പീഡനക്കേസിൽ ഒളിവിലായിരുന്ന പ്രജ്വൽ രേവണ്ണ ബെംഗളുരു വിമാനത്താവളത്തിൽ അറസ്റ്റിൽ

(www.kl14onlinenews.com)
(31-May-2024)

പീഡനക്കേസിൽ ഒളിവിലായിരുന്ന പ്രജ്വൽ രേവണ്ണ ബെംഗളുരു വിമാനത്താവളത്തിൽ അറസ്റ്റിൽ

ബെംഗളുരു: രാജ്യത്തെ ഞെട്ടിയ ലൈംഗികാതിക്രമ കേസിൽ പ്രതിയായ പ്രജ്വൽ രേവണ്ണയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസിനും വിവാദത്തിനും പിന്നാലെ രാജ്യം വിട്ട പ്രജ്വൽ, രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ ഫലമായി ജർമനിയിൽ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. പ്രജ്വൽ വിമാനമിറങ്ങുന്നത് കാത്തുന്നിന്ന എസ് ഐ ടി സംഘമടക്കമുള്ള വൻ പൊലീസ് സംഘമാണ് ബെംഗളുരു വിമാനത്താവളത്തിൽ വച്ചുതന്നെ കസ്റ്റഡിയിലെടുത്തത്.
പ്രജ്വൽ രേവണ്ണ മ്യൂണിക്കിൽ നിന്ന് പുറപ്പെട്ട ലുഫ്താൻസ വിമാനം DLH 764 അർധരാത്രി ഏകദേശം 12.50 ഓടെയാണ് ലാൻഡ് ചെയ്തത്. 20 മിനിറ്റ് വൈകിയാണ് വിമാനം ലാൻഡ് ചെയ്തത്. മ്യൂണികിൽ നിന്ന് പുറപ്പെട്ടത് വൈകിട്ട് 4.30 ന് തിരിച്ച വിമാനം 8 മണിക്കൂർ 43 മിനിറ്റ് യാത്രാസമയം എടുത്താണ് ബെംഗളൂരുവിലെത്തിയത്. 34 ദിവസം ഒളിവിൽ കഴിഞ്ഞ പ്രജ്വലിനെ വിമാനത്താവളത്തിൽ നിന്ന് തന്നെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പാലസ് റോഡിലെ സി ഐ ഡി ഓഫിസിലെത്തിച്ച പ്രതിയുടെ മെഡിക്കൽ പരിശോധന രാത്രി തന്നെ നടത്താനായി ആംബുലൻസടക്കം റെഡിയാക്കി നിർത്തിയിരുന്നു.

ആശയക്കുഴപ്പങ്ങൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിലാണ് ലൈംഗികാതിക്രമക്കേസുകളിലെ പ്രതിയായ എൻ ഡി എ സ്ഥാനാർഥി പ്രജ്വൽ രേവണ്ണ മടങ്ങിയെത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് നാലരയ്ക്ക് ജർമനിയിലെ മ്യൂണിക്കിൽ നിന്ന് പുറപ്പെട്ട വിമാനത്തിൽ പ്രജ്വൽ രേവണ്ണ ബോർഡ് ചെയ്തെന്ന് പ്രത്യേകാന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. മ്യൂണിക്കിൽ നിന്ന് DLH 764 എന്ന വിമാനത്തിലെ ബിസിനസ് ക്ലാസിൽ ബോർഡ് ചെയ്തെന്ന വിവരം അന്വേഷണസംഘത്തിന് കിട്ടിയത് വൈകിട്ട് 4 മണിയോടെയാണ്. ഇതോടെ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർ ബെംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ രണ്ടാം ടെർമിനലിലെത്തിയി. പ്രജ്വലെത്തിയ ഉടൻ തന്നെ കസ്റ്റഡിയിലെടുത്ത് സി ഐ ഡി ഓഫീസിൽ കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അതേസമയം പ്രജ്വലിന്‍റെ ജാമ്യാപേക്ഷ നാളെ ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി പരിഗണിക്കും.

ലൈംഗിക പീഡന വിവാദത്തെ തുടർന്ന് രാജ്യം വിട്ട ജനതാദൾ എംപി പ്രജ്വൽ രേവണ്ണ അറസ്റ്റിൽ. ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. പാലസ് റോഡിലെ എസ്ഐടി ഓഫിസിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മെഡിക്കൽ പരിശോധന ഉടൻ നടത്തുമെന്നാണ് വിവരം. ജർമനിയിലെ മ്യൂണിക്കിൽനിന്നുള്ള പ്രത്യേക വിമാനത്തിൽ പുലർച്ചെ പന്ത്രണ്ടേ മുക്കാലോടെയാണ് പ്രജ്വൽ ബെംഗളൂരൂവിലെത്തിയത്. ഇമിഗ്രേഷൻ പോയിന്റിലെത്തിയ പ്രജ്വലിനെ സിഐഎസ്എഫ് തടയുകയായിരുന്നു. തുടർന്നു കസ്റ്റ‍ഡിയിലെടുത്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പ്രജ്വൽ തിരിച്ചെത്തുമെന്ന സൂചന ലഭിച്ചതിനെ തുടർന്ന് വിമാനത്താവളത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു

കഴിഞ്ഞ 19ന് ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇന്റർപോൾ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുൻപാകെ സ്വയം ഹാജരാകുമെന്ന് ചൂണ്ടിക്കാട്ടി പ്രജ്വൽ കഴിഞ്ഞ ദിവസം ഒരു വിഡിയോ പുറത്തു വിട്ടിരുന്നു. ഇതു ഹംഗറിയിൽവച്ചു ചിത്രീകരിച്ചതാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

പ്രജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്ന കർണാടക സർക്കാരിന്റെ ആവശ്യത്തിന്മേൽ, കേന്ദ്ര വിദേശകാര്യ മന്ത്രാലയം 23ന് ഇ മെയിലായി ഷോക്കോസ് നോട്ടിസ് അയച്ചിരുന്നു. ജൂൺ 2 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. 10 ദിവസത്തെ സമയപരിധി അവസാനിക്കുന്നതോടെ പാസ്്പോർട്ട് റദ്ദാക്കലിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രാലയം അറിയിച്ചിരുന്നു.

സ്വന്തം മണ്ഡലമായ ഹാസൻ ഉൾപ്പെടെ കർണാടകയിൽ ആദ്യഘട്ട തിരഞ്ഞെടുപ്പു നടന്ന ഏപ്രിൽ 26ന് രാത്രിയാണ് പ്രജ്വൽ രാജ്യം വിട്ടത്. സ്വയം ചിത്രീകരിച്ച മൂവായിരത്തോളം ലൈംഗിക ക്ലിപ്പുകൾ ഉൾപ്പെട്ട പെൻഡ്രൈവുകൾ ചോർന്നതിനു പിന്നാലെയാണിത്. പ്രജ്വൽ രേവണ്ണയുടെ അശ്ലീല വിഡിയോയിൽ ഉൾപ്പെട്ട അതിജീവിതയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പ്രതിയാകാനുള്ള സാധ്യത മുന്നിൽക്കണ്ട് അമ്മ ഭവാനി രേവണ്ണ മുൻകൂർ ജാമ്യം തേടി പ്രത്യേക കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഈ കേസിൽ പിതാവും ദൾ എംഎൽഎയുമായ എച്ച്.ഡി.രേവണ്ണ നേരത്തെ അറസ്റ്റിലായിരുന്നു. രേവണ്ണയുടെ ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹർജിയിൽ ഇന്ന് വിധി പറയും

Post a Comment

أحدث أقدم