(www.kl14onlinenews.com)
(13-May-2024)
ഹിജാബ് ധരിച്ച സ്ത്രീ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്ന ദിവസം വരുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദിന്‍ ഒവൈസി. ‘‘ഇന്‍ഷാ അല്ലാഹ്. ഒരു മുസ്ലീം ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നെങ്കില്‍, ആ സ്ഥാനത്തേക്ക് ഹിജാബ് ധരിച്ച ഒരു സ്ത്രീയായിരിക്കും എത്തുക. അങ്ങനെയൊരു ദിവസം ഉണ്ടാകും,’’ ഒവൈസി പറഞ്ഞു.
എഐഎംഐഎം കോട്ടയായ ഹൈദരാബാദ് ഉള്‍പ്പെടെ തെലങ്കാനയിലെ 17 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ഇന്നായിരുന്നു. എഐഎംഐഎം ബിജെപിയെ സഹായിക്കുകയാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനും ഒവൈസി മറുപടി നല്‍കി.
’’ എന്നെ പോലെയുള്ള നേതാക്കളോ ഞങ്ങളുടെ പാര്‍ട്ടിയോ മുന്നോട്ട് വന്ന് ഞങ്ങളുടെ പങ്ക് വേണമെന്ന് ആവശ്യപ്പെടുമ്പോള്‍ ഉടന്‍ മറ്റുള്ളവര്‍ പറയും ഞങ്ങള്‍ ബിജെപിയെ സഹായിക്കുകയാണെന്ന്. ഇതിന്റെ അര്‍ത്ഥം എനിക്ക് മനസിലാകുന്നില്ല,’’ ഒവൈസി പറഞ്ഞു.
‘‘ഒറ്റയ്‌ക്കോ സഖ്യത്തിലോ ഞങ്ങള്‍ മത്സരിക്കുന്നിടത്ത് ഞങ്ങള്‍ക്ക് വോട്ട് ചെയ്യാനാണ് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത്. ഞങ്ങള്‍ ഇല്ലാത്തിടത്ത് ബിജെപിയെ തോല്‍പ്പിക്കണമെന്നും പറയുന്നുണ്ട്,’’ ഒവൈസി പറഞ്ഞു.
ബിജെപി സ്ഥാനാര്‍ത്ഥിയായ മാധവി ലതയാണ് ഒവൈസിയ്‌ക്കെതിര ഹൈദരാബാദില്‍ മത്സരിക്കുന്നത്. എന്നാല്‍ തങ്ങള്‍ വിജയിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഒവൈസി.
’’ ഞങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും. ജനങ്ങള്‍ തീരുമാനിച്ചാല്‍ ഞങ്ങള്‍ വിജയിക്കും. ജനവിധി ഞങ്ങള്‍ക്കെതിരാണെങ്കില്‍ പാര്‍ട്ടിയുടെ ഭാവിയ്ക്കായി കഠിനാധ്വാനം ചെയ്യാനും ഞങ്ങള്‍ ഒരുക്കമാണ്,’’ ഒവൈസി പറഞ്ഞു.
ഈയടുത്ത് രാജസ്ഥാനിലെ റാലിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി മുസ്ലീങ്ങള്‍ക്കെതിരെ നടത്തിയ വിദ്വേഷ പരാമര്‍ശത്തെക്കുറിച്ചും ഒവൈസി പ്രതികരിച്ചു. മുസ്ലീങ്ങളെ നുഴഞ്ഞുകയറ്റക്കാര്‍ എന്നാണ് മോദി അന്ന് വിശേഷിപ്പിച്ചത്.
മോദിയുടെ പരാമര്‍ശം കേട്ടിട്ട് തനിക്ക് അദ്ഭുതമൊന്നും തോന്നുന്നില്ലെന്നും അത് അദ്ദേഹത്തിന്റെ ഡിഎന്‍എയില്‍ തന്നെയുള്ള വാക്കുകളാണെന്നും ഒവൈസി പറഞ്ഞു.
’’ അതാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ഭാഷ. അവര്‍ മുസ്ലീങ്ങളെ വെറുക്കുന്നു. അതാണ് യഥാര്‍ത്ഥ ഹിന്ദുത്വ തത്വം. വിഷം ചീറ്റുന്ന പരാമര്‍ശം, ഭിന്നിപ്പുണ്ടാക്കല്‍ തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ അജണ്ടയിലുള്ളതാണ്. മുസ്ലീം സ്ത്രീകള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നുവെന്ന പരാമര്‍ശവും അദ്ദേഹം നടത്തുന്നു. നുണകളുടെ ഒരു കൂട്ടം തന്നെ അവര്‍ സമൂഹത്തിലേക്ക് എത്തിക്കുന്നു,’’ ഒവൈസി പറഞ്ഞു.
ഇന്‍ഡിയുമായി സഖ്യത്തിലാകാന്‍ എഐഎംഐഎം ആലോചിക്കുന്നുവെന്ന പ്രചരണത്തെപ്പറ്റിയും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.
’’ ഞങ്ങളുടെ പാര്‍ട്ടിയുടെ മഹാരാഷ്ട്ര വിഭാഗം അധ്യക്ഷനായ ഇംത്യാസ് അലി ഇന്‍ഡി സഖ്യത്തിന്റെ ഭാഗമാകുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് മൂന്ന് തവണ പറഞ്ഞിരുന്നു. എന്നാല്‍ സഖ്യത്തില്‍ നിന്ന് യാതൊരു പ്രതികരണവും ഇതുവരെയുണ്ടായിട്ടില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു കക്ഷി ഞങ്ങളുമായി സഖ്യമുണ്ടാക്കിയില്ലെങ്കിലും കുഴപ്പമില്ല. സഖ്യമുണ്ടായാലായും ഇല്ലെങ്കിലും ഞങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനം ഇതേ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകും,’’ ഒവൈസി പറഞ്ഞു.
ഹൈദരാബാദില്‍ എഐഎംഐഎം നേതാവ് അസദുദ്ദിന്‍ ഒവൈസിയും ബിജെപി സ്ഥാനാര്‍ത്ഥി മാധവി ലതയും തമ്മിലാണ് മത്സരമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 1984 മുതല്‍ എഐഎംഐഎമ്മിന് അനുകൂല വിധിയെഴുതി വരുന്ന മണ്ഡലം കൂടിയാണ് ഹൈദരാബാദ്. ഹൈദരാബാദിലെ പാര്‍ട്ടിയുടെ ജില്ലാ അധ്യക്ഷനായ സമീര്‍ വലിയുല്ലാഹിനെയാണ് ഇത്തവണ കോണ്‍ഗ്രസ് അണിനിരത്തിയിരിക്കുന്നത്.
Post a Comment