തൊഴിലാളികള്‍ക്ക് 12 മുതല്‍ മൂന്നുവരെ വിശ്രമം നല്‍കണം; പണിയെടുപ്പിച്ചാല്‍ നടപടി

(www.kl14onlinenews.com)
(30-APR-2024)

തൊഴിലാളികള്‍ക്ക് 12 മുതല്‍ മൂന്നുവരെ വിശ്രമം നല്‍കണം; പണിയെടുപ്പിച്ചാല്‍ നടപടി
കനത്ത ചൂടിനെതുടര്‍ന്ന് സംസ്ഥാനത്തെ ജോലി സമയത്തിലെ ക്രമീകരണം മേയ് 15 വരെ നീട്ടിയതായി മന്ത്രി വി.ശിവന്‍കുട്ടി. തൊഴിലാളികള്‍ക്ക് ഉച്ചയ്ക്കു 12 മുതല്‍ 3 വരെ വിശ്രമം നല്‍കണം. ഈ സമയത്ത് തൊഴിലെടുപ്പിച്ചാല്‍ തൊഴിലുടമയ്ക്കെതിരെ നടപടിയുണ്ടാകും. പകല്‍സമയം 10 മണി വരെ മാത്രമേ ക്ലാസുകള്‍ പാടുള്ളു. ട്യൂഷന്‍ സെന്‍ററുകള്‍ക്കും ഇതു ബാധകമാണെന്നു തൊഴില്‍ മന്ത്രി കൂടിയായ വി.ശിവന്‍കുട്ടി അറിയിച്ചു

ഇതിനിടെ കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പാലക്കാട്, തൃശ്ശൂർ, കൊല്ലം ജില്ലകൾക്ക് പിന്നാലെ ആലപ്പുഴയിലും കോഴിക്കോട്ടുമാണ് ഉഷ്ണ തരംഗ മുന്നറിയിപ്പുള്ളത്. പാലക്കാട് ഓറഞ്ച് അലർട്ട് തുടരുകയാണ്. ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

അതേസമയം
അന്തരീക്ഷതാപം ഉയരുന്നതോടെ ശരീരത്തിന്റെ താപനിയന്ത്രണ സംവിധാനം തടസപ്പെട്ട് ശാരീരിക പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം. കനത്ത ചൂടില്‍ ശരീരത്തില്‍ നിന്നും അമിതമായ അളവില്‍ ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടമാകുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന അവസ്ഥയാണ് സൂര്യതാപം. ക്ഷീണം, തലകറക്കം, ഛര്‍ദ്ദി, ബോധക്ഷയം ശരീരം ചുവന്ന് ചൂടാകുക, ശക്തമായ തലവേദന, പേശീ വലിവ്, തലകറക്കം, ഉയര്‍ന്ന ശരീരതാപനില എന്നിവ സൂര്യതാപത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആശുപത്രിയിലെത്തി ചികിത്സ തേടണം. ഉയര്‍ന്ന ചൂട്, സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം ആരോഗ്യ പ്രശ്നങ്ങള്‍ മരണത്തിന് കാരണമായേക്കാം.' പൊതുജനങ്ങള്‍ ചൂടിനനുസരിച്ച് ജീവിത രീതികളില്‍ മാറ്റം വരുത്തുകയും തികഞ്ഞ ജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു.

ചൂടിനെ കരുതലോടെ നേരിടാം

ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക. യാത്രകളിലും ജോലി സ്ഥലത്തും തിളപ്പിച്ചാറിയ ശുദ്ധ ജലം കരുതുക, ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക, ദിവസവും രണ്ട് മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കണം. കടുത്ത വെയിലുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക. കുട, തൊപ്പി, പാദരക്ഷകള്‍ എന്നിവ ഉപയോഗിക്കുക. പകല്‍ 11 മുതല്‍ വൈകിട്ട് മുന്ന് വരെയുള്ള സമയത്ത് നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ വിടരുത്. നിര്‍ത്തിയിട്ട വാഹനങ്ങളില്‍ കുട്ടികള്‍, പ്രായമായവര്‍ എന്നിവരെ ഒറ്റക്കിരുത്തി പോകരുത്. പുറത്തിറങ്ങുമ്പോള്‍ പരമാവധി തണലത്ത് നടക്കുക. ആവിശ്യത്തിന് വിശ്രമിക്കുക. പകല്‍ സമയത്ത് വീടുകളുടെ വാതില്‍, ജനല്‍ തുറന്ന് വായു സഞ്ചാരം ഉറപ്പാക്കണം. തുറസ്സായ സ്ഥലങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ ജോലിസമയം ക്രമീകരിച്ച് സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. പോഷക സമൃദ്ധവും ജലാംശം കൂടുതലുള്ള പഴങ്ങള്‍, പച്ചക്കറികള്‍ കഴിക്കണം. ചായ, കാപ്പി, മദ്യം, കൃത്രിമ പാനീയങ്ങള്‍ എന്നിവ ചൂട് സമയത്ത് ഒഴിവാക്കണം.

Post a Comment

Previous Post Next Post