(www.kl14onlinenews.com)
(25-APR-2024)
തിരുവനന്തപുരം: സംസ്ഥാനത്ത് 2.77 കോടി വോട്ടർമാർ വെള്ളിയാഴ്ച ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി പോളിങ് ബൂത്തുകളിലെത്തും. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് ഇക്കുറി മത്സര രംഗത്തുള്ളത്. 25,231 ബൂത്തുകളിലായാണ് 2.77 കോടി വോട്ടർമാർ നാളെ വോട്ട് രേഖപ്പെടുത്തുക.
വെള്ളിയാഴ്ച രാവിലെ ഏഴു മണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 77.67 ആയിരുന്നു സംസ്ഥാനത്ത് പോളിങ് രേഖപ്പെടുത്തിയത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 74.06 ശതമാനവും. ഇത്തവണ 80 ശതമാനത്തിൽ എത്തിക്കുമെന്നാണ് ഇലക്ഷൻ കമ്മീഷൻ അവകാശപ്പെട്ടത്.
5 ജില്ലകളിൽ നിരോധനാജ്ഞ
സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, കാസർഗോഡ്, മലപ്പുറം എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാരെയും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്.
6,49,833 കന്നി വോട്ടർമാർ, സ്ത്രീകൾ മുന്നിൽ
ആകെ 2,77,49,159 വോട്ടർമാരാണ് ഇത്തവണയുള്ളത്. അതിൽ 6,49,833 പേർ കന്നി വോട്ടർമാരാണ്. 1,43,33,499 സ്ത്രീ
വോട്ടർമാരും, 1,34,15293 പുരുഷ വോട്ടർമാരും 367 ഭിന്നലിംഗ വോട്ടർമാരുമാണ് ഇത്തവണത്തെ വോട്ടർ പട്ടികയിലുള്ളത്. 25177 ബൂത്തുകളും 54 ഉപബൂത്തുകളും ഉൾപ്പെടെയാണ് 25,231 പോളിങ് ബൂത്തുകൾ സജ്ജീകരിച്ചിരിക്കുന്നത്. 30,238 ബാലറ്റ് യൂണിറ്റുകളും 30,238 കൺട്രോൾ യൂണിറ്റുകളും 32,698 വിവിപാറ്റ് യന്ത്രങ്ങളുമാണ് വോട്ടെടുപ്പിന് ഉപയോഗിക്കുക.
സുരക്ഷാ സംവിധാനങ്ങൾ ശക്തം
സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. 183 ഡിവൈ.എസ്.പിമാരും 100 ഇന്‍സ്പെക്ടര്‍മാരും സബ് ഇന്‍സ്പെക്ടര്‍/ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലുള്ള 4,540 പേരും തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കും. 23,932 സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ /സിവില്‍ പോലീസ് ഓഫീസര്‍മാരും ആംഡ് പോലീസ് ബറ്റാലിയനില്‍ നിന്നുള്ള 4,383 പോലീസ് ഉദ്യോഗസ്ഥരും വിവിധ കേന്ദ്രസേനകളില്‍ നിന്ന് 4,464 ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പില്‍ സുരക്ഷാ ചുമതല നിര്‍വഹിക്കും. ഹോം ഗാര്‍ഡില്‍ നിന്ന് 2,874 പേരെയും തമിഴ്നാട് പൊലീസില്‍ നിന്ന് 1,500 പേരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ 24,327 സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരും ഡ്യൂട്ടിയില്‍ ഉണ്ടാകും.
സംസ്ഥാനത്തെ 20 ജില്ലാ പൊലീസ് മേധാവിമാരുടെ കീഴില്‍ 144 ഇലക്ഷന്‍ സബ് ഡിവിഷനുകള്‍ ഉണ്ടാകും. ഡിവൈ.എസ്.പിമാര്‍ക്കാണ് ഇതിന്റെ ചുമതല. ഓരോ പൊലീസ് സ്റ്റേഷനിലും ക്രമസമാധാന പാലനത്തിനായി രണ്ടു വീതം പട്രോളിംഗ് ടീമുകള്‍ ഉണ്ടായിരിക്കും. കൂടാതെ തിരഞ്ഞെടുപ്പ് ദിവസത്തേക്കായി ദ്രുതകര്‍മ്മ സേനയുടെ ഒരു സംഘം വീതം എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും ഉണ്ടായിരിക്കും. പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് ഗ്രൂപ്പ് പട്രോള്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post a Comment