20- ട്വൻ്റി വേൾഡ് കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണും ടീമിൽ

(www.kl14onlinenews.com)
(30-APR-2024)

20- ട്വൻ്റി വേൾഡ് കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണും ടീമിൽ
രോഹിത് ശർമ്മ ക്യാപ്റ്റനായും ഹർദിക് പാണ്ട്യ വൈസ് ക്യാപ്റ്റനുമായുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. കാത്തിരിപ്പിനൊടുവിൽ സഞ്ജു സാംസൺ ടീമിൽ ഇടം നേടി എന്നതാണ് പ്രധാന ആകർഷണം.

യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, സൂര്യ കുമാർ യാദവ്, ഋഷഭ് പന്ത്, ശിവം ദുബെ, രവീന്ദ്ര ജഡേജ,അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവരാണ് ടീമിലിടം നേടിയ മറ്റുള്ളവർ. 15 അംഗ ടീമിനെയാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്.

രോഹിത് ശർമ് നായകനായ ടീമിൽ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ. യശസ്വി ജയ്സ്വാൾ, ശിവം ദുബെ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ തുടങ്ങിയവരും ടീമിൽ ഇടം നേടി. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലെ പേസർമാർ. റിങ്കു സിംഗിനൊപ്പം ശുഭ്മൻ ഗിൽ, ഖലീൽ അഹ്മദ്, ആവേശ് ഖാൻ എന്നിവരാണ് ട്രാവലിങ് റിസർവ് പട്ടികയിലുള്ളത്.

ശ്രീശാന്തിനു ശേഷം ലോകകപ്പ് ടീമിൽ ഇടം നേടുന്ന സഞ്ജുവിന് ഫൈനൽ ഇലവനിൽ സ്ഥാനം ലഭിക്കാനിടയില്ല. ജയ്സ്വാൾ പ്രധാന ടീമിൽ ഉള്ളതിനാൽ താരം രോഹിത് ശർമയ്ക്കൊപ്പം ഓപ്പൺ ചെയ്യുമെന്നതിനാൽ കോലി മൂന്നാം നമ്പറിലാവും കളിക്കുക. സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിങ്ങനെയാവും മറ്റ് ബാറ്റർമാർ. അതുകൊണ്ട് തന്നെ അപ്രധാനമായ ചില മത്സരങ്ങളിൽ മാത്രമേ സഞ്ജു കളിക്കാനിടയുള്ളൂ.

രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ശക്തമായ മത്സരമാണ് ഉണ്ടായിരുന്നത്. റിഷഭ് പന്ത് നേരത്തെ തന്നെ ഒന്നാം വിക്കറ്റ് കീപ്പര്‍ സ്ഥാനം ഉറപ്പിച്ചിരുന്നു. സഞ്ജുവിനെ കൂടാതെ കെഎല്‍ രാഹുല്‍, ജിതേഷ് ശര്‍മ്മ എന്നിവരാണ് രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ടായിരുന്നത്. എന്നാല്‍ രാജസ്ഥാന് വേണ്ടി മികച്ച ബാറ്റിംഗ് പ്രകടനം നടത്തുന്നതിനൊപ്പം ടീമിന്റെ കുതിപ്പിലും സഞ്ജു നിര്‍ണായക സ്വാധീനമാകുന്നത് സെലക്ടര്‍മാര്‍ക്ക് കാണാതിരിക്കാനായില്ല.

9 മത്സരങ്ങളില്‍ നിന്ന് 385 റണ്‍സുമായി ഓറഞ്ച് ക്യാപ്പ് പട്ടികയില്‍ നിലവില്‍ ആറാം സ്ഥാനത്താണ് സാംസണ്‍. 77 ശരാശരിയില്‍ 161 സ്ട്രൈക്ക് റേറ്റിലാണ് സാംസണ്‍ ബാറ്റ് ചെയ്യുന്നത്. 2022 ലെ ടി 20 ലോകകപ്പിലും 2023 ലെ ഏകദിന ലോകകപ്പിലും സഞ്ജു സാംസണെ അവഗണിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകരില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

എന്നാല്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ അമൂല്യമായ സമ്പത്താണെന്നും ഭാവിയില്‍ അവസരം ലഭിക്കുമെന്നും രോഹിത് ശര്‍മ ഉറപ്പ് നല്‍കിയിരുന്നു. ടി 20 ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സഞ്ജു സാംസണിന് അമേരിക്കയിലും നിരവധി ആരാധകരുണ്ട്. പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചാല്‍ സഞ്ജുവിന് മികച്ച ഗ്രൗണ്ട് സപ്പോര്‍ട്ട് ലഭിക്കും എന്നുറപ്പാണ്.

Post a Comment

Previous Post Next Post