നവജാത ശിശുവിന്റെ കൊലപാതകം; കൊലക്കുറ്റം ചുമത്തി പൊലീസ്

(www.kl14onlinenews.com)
(03-May-2024)

നവജാത ശിശുവിന്റെ കൊലപാതകം; കൊലക്കുറ്റം ചുമത്തി പൊലീസ്
കൊച്ചി: എറണാകുളത്ത് നവജാത ശിശുവിന്റെ മൃതദേഹം റോഡിൽ കണ്ടെത്തിയ. സംഭവത്തിൽ കുറ്റം സമ്മതിച്ച് അമ്മ. പ്രസവിച്ചശേഷം കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് അമ്മ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. കുഞ്ഞ് ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.

കുഞ്ഞിന്റെ തലയോട്ടിക്കുണ്ടായ പരിക്കാണ് മരണം കാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. കീഴ് താടിക്കും പരുക്കുണ്ട്. അതേ സമയം മുറിക്കുള്ളിൽ വെച്ചാണോ റോഡിൽ വീണതിനെ തുടർന്നാണോ മരണ കാരണമായ പരിക്ക് തലയോട്ടിക്ക് ഉണ്ടായതെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. കുഞ്ഞിന്റെ ശരീരത്തിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടെന്നും പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നു. സംഭവത്തിൽ കുഞ്ഞിന്‍റെ അമ്മയ്ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

പെൺകുട്ടി ഗർഭിണിയാണെന്ന വിവരമോ പ്രസവിച്ച വിവരമോ മാതാപിതാക്കൾ അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ജനിച്ചപ്പോൾ തന്നെ കുഞ്ഞ് മരിച്ചിരുന്നോ അതോ പുറത്തേക്ക് വലിച്ചെറിഞ്ഞപ്പോഴാണോ മരിച്ചത് തുടങ്ങിയ വിവരങ്ങൾ കൂടുതൽ അന്വേഷണത്തിനുശേഷം മാത്രമേ പറയാനാകൂവെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

ഇന്നു പുലർച്ചെ കൊച്ചിയിലെ ഫ്ലാറ്റിലെ ശുചിമുറിയിലാണ് പ്രസവം നടന്നതെന്നാണ് പെൺകുട്ടി പൊലീസ് നൽകിയിരിക്കുന്ന മൊഴി. മൂന്നു മണിക്കൂറിനുശേഷമാണ് കുഞ്ഞിനെ ഫ്ലാറ്റിൽനിന്നും റോഡിലേക്ക് എറിഞ്ഞതെന്നും പെട്ടെന്നുണ്ടായ പരിഭ്രാന്തിയിലാണ് ഇങ്ങനെ ചെയ്തതെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

ഇന്നു രാവിലെയാണ് കൊച്ചിയിലെ ഒരു പ്രമുഖ റെസിഡൻഷ്യൽ ഏരിയയിലെ റോഡിൽ ശുചീകരണ തൊഴിലാളികൾ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ആമസോൺ പാർസൽ കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഈ സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നവജാത ശിശുവിന്റെ അമ്മയെന്ന് സംശയിക്കുന്ന പെൺകുട്ടിയും അവരുടെ അമ്മയും അച്ഛനുമാണ് കസ്റ്റഡിയിലുള്ളത്.

ഫ്ലാറ്റിൽനിന്ന് കുഞ്ഞിനെ താഴേക്ക് എറിയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇന്നു രാവിലെയോടെയാണ് കുഞ്ഞിനെ താഴേക്ക് എറിഞ്ഞത്. മണിക്കൂറുകൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റേതായിരുന്നു മൃതദേഹം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തെ ഫ്ലാറ്റിൽനിന്നാകും കുഞ്ഞിനെ എറിഞ്ഞതെന്ന നിഗമനത്തിൽ പൊലീസ് എത്തി. ഇവിടെ എത്തി പരിശോധിച്ചപ്പോൾ ശുചിമുറിയിൽനിന്നും പൊലീസ് രക്തക്കറ കണ്ടെത്തി. ഫ്ലാറ്റിലെ താമസക്കാരിയായ പെൺകുട്ടിയെ ചോദ്യം ചെയ്തതിൽനിന്നാണ് സംഭവത്തിൽ ഇപ്പോൾ അറിയുന്ന വിവരങ്ങൾ ലഭിച്ചത്.

Post a Comment

Previous Post Next Post