഇന്നലെ 42 റണ്‍സെടുത്ത വിരാട് കോലിയാണ് ലോകകപ്പ് ടീമിലെത്തിയശേഷവും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരു താരം.
ലോകകപ്പ് ടീം പ്രഖ്യാപനത്തിന് മുമ്പും ശേഷവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ ഒരേയൊരു താരം മുംബൈ പേസറായ ജസ്പ്രീത് ബുമ്ര മാത്രമാണ്. മുഹമ്മദ് സിറാജ് ടീം പ്രഖ്യാപനത്തിന് മുമ്പ് മോശം ഫോമിലായിരുന്നെങ്കിലും പ്രഖ്യാപനത്തിന് ശേഷം ഫോമിലായപ്പോള്‍ അര്‍ഷ്ദീപ് സിംഗ് നിരാശപ്പെടുത്തി.
അതേസമയം
ബാറ്റുകൊണ്ടും പന്തുകൊണ്ടും രവീന്ദ്ര ജഡേജ മിന്നിയ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെ 28 റണ്‍സിന് തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ജഡേജയുടെ ബാറ്റിംഗ് കരുത്തില്‍ 168 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോള്‍ പഞ്ചാബിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 26 പന്തില്‍ 43 റണ്‍സുമായി ചെന്നൈയുടെ ടോപ് സ്കോററായ ജഡേജ നാലോവറില്‍ 20 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത് ബൗളിംഗിലും തിളങ്ങി. ജയത്തോടെ 12 പോയന്‍റുമായി ചെന്നൈ പോയന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തു നിന്ന് മൂന്നാം സ്ഥാനത്തേക്ക് കയറി. തോല്‍വിയോടെ 11 കളികളില്‍ 8 പോയന്‍റുള്ള പഞ്ചാബിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റു.സ്കോര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 167-9, പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 139-9.
إرسال تعليق