ബാബാ രാംദേവിന് തിരിച്ചടി; പരസ്യമായി മാപ്പ് പറയണമെന്ന് സുപ്രീം കോടതി

(www.kl14onlinenews.com)
(16-APR-2024)

ബാബാ രാംദേവിന് തിരിച്ചടി; പരസ്യമായി മാപ്പ് പറയണമെന്ന് സുപ്രീം കോടതി
ഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ച കേസിൽ യോഗാ ഗുരുവും പതഞ്ജലി ഉടമയുമായ ബാബാ രാംദേവിനോട് പരസ്യ മാപ്പ് പറയാൻ സുപ്രീം കോടതി നിർദ്ദേശം. ഇക്കാര്യത്തിൽ യാതൊരു ഇളവും നൽകി പതഞ്ജലിയെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി അലോപ്പതി വൈദ്യശാഖയോട് മാപ്പ് പറയാൻ പതഞ്ജലിക്ക് ഒരാഴ്ച്ചത്തെ സമയം അനുവദിച്ചു.

പരസ്യമായി മാപ്പ് പറയാൻ യോഗ ഗുരു രാംദേവിനും പതഞ്ജലി ആയുർവേദ് മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയ്ക്കുമാണ് സുപ്രീം കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലൂടെ ചില രോഗങ്ങൾക്ക് പ്രതിവിധി അവകാശപ്പെടുന്ന പതഞ്ജലി അലോപ്പതി ശാഖയെ വിമർശിച്ചുകൊണ്ടാണ് പരസ്യങ്ങൾ പ്രസിദ്ധീകരിച്ചത്. “നിങ്ങൾചെയ്യുന്നത് നല്ല ജോലി തന്നെയാണ്, പക്ഷേ നിങ്ങൾക്ക് അലോപ്പതിയെ തരംതാഴ്ത്താൻ കഴിയില്ല,” കോടതി ബാലകൃഷ്ണയോട് പറഞ്ഞു.

കഴിഞ്ഞയാഴ്ച കോടതി തങ്ങളുടെ മാപ്പപേക്ഷ സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് പരസ്യമായി മാപ്പ് പറയാൻ തയ്യാറാണെന്ന് ഇരുവരും അറിയിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നൽകിയ കേസിൽ കോടതി പുറപ്പെടുവിച്ച കോടതിയലക്ഷ്യ നോട്ടീസുകൾക്ക് മറുപടിയായി അവർ നിരുപാധികം മാപ്പ് പറയുന്നതായി അറിയിച്ചിരുന്നു.

Post a Comment

Previous Post Next Post