പ്ലേ ഓഫ് സാധ്യത: ഐപിഎൽ പോരാട്ടങ്ങൾ അവസാന ആറിലേക്ക് ചുരുങ്ങുന്നു

(www.kl14onlinenews.com)
(14-May-2024)

പ്ലേ ഓഫ് സാധ്യത: ഐപിഎൽ പോരാട്ടങ്ങൾ അവസാന ആറിലേക്ക് ചുരുങ്ങുന്നു
മഴക്കെണിയിൽ വീണ് ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ പ്ലേ ഓഫിന് യോഗ്യത നേടാതെ പുറത്തായതോടെ ഇനി മത്സരം ആറ് ടീമുകൾ തമ്മിലാണ്. നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മാത്രമാണ് പ്ലേ ഓഫിന് യോഗ്യത നേടിയത്. ഗുജറാത്ത് ടൈറ്റൻസ്, പഞ്ചാബ് കിംഗ്‌സ്, മുംബൈ ഇന്ത്യൻസ് എന്നീ മൂന്ന് ടീമുകളാണ് ഐപിഎൽ 2024 പ്ലേ ഓഫിലേക്ക് യോഗ്യത നേടാതെ പുറത്തായത്.

ഓരോ മത്സരങ്ങൾ വീതം ശേഷിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ്, ലഖ്നൗ സൂപ്പർ ജയന്റ്സ് എന്നീ ടീമുകൾക്ക് 16 പോയിൻ്റിലെത്താൻ അവസരമുണ്ട്. രണ്ട് മത്സരങ്ങൾ ശേഷിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദിന് 18 പോയിന്റ് വരെ നേടാനാകും.

രാജസ്ഥാനെ കാത്തിരിക്കുന്നത് 'ഈസി വാക്കോവർ'
രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസിന് 16 പോയിൻ്റാണുള്ളത്. ഐപിഎൽ പ്ലേ ഓഫിന് യോഗ്യത ഉറപ്പിക്കാൻ അവർ കൂടുതൽ മെച്ചപ്പെട്ട സ്ഥാനത്താണ്. ലഖ്നൗ സൂപ്പർ ജയന്റ്സ് അടുത്ത മത്സരത്തിൽ തോറ്റാൽ സഞ്ജുവിന്റെ ടീം നേരിട്ട് പ്ലേ ഓഫിലെത്തും. അടുത്ത രണ്ട് മത്സരവും ജയിച്ചാൽ രാജസ്ഥാന് പോയിന്റ് ടേബിളിൽ ഒന്നാമതെത്താം. അവർ ഒരു കളിയിൽ വിജയിക്കുകയും ഹൈദരാബാദിനേക്കാൾ മുകളിൽ നെറ്റ് റൺറേറ്റ് നേടുകയും ചെയ്താൽ, അവർ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഉറപ്പായും ഫിനിഷ് ചെയ്യും.

ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിന് കടുത്ത വെല്ലുവിളി

രണ്ട് മത്സരങ്ങൾ ശേഷിക്കെ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിന് മുന്നിൽ ഗണ്യമായ വെല്ലുവിളിയുണ്ട്. അവരുടെ നെറ്റ് റൺ റേറ്റ് -0.769 ആണ്. ശേഷിക്കുന്ന മത്സരങ്ങളിൽ രണ്ട് വിജയങ്ങൾ നേടിയാലും അവരുടെ റൺ റേറ്റ് മെച്ചപ്പെടുത്താനും രാജസ്ഥാനെ (0.349) മറികടക്കാനും വലിയ പരിശ്രമം വേണ്ടിവരും. രാജസ്ഥാന് അവരുടെ രണ്ട് മത്സരങ്ങളും തോറ്റാലും അവർ സേഫ് സോണിൽ ആകാനാണ് സാധ്യത. എങ്കിലും അവർക്ക് സംതൃപ്തരാകാൻ കഴിയില്ല. അവസാന രണ്ട് മത്സരങ്ങളിലും വലിയ വിജയങ്ങൾ ഉറപ്പാക്കാനാണ് RR ലക്ഷ്യമിടുന്നത്.

ധോണിയുടെ ചെന്നൈയ്ക്ക് ജയിച്ചേ തീരൂ
13 മത്സരങ്ങൾ കളിച്ച ചെന്നൈ സൂപ്പർ കിങ്സ് 14 പോയിൻ്റും 0.528 നെറ്റ് റൺ റേറ്റുമായി പ്ലേ ഓഫ് ലക്ഷ്യം നേടാൻ കാത്തിരിക്കുകയാണ്. മെയ് 18ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ആണ് അവരുടെ അവസാന മത്സരം. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഒരു എവേ മാച്ചിലാണ് ചെന്നൈയ്ക്ക് കളിക്കേണ്ടത്. അവസാന മത്സരത്തിൽ ആർസിബിക്കെതിരെ വിജയിച്ചാൽ സിഎസ്‌കെയുടെ ശക്തമായ നെറ്റ് റൺറേറ്റ് അവരെ ആദ്യ നാലിൽ ഇടം പിടിക്കാൻ സഹായിച്ചേക്കും

ആർസിബിക്കെതിരെ ചെന്നൈ തോറ്റാൽ, അവരുടെ പ്ലേ ഓഫ് യോഗ്യതാ പ്രതീക്ഷകൾ മറ്റ് ഫലങ്ങളെ ആശ്രയിച്ചിരിക്കും. ഹൈദരാബാദും ലഖ്‌നൗവും തോൽക്കാനും 14 പോയിൻ്റിൽ താഴെ ഫിനിഷ് ചെയ്യാനും ചെന്നൈ കാത്തിരിക്കണം. റൺറേറ്റിൻ്റെ കാര്യത്തിൽ ആർസിബിയെക്കാൾ മുൻതൂക്കം നിലനിർത്താൻ സിഎസ്കെ ശ്രദ്ധിക്കണം.

യോഗ്യത നേടാൻ സൺറൈസേഴ്സ് ഹൈദരാബാദ് ചെയ്യേണ്ടത്
മെയ് 16, 19 തീയതികളിൽ ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസ് , പഞ്ചാബ് കിംഗ്‌സ് എന്നിവയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾ കൂടി സൺറൈസേഴ്സ് ഹൈദരാബാദിന് ശേഷിക്കുന്നുണ്ട്. ഈ മത്സരങ്ങളിൽ വിജയങ്ങൾ നേടി ഐപിഎൽ പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കാനാണ് ഹൈദരാബാദ് ലക്ഷ്യമിടുന്നത്.

ലഖ്‌നൗ സൂപ്പർ ജയന്റ്സുമായി താരതമ്യപ്പെടുത്തുമ്പോൾ ഹൈദരാബാദിന്റെ മികച്ച റൺറേറ്റ് അവർക്ക് മുൻതൂക്കം നൽകുന്നു. ഐപിഎൽ പ്ലേഓഫിലേക്കുള്ള അവരുടെ യോഗ്യത ഉറപ്പാക്കാൻ അവരുടെ ശേഷിക്കുന്ന രണ്ട് ഗെയിമുകളിൽ ഒരു വിജയം മാത്രം മതിയാകും.

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ജയിച്ചാൽ മാത്രം പോര
ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ആർസിബിക്ക് ഒരു മത്സരം കൂടി ബാക്കിയുണ്ട്. മെയ് 18ന് ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് അവസാന ഹോം മാച്ച്. ആർസിബിക്ക് ഇത് തീർച്ചയായും ജയിക്കേണ്ട മത്സരമാണ്. അവർ വിജയിച്ചാലും, പ്ലേ ഓഫിലെത്താൻ അവർക്ക് മറ്റു ഫലങ്ങളെ ആശ്രയിക്കേണ്ടി വരും. ലഖ്‌നൗ സൂപ്പർ ജയന്റ്സ് ശേഷിക്കുന്ന ഒരു മത്സരവും, സൺറൈസേഴ്സ് ഹൈദരാബാദ് രണ്ട് മത്സരവും തോൽക്കേണ്ടതുണ്ട്.

ഏത് സാഹചര്യത്തിലും കോഹ്ലിപ്പട സിഎസ്കെയെ (0.528) മികച്ച മാർജിനിൽ തോൽപ്പിക്കാനാകും ശ്രമിക്കുക. നിലവിൽ അവരുടെ നെറ്റ് റൺ റേറ്റ് ചെന്നൈയേക്കാൾ താഴെയാണ്. മറ്റ് ഫലങ്ങൾ അവരുടെ വഴിക്ക് വരികയാണെങ്കിൽ, സിഎസ്‌കെയെ മികച്ച നെറ്റ് റൺ റേറ്റോടെ തോൽപ്പിച്ചാൽ ഐപിഎൽ പ്ലേഓഫിലേക്ക് യോഗ്യത നേടാനുള്ള മികച്ച അവസരമാണ് ആർസിബിക്ക് മുന്നിലുള്ളത്.

പ്ലേ ഓഫ് യോഗ്യതയ്ക്ക് ഡൽഹി ക്യാപിറ്റൽസ് ചെയ്യേണ്ടത്
ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരെ ഡൽഹിക്ക് ഒരു മത്സരം കൂടി ബാക്കിയുണ്ട്. ചൊവ്വാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഇത്. ഹൈദരാബാദ് അവരുടെ അവസാന രണ്ട് മത്സരങ്ങളിൽ കാര്യമായ തോൽവികൾ ഏറ്റുവാങ്ങിയാൽ, ആർസിബിക്കെതിരെ ചെന്നൈ ജയിക്കണം. കൂടാതെ ഡൽഹി ക്യാപിറ്റൽസിനേക്കാൾ താഴെ റൺറേറ്റ് നിലനിർത്തിക്കൊണ്ട് ലഖ്‌നൗ ഒന്നിൽ കൂടുതൽ മത്സരങ്ങൾ ജയിക്കില്ലെന്നും അവർക്ക് ഉറപ്പാക്കണം. വളരെ സങ്കീർണ്ണവുമായ കണക്കുകൂട്ടലുകളെ ആശ്രയിക്കുന്നതിനാൽ, ഈ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ സാധ്യതകൾ വളരെ കുറവാണ്.

Post a Comment

Previous Post Next Post