കേരള സ്റ്റോറി ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്നത് ഭിന്നിപ്പ് ലക്ഷ്യമിട്ട്; യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ്

(www.kl14onlinenews.com)
(05-APR-2024)

കേരള സ്റ്റോറി ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്നത് ഭിന്നിപ്പ് ലക്ഷ്യമിട്ട്; യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കേരളത്തെ കുറിച്ചുള്ള അസത്യങ്ങള്‍ കുത്തി നിറച്ച 'കേരള സ്‌റ്റോറി' എന്ന സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം, സിപിഐ തുടങ്ങിയ ഇടതു പാർട്ടികളും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

അസത്യങ്ങളുടെ കെട്ടുകാഴ്ചയായ 'കേരള സ്‌റ്റോറി' പ്രദര്‍ശിപ്പിക്കുന്നതിലൂടെ മതേതര സമൂഹത്തിനുള്ളില്‍ ഭിന്നിപ്പുണ്ടാക്കുകയെന്ന തന്ത്രമാണ് മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ ഭരണകൂടം നടപ്പാക്കുന്നത്. ഭിന്നിപ്പിന്റെ രാഷ്ട്രീയം കേരളത്തില്‍ ചിലവാകില്ലെന്ന് ബോധ്യമായ സംഘപരിവാര്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ദൂരദര്‍ശനെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായി ലംഘനമാണ്. മോദി ഭരണകൂടത്തിന്റെ നിയമവിരുദ്ധ നടപടിക്കെതിരെ കോണ്‍ഗ്രസും യു.ഡി.എഫും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും.

ലോകത്തെ നടുക്കിയ കേരളത്തിന്‍റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ദൂരദര്‍ശന്‍ അവരുടെ സോഷ്യല്‍ മീഡിയയില്‍ ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ഏറെ വിവാദമായ ഹിന്ദി ചിത്രം ആർഎസ്എസിന്റെ വർഗീയ പ്രൊപ്പഗാണ്ട ചിത്രമാണെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. ഏപ്രില്‍ അഞ്ചിന് രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യുമെന്നാണ് ദൂരദര്‍ശന്‍ അറിയിച്ചിരിക്കുന്നത്.

അദാ ശർമ്മയെ നായികയാക്കി സുദീപ്തോ സെൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം നിർമ്മിച്ചത് വിപുൽ അമൃത്‌ലാൽ ഷാ ആയിരുന്നു. ചിത്രം ആകെ ഇന്ത്യയില്‍ നിന്നും 225 കോടി നേടിയെന്നാണ് വിവരം. മെയ് 5നാണ് 'ദി കേരള സ്റ്റോറി' റിലീസായത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ചിത്രം സീ 5ലൂടെ ഒടിടിയില്‍ എത്തിയത്.

‘‘'കേരള സ്‌റ്റോറി' എന്ന സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം. അസത്യങ്ങളുടെ കെട്ടുകാഴ്ചയായ 'കേരള സ്‌റ്റോറി' പ്രദര്‍ശിപ്പിക്കുന്നതിലൂടെ മതേതര സമൂഹത്തിനുള്ളില്‍ ഭിന്നിപ്പുണ്ടാക്കുകയെന്ന തന്ത്രമാണ് മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ ഭരണകൂടം നടപ്പാക്കുന്നത്. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായി ലംഘനമാണ്. മോദി ഭരണകൂടത്തിന്റെ നിയമവിരുദ്ധ നടപടിക്കെതിരെ കോണ്‍ഗ്രസും യു.ഡി.എഫും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും.’’ സതീശൻ പറഞ്ഞു.

Post a Comment

أحدث أقدم