കൊച്ചിയിൽ മഞ്ഞപ്പിത്ത ബാധ; വേങ്ങൂരിൽ 180 പേർക്ക് രോഗം സ്ഥിരീകരിച്ചു

(www.kl14onlinenews.com)
(14-May-2024)

കൊച്ചിയിൽ മഞ്ഞപ്പിത്ത ബാധ; വേങ്ങൂരിൽ 180 പേർക്ക് രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വാട്ടർ അതോറിറ്റി വഴി വിതരണം ചെയ്ത കുടിവെള്ളത്തിലൂടെയാണ് ഇത്രയേറെ പേർക്ക് രോഗമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മഞ്ഞപ്പിത്ത ബാധയെ തുടർന്ന് പ്രദേശവാസികളായ രണ്ട് പേർ മരിച്ചിരുന്നു. രോഗബാധയെ തുടർന്നുള്ള സാഹചര്യങ്ങൾ വിലയിരുത്താൻ വേങ്ങൂർ പഞ്ചായത്തിൽ അവലോകന യോഗം വിളിച്ചു.

രോഗബാധയെ തുടർന്ന് അമ്പതോളം പേർ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. ശുദ്ധീകരിക്കാത്ത കുടിവെള്ളം വിതരണം ചെയ്ത വാട്ടർ അതോറിറ്റിയുടെ ഗുരുതര വീഴ്ച്ചയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ശുദ്ധജല ക്ഷാമം ബാധിക്കുന്ന പ്രദേശമായ വേങ്ങൂരിൽ പ്രദേശവാസികൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന ജലത്തെയാണ്.

ക്ലോറിനേറ്റ് ചെയ്യാതെയാണ് വാട്ടർ അതോറിറ്റി കുടിവെള്ളം വിതരണം ചെയ്തതെന്നാണ് ആക്ഷേപം. ഈ വെള്ളം തിളപ്പിക്കാതെ കുടിച്ചവർക്കാണ് രോഗം പിടിപെട്ടിരിക്കുന്നതെന്നാണ് വിവരം. കുടിവെള്ളത്തിൽ നിന്നുമാണ് രോഗബാധ ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരിലേക്ക് രോഗമെത്താതിരിക്കാൻ ജാഗ്രതയോടെയാണ് ആരോഗ്യ വകുപ്പ് നീങ്ങുന്നത്. നിലവില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ കാര്യമായ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. ഇവിടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം.

രോഗബാധിത പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്താനും ഹോട്ടലുകളില്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നല്‍കാനും നിര്‍ദേശമുണ്ട്. രോഗലക്ഷണം ഉള്ളവരാകട്ടെ നിർബന്ധമായും ചികിത്സ തേടണം. വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നവരും കുടിവെള്ളത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധ നല്‍കണം. ഐസ്, വെള്ളം എല്ലാം കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. കാരണം വൃത്തിയില്ലാത്ത വെള്ളത്തിലൂടെ രോഗം എളുപ്പത്തില്‍ പകരാം. പാത്രങ്ങള്‍ കഴുകാനോ, ശരീരം വൃത്തിയാക്കാനോ ഉപയോഗിക്കുന്ന വെള്ളവും വൃത്തിയുള്ളത് തന്നെയാണെന്ന് ഉറപ്പുവരുത്തണം. ഇങ്ങനെയും രോഗബാധയുണ്ടാകാം.

അതുപോലെ തന്നെ സെപ്റ്റിക് ടാങ്കുകളില്‍ നിന്ന് കിണറുകളിലേക്ക് വെള്ളച്ചോര്‍ച്ചയുണ്ടാകുന്നുണ്ടെങ്കില്‍ അതും പെട്ടെന്ന് കണ്ടെത്തി പരിഹരിക്കണം. മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ക്ക് പ്രത്യേകിച്ച് രോഗ പ്രതിരോധശേഷി കുറഞ്ഞവര്‍, എച്ച്ഐവി ബാധിതര്‍ എന്നിവരിലെല്ലാം ഹെപ്പറ്റൈറ്റിസ്-എ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണം. അതിനാല്‍ തന്നെ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്നും ആരോഗ്യ മന്ത്രി അഭ്യര്‍ത്ഥിച്ചു. മഞ്ഞപ്പിത്തത്തിന് സ്വയം ചികിത്സ പാടില്ല. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ശാസ്ത്രീയമായ ചികിത്സ തന്നെ തേടണം.

Post a Comment

Previous Post Next Post