നിര്‍ത്തിയിട്ട ട്രാവലര്‍ മുന്നോട്ടുവരുന്നത് കണ്ട് തടയാന്‍ ശ്രമിച്ച യുവാവ് വാഹനത്തിന് അടിയില്‍പ്പെട്ട് ദാരുണാന്ത്യം

(www.kl14onlinenews.com)
(16-May-2024)

നിര്‍ത്തിയിട്ട ട്രാവലര്‍ മുന്നോട്ടുവരുന്നത് കണ്ട് തടയാന്‍ ശ്രമിച്ച യുവാവ് വാഹനത്തിന് അടിയില്‍പ്പെട്ട് ദാരുണാന്ത്യം
കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. വാഹനത്തിനടിയില്‍ പെട്ട് മൂവാറ്റുപുഴ വാളകം കുന്നയ്ക്കാല്‍ തേവര്‍മഠത്തില്‍ നന്ദുവാണ് (21) മരണമടഞ്ഞത്. വാഹനത്തിന്റെ ഡ്രൈവര്‍ ആയിരുന്നു നന്ദു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്.

ഓട്ടം കഴിഞ്ഞ് മടങ്ങിയെത്തിയ നന്ദു വീടിനുസമീപം ട്രാവലര്‍ പാര്‍ക്ക് ചെയ്ത ശേഷം മടങ്ങവേയാണ് വാഹനം മുന്നോട്ടുനീങ്ങിയത്. റോഡിലേക്ക് പോകുന്നത് തടയാന്‍ വാഹനത്തില്‍ കയറാന്‍ ശ്രമിച്ച നന്ദു പിടിവിട്ട് വാഹനത്തിനടിയിലേക്ക് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കിടങ്ങിലെ കെട്ടില്‍ ഇടിച്ച് ട്രാവലര്‍ നിന്നതോടെ യുവാവ് വാഹനത്തിനടിയില്‍ കുടുങ്ങി.

പ്രദേശവാസികള്‍ വാഹനമുയര്‍ത്തി നന്ദുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് മണ്ണുമാന്തി യന്ത്രം എത്തിച്ചാണ് വാഹനം നീക്കിയത്. ഉടന്‍തന്നെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൂവാറ്റുപുഴ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. സംസ്‌കാരം പിന്നീട്. പിതാവ്: സജി. മാതാവ്: സിന്ധു. സഹോദരന്‍: അനന്തു

Post a Comment

Previous Post Next Post