ചെറുവത്തൂരിൽ വൻ സ്വർണവേട്ട;കാറിൽ കടത്താൻ ശ്രമിച്ച കോടികളുടെ സ്വര്‍ണം പിടികൂടി 2024

(www.kl14onlinenews.com)
(11-May-2024)

ചെറുവത്തൂരിൽ വൻ സ്വർണവേട്ട;കാറിൽ കടത്താൻ ശ്രമിച്ച കോടികളുടെ സ്വര്‍ണം പിടികൂടി

കാസർക്കോട്: 
കാസർകോട്:ചെറുവത്തൂറിൽ ആഡംബരകാറിന്റെ രഹസ്യ അറയില്‍ കൊണ്ടുപോകുകയായിരുന്ന രണ്ട് കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് അധികൃതർ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. വിവിധ വിമാനത്താവളങ്ങളിലൂടെ കള്ളക്കടത്തായി കൊണ്ടുവന്ന സ്വര്‍ണം സംഭരിച്ച് ഉരുക്കി ആഭരണങ്ങള്‍ നിര്‍മിക്കാനായി കൊണ്ടുപോകുകയായിരുന്നു ഇതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. മംഗളൂരു സ്വദേശി ദേവരാജ് സേഠിൽ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.

സ്വര്‍ണം കൊണ്ടുപോകാന്‍ ഉപയോഗിച്ച ഫോർഡ് കാര്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ചെറുവത്തൂര്‍ ദേശീയപാത 66ല്‍ വെച്ചാണ് 2838.35 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് പരിശുദ്ധിയുള്ള സ്വര്‍ണം പിടികൂടിയത്. കോഴിക്കോട് കൊടുവള്ളിയില്‍ നിന്ന് മംഗളൂരുവിലെആഭരണ നിര്‍മാണ ശാലയിലേക്ക് കൊണ്ടുപോകുകയായിരുന്ന സ്വര്‍ണമാണ് ഇതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.

കേരളത്തിന്റെ വിവിധ വിമാനത്താവളങ്ങളിലൂടെ കൊണ്ടുവരുന്ന കള്ളക്കടത്ത് സ്വര്‍ണം കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കള്ളക്കടത്ത് സംഘം രഹസ്യകേന്ദ്രത്തില്‍ സംഭരിക്കുകയും ഇവ പിന്നീട് ആഭരണ നിര്‍മാതാക്കള്‍ക്ക് കൈമാറുകയും ചെയ്തിരുന്നുവെന്നാണ് വിവരം. പിടികൂടിയ സ്വര്‍ണത്തിന് 2.04 കോടി രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.

കോഴിക്കോട്, കരിപ്പൂര്‍, കൊച്ചി, നെടുമ്പാശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളിലൂടെ കോടികളുടെ സ്വര്‍ണക്കള്ളക്കടത്ത് നടന്നുവരുന്നുവെന്നാണ് അധികൃതർ പറയുന്നത്.

Post a Comment

أحدث أقدم