ഫൈനൽ ഓവർ സർപ്രൈസ്; ഗുജറാത്തിനെതിരെ പഞ്ചാബിന് ആവേശജയം

(www.kl14onlinenews.com)
(05-APR-2024)

ഫൈനൽ ഓവർ സർപ്രൈസ്; ഗുജറാത്തിനെതിരെ പഞ്ചാബിന് ആവേശജയം
ഐപിഎല്ലില്‍ ഗുജറാത്ത് നായകൻ ശുഭ്മൻ ഗില്ലിന്റെ പോരാട്ടവീര്യത്തിന് വാലറ്റക്കാരുടെ സർപ്രൈസ് വെടിക്കെട്ടിലൂടെ ഉചിതമായ മറുപടി നൽകി ഫൈനൽ ഓവർ ത്രില്ലറിലൂടെ അപ്രതീക്ഷിത ജയം സ്വന്തമാക്കി പഞ്ചാബ് കിങ്സ്. ഒരു ഘട്ടത്തിൽ 111/5 എന്ന നിലയിൽ പതറിയ ടീമിനെ വാലറ്റത്ത് ശശാങ്ക് സിങ്ങും (29 പന്തിൽ 61) അശുതോഷ് ശർമ്മയും (17 പന്തിൽ 31) ചേർന്നാണ് രക്ഷപ്പെടുത്തിയത്. പ്രഭ്സിമ്രാൻ (35), ബെയർസ്റ്റോ (22) എന്നിവരും നിർണായക സംഭാവനകൾ നൽകി.

200 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ പഞ്ചാബ് വെറും ഒരു പന്ത് ബാക്കിനില്‍ക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ത്രില്ലർ ജയം സ്വന്തമാക്കിയത്. ആറാമനായി ക്രീസിലെത്തി 29 പന്തില്‍ പുറത്താകാതെ 61 റണ്‍സുമായി ശശാങ്ക് സിങ് ആണ് പഞ്ചാബിന്‍റെ വിജയശില്‍പി. എട്ടാമനായിറങ്ങിയ ഇംപാക്ട് പ്ലേയർ അശുതോഷ് ശർമ്മയുടെ ബാറ്റിങ്ങും നിർണായകമായി.

16ാം ഓവറിലെ ആദ്യ രണ്ട് പന്തിലും സിക്സർ പറത്തിയ ജിതേഷിനെ (8 പന്തില്‍ 16) റാഷിദ് ഖാന്‍ തൊട്ടടുത്ത പന്തിൽ പുറത്താക്കി കളിതിരിച്ചെന്ന തോന്നിച്ചതാണ്. നാല് വിക്കറ്റ് ശേഷിക്കെ 27 പന്തില്‍ 50 റണ്‍സാണ് പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അർഷ്ദീപ് സിങ്ങിന് പകരം ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടായി ക്രീസിലെത്തിയത് അശുതോഷ് ശർമ്മയായിരുന്നു.

കിടിയ സുവർണാവസരം മുതലാക്കിയ അശുതോഷ് 17 പന്തില്‍ 31 വാരിയത് ഗുജറാത്തിന്റെ പ്രതീക്ഷകൾ തകിടം മറിച്ചു. ഇതിന് ശേഷം ഹർപ്രീത് ബ്രാറിനെ കൂട്ടുപിടിച്ച് ശശാങ്ക് പഞ്ചാബിന് ജയം സമ്മാനിച്ചു.

ആദ്യം ബാറ്റുചെയ്ത ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടിയിരുന്നു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ (48 പന്തിൽ 89) വെടിക്കെട്ട് ഇന്നിങ്‌സാണ് ഗുജറാത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സായ് സുദർശനും (33), രാഹുൽ തേവാട്ടിയയും (23) സ്കോർ 200ന് അടുത്തെത്തിക്കാൻ അവരെ സഹായിച്ചു

Post a Comment

أحدث أقدم