(www.kl14onlinenews.com)
(30-APR-2024)
തിരുവനന്തപുരം :
Kerala SSLC, HSS 2024: 2023-24 അക്കാദമിക വര്‍ഷത്തെ എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എസ്.എല്‍.സി/ എ.എച്ച്.എസ്.എല്‍.സി ഫലപ്രഖ്യാപനം മെയ് 8ന് വൈകിട്ട് മൂന്നു മണിക്ക് നടത്തും. പ്ലസ്ടു/ വോക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാഫലം മെയ് 9ന് പ്രഖ്യാപിക്കും.
കഴിഞ്ഞ വര്‍ഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയതെന്നും ഇത്തവണ 11 ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഇക്കൊല്ലം എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയത് ആകെ 4,27,105 വിദ്യാര്‍ത്ഥികളാണ്. ഇതിൽ 2,17,525 ആണ്‍കുട്ടികളും 2,09,580 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.
സംസ്ഥാനത്തൊട്ടാകെ 70 ക്യാമ്പുകളിലായി 10,863 അധ്യാപകര്‍ മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ പങ്കെടുത്തു. ഏപ്രില്‍ 3 മുതല്‍ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കി. ടാബുലേഷന്‍, ഗ്രേസ് മാര്‍ക്ക് എന്‍ട്രി, എന്നിവ പരീക്ഷാ ഭവനില്‍ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനത്തിന് തയ്യാറായിക്കൊണ്ടിരിക്കുകയാണ്.
2023-24 അക്കാദമിക വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനം മെയ് 9 വ്യാഴാഴ്ച നടത്തും. കഴിഞ്ഞ വര്‍ഷം മെയ് 25നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഈ വര്‍ഷം മെയ് 10നകം തന്നെ ഫലപ്രഖ്യാപനം നടത്താനായത് കൃത്യമായ ആസൂത്രണത്തിന്റെയും നിര്‍വഹണത്തിന്റെയും ഫലമായാണ്. ആകെ 4,41,120 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്
ഇതില്‍ രണ്ട് ലക്ഷത്തി ഇരുപത്തി മൂവായിരത്തി എഴുന്നൂറ്റി മുപ്പത്തിയാറ് (2,23,736) ആണ്‍കുട്ടികളും രണ്ട് ലക്ഷത്തി പതിനേഴായിരത്തി മുന്നൂറ്റി എണ്‍പത്തി നാല് (2,17,384) പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. ഏപ്രില്‍ 3 മുതല്‍ 24-ാം തീയതി വരെയാണ് മൂല്യനിര്‍ണ്ണയം നടന്നത്. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷാ മൂല്യനിര്‍ണ്ണയത്തില്‍ മൊത്തം എഴുപത്തി ഏഴ് ക്യാമ്പുകളിലായി 25,000ത്തോളം അധ്യാപകര്‍ പങ്കെടുത്തു.
മാർച്ച് നാലിന് ആരംഭിച്ച പത്താം ക്ലാസ് പൊതു പരീക്ഷ മാർച്ച് 25നാണ് അവസാനിച്ചത്. 3000 ത്തോളം പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഏപ്രിൽ മൂന്ന് മുതൽ 20 വരെ രണ്ട് ഘട്ടങ്ങളിലായാണ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടന്നത്. കേരളത്തിന് പുറമെ ലക്ഷദ്വീപിലും ഗള്‍ഫിലുമായി 2,971 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരുന്നത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത്. ഓരോ വിദ്യാര്‍ത്ഥികള്‍ വീതം മാത്രം പരീക്ഷ എഴുതിയ അഞ്ച് സ്‌കൂളുകളും സംസ്ഥാനത്തുണ്ട്
Post a Comment