(www.kl14onlinenews.com)
(04-May-2024)
കൊച്ചി: താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും.
എറണാകുളം സി ജെ എം കോടതിയിലാണ് ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികൾക്കെതിരെ അന്വേഷണ സംഘം കൊലപാതകക്കുറ്റം ചുമത്തി. എട്ട് വകുപ്പുകളാണ് ചുമത്തിയത്. 302-കൊലപാതക കുറ്റം, 342-അന്യായമായി തടങ്കലിൽ വെക്കുക, 346-രഹസ്യമായി അന്യായമായി തടങ്കിൽ വെക്കൽ, 348-ഭയപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുന്നതിന് വേണ്ടി തടഞ്ഞു വെക്കുക, 330-ഭയപ്പെടുത്തി മർദ്ദിച്ചു കുറ്റം സമ്മതിപ്പിക്കൽ, 323-ദേഹോപദ്രവം ഏൽപിക്കൽ, 324-ആയുധം ഉപയോഗിച്ച് മർദിച്ച് ഗുരുതര പരിക്ക് ഏൽപിക്കൽ, 34 സംഘം ചേർന്നുള്ള അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയത്.
2023 ഓഗസ്റ്റ് ഒന്നിനാണ് താനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രി മരിക്കുന്നത്. താമിർ ജിഫ്രിയുടെ ശരീരത്തിൽ മർദനമേറ്റ 21 മുറിപ്പാടുകൾ ഉണ്ടായിരുന്നതായി ശരീരപരിശോധനാ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇതിൽ 19 മുറിവുകൾ മരണത്തിന് മുൻപും 2 മുറിവുകൾ മരണത്തിന് ശേഷവും സംഭവിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ശ്വാസകോശത്തിലെ നീർക്കെട്ടാണ് മരണകാരണമെങ്കിലും ശരീരത്തിലേറ്റ അടിയാണ് ഈ നീർക്കെട്ടിന് പ്രധാന കാരണമെന്നാണ് ഫൊറൻസിക് സർജന്റെ മൊഴി. അമിത അളവിലുള്ള ലഹരി ഉപയോഗവും നീർക്കെട്ടിനു കാരണമായി. ആദ്യം ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. സംഭവത്തിൽ എട്ട് പോലീസുകാരെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു.
താമിർ ജിഫ്രിയുടെ കസ്റ്റഡി മരണത്തിൽ മനുഷ്യവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു. താനൂർ കസ്റ്റഡി മരണക്കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് മരിച്ച താമിർ ജിഫ്രിയുടെ കുടുംബത്തിൻറെ ആരോപണം ഉയർന്നതോടെയാണ് കമ്മീഷൻ ഇടപെട്ടത്. കസ്റ്റഡി മരണം അന്വേഷിച്ച ക്രൈം ബ്രാഞ്ച് പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ആദ്യഘട്ട പ്രതിപട്ടിക സമർപ്പിച്ചിരുന്നു
Post a Comment