യുഡിഎഫിന് പിന്തുണ; കേരളത്തിൽ SDPI സ്ഥാനാർത്ഥികളില്ല, കോൺഗ്രസുമായി ധാരണ ഉണ്ടാക്കിയിട്ടില്ല: എസ്ഡിപിഐ

(www.kl14onlinenews.com)
(02-APR-2024)

യുഡിഎഫിന് പിന്തുണ;
കേരളത്തിൽ SDPI സ്ഥാനാർത്ഥികളില്ല,
കോൺഗ്രസുമായി ധാരണ ഉണ്ടാക്കിയിട്ടില്ല: എസ്ഡിപിഐ

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എസ് ഡി പി ഐ മത്സരിക്കില്ലെന്നും യുഡിഎഫിനെ പിന്തുണക്കുമെന്നും സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഒമ്പത് മണ്ഡലങ്ങളിൽ മത്സരിച്ച പാർട്ടി ഇത്തവണ മത്സരിക്കേണ്ടതില്ലെന്നാണ് സംസ്ഥാന കമ്മിറ്റി തീരുമാനം. വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യം വിലയിരുത്തിയാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കും. ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ ഇൻഡി മുന്നണിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ നിലയിലാണ് യുഡിഎഫിന് മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി 18 മണ്ഡലങ്ങളിലാണ് പാര്‍ട്ടി സ്ഥാനാർത്ഥികള്‍ മത്സരിക്കുന്നത്. മറ്റിടങ്ങളില്‍ ബിജെപി വിരുദ്ധ ചേരിയെ സഹായിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദേശീയ തലത്തില്‍ സാമൂഹിക നീതിയിലധിഷ്ഠിതമായ ഒരു രാഷ്ട്രീയ ബദല്‍ വളര്‍ത്തിക്കൊണ്ടുവരികയെന്നതാണ് പാര്‍ട്ടി സ്വീകരിക്കുന്ന ഓരോ രാഷ്ട്രീയ നിലപാടിന്റെ ആത്യന്തിക താൽപര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ എന്നിവരും പങ്കെടുത്തു.

അതേസമയം
തിരഞ്ഞെടുപ്പുകളിൽ സ്വന്തം നിലപാടുകളും സ്ഥാനാർഥികളുമായി രംഗത്തിറങ്ങിയിരുന്ന എസ്ഡിപിഐ ഇത്തവണ യു.ഡി.എഫിന് പരസ്യപിന്തുണയാണ് പ്രഖ്യാപിച്ചത്. ബി.ജെ.പി വിരുദ്ധ നിലപാടിന്റെ ഭാഗമായാണ് നടപടിയെന്നും കോൺഗ്രസുമായി ധാരണ ഒന്നും ഉണ്ടാക്കിയിട്ടില്ലെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി കൊച്ചിയിൽ പറഞ്ഞു.

എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു യു.ഡി.എഫ് കൺവീനർ എം.എം. ഹസന്റെ പ്രതികരണം. വർഗീയ പാർട്ടി, അല്ലാത്ത പാർട്ടി എന്ന് ആരെക്കുറിച്ചും അഭിപ്രായമില്ല. എല്ലാവരുടെയും വോട്ടിന് തുല്യ മൂല്യമെന്നും എം.എം.ഹസൻ പറഞ്ഞു.

എസ്ഡിപിഐ യുമായി ധാരണയില്ലെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പിന്തുണ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകിയില്ല.

Post a Comment

Previous Post Next Post